ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗമായ അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്നും താന്‍ നുണ പറഞ്ഞതാണെന്നും നിയമനത്തട്ടിപ്പുകേസില്‍ പരാതി നല്‍കിയ ഹരിദാസന്‍. അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞത് ബാസിത്തിന്റെ നിര്‍ദേശപ്രകാരമാണെന്നും പോലീസിന്റെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഹരിദാസന്‍ നിലപാട് മാറ്റി.
പൊലീസ് തന്നെ അറിയിച്ച വിവരം വെച്ചാണ് വാർത്തകൾ. ഇതോടെ ആരോഗ്യ മന്ത്രിയെ ഉൾപ്പെടെ കേസിൽ സംശയത്തിൻ്റെ നിഴലിൽ നിർത്തിയ മാധ്യമങ്ങൾ വെട്ടിലായി.
അഖില്‍ മാത്യു എന്നയാളിന് ഒരു ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നും ബാസിത്തിന്റെ നിര്‍ദേശമനുസരിച്ചാണ് അത്തരമൊരു കഥയുണ്ടാക്കിയതെന്നും ഹരിദാസന്‍ പറഞ്ഞാതായാണ് പെലസ് രേഖ. ഏപ്രില്‍ പത്തിന് ഉച്ചയ്ക്ക് ശേഷം മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന അനക്‌സ് 2 ന്റെ താഴെവെച്ച് അഖില്‍ മാത്യു എന്ന മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന് ഒരുലക്ഷം രൂപ നിയമനത്തിനുവേണ്ടി കൈക്കൂലി നല്‍കിയെന്നായിരുന്നു ഹരിദാസിന്റെ ആരോപണം. ഇത് ഏറ്റു പിടിച്ച് പ്രമുഖ മാധ്യമങ്ങൾ വിചാരണ ആരംഭിച്ചു. ആരോഗ്യ മന്ത്രിക്ക് എതിരായുള്ളത് ഈഗോയാണ് എന്നുവരെ സോഷ്യൽ മീഡിയയിൽ തുടർന്ന് ചർച്ച ഉയർന്ന് വന്നു.
വേട്ടയാടിയ മാധ്യമങ്ങൾ മൌനം
പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങളൊന്നുംതന്നെ പോലീസിന് ലഭിച്ചിരുന്നില്ല. ഹരിദാസനും ബാസിത്തും അവിടെ എത്തുന്ന ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിന് ലഭിച്ചത്.ആ ദൃശ്യങ്ങള്‍ കൂടി മുന്നില്‍വെച്ചുകൊണ്ടാണ് പോലീസ് ഹരിദാസനെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യല്‍ തുടരും.
അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആദ്യമൊഴി. പിന്നീട് ആളെ ഓര്‍മയില്ലെന്ന വാദത്തിലേക്കെത്തി. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെത്തണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹരിദാസന്‍ കൂടുതല്‍ അവധി ചോദിക്കുകയായിരുന്നു. ഒടുവില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ ഹരിദാസനെത്തി. പോലീസ് തുടങ്ങിയപ്പോൾ തന്നെ ഹരിദാസ് മൊഴി മാറ്റി എന്നാണ് റിപ്പോർട്ട്. ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിന് പണം നല്‍കിയെന്ന് ആരോപിച്ച ദിവസം നടന്ന സംഭവങ്ങളും അന്ന് കണ്ട വ്യക്തികളേയും ഓര്‍മയില്ലെന്നാണ് ഹരിദാസ് പറഞ്ഞിരുന്നത്.


