സമസ്തയ്ക്ക് അകത്തെ ചിലരുടെ സി.പി.എം സൌഹൃദത്തിൻ്റെ പശ്ചാത്തലത്തിൽ മുസ്‌ലിം ലീഗുമായി ഉണ്ടായ അസ്വസ്ഥത ഇരുസംഘടനകളും തമ്മിലുള്ള എക്കാലത്തെയും അകൽച്ചയിലേക്ക്. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നേരെ നടത്തിയ പരാമര്‍ശവും അതിനോടുള്ള സമസ്തയുടെ പ്രതികരണവും കാന്തപുരം സംഘത്തിൻ്റെ വേർപിരിയൽ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വളരുന്ന സൂചനകളാണ് നൽകുന്നത്.
മതസംഘടനകള്‍ അവരുടെ മേഖലയില്‍ നന്നായി പ്രവര്‍ത്തിക്കണം. അതിന് വിപരീതമായി സി.പി.എമ്മിനെ സഹായിച്ച് ആരെങ്കിലും തട്ടത്തിന് പിന്നിലൊളിച്ചാല്‍ ആ തട്ടം മാറ്റിക്കുമെന്നാണ് അവസാനം മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം മുന്നറിയിപ്പ് നൽകിയത്.
തട്ടത്തിൻ മറയത്തെ തുടക്കം
സി പി എം തന്നെ വെട്ടിലായ സംസ്ഥാന കമ്മിറ്റി അംഗം അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശത്തിന് തുടർച്ചയായാണ് രാഷ്ട്രീയ പക്ഷങ്ങളുടെ അടിയൊഴുക്ക് മേൽപ്പരപ്പിലേക്ക് എത്തിയത്. മതസംഘടനയായാലും സാംസ്‌കാരിക സംഘടനയായാലും ലീഗിന്റെ നിലപാട് പറയും. പറയുന്നത് ഒരു സംഘടനയ്ക്ക് എതിരല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരുപറഞ്ഞ് ചിലര്‍ സഖാക്കളെ സഹായിക്കാന്‍ അപ്പുറത്ത് പണിയെടുക്കുകയാണെന്നും പിഎംഎ സലാം ഉറപ്പിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
സലാമിന്റെ പ്രസ്താവന അതിര് കടന്നതാണെന്ന് സമസ്ത വിലയിരുത്തുന്നു. പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും പോഷക സംഘടനാ നേതാക്കളും പ്രതിഷേധം അറിയിച്ചിട്ടും തിരുത്തല്‍ നടപടികള്‍ക്ക് ലീഗ് തയ്യാറായിട്ടില്ല. ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശമെന്ന പി.എം.എ. സലാമിന്റെ വിശദീകരണം പാര്‍ട്ടി അംഗീകരിച്ചു. ഇതിനെതിരെ യുവനേതാക്കള്‍ നല്‍കിയ കത്ത് പാണക്കാട് സാദിഖലി തങ്ങള്‍ തള്ളുകയും ചെയ്തു.
പി.എം.എ. സലാമിനെതിരേ സമസ്ത മുശാവറ യോഗം നിലപാട് കടുപ്പിച്ചിരിക്കയാണ്. ജിഫ്രി തങ്ങൾക്കെതിരെയുള്ള പരാമര്‍ശത്തില്‍ സാദിഖലി തങ്ങളെ കണ്ട് പരാതിപ്പെടാന്‍ മുശാവറ യോഗം ചേർന്നാണ് തീരുമാനിച്ചിരുന്നത്. വിഷയത്തില്‍ സമസ്ത പരാതി നല്‍കിയിട്ടില്ലെന്ന് സാദിഖലി തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത നേതാക്കള്‍ നേരിട്ട് പരാതി നല്‍കാന്‍ തന്നെ തീരുമാനമാക്കിയത്. സലാമിന്റെ വിശദീകരണത്തോടെ വിവാദം അവസാനിച്ചുവെന്ന സാദിഖലി തങ്ങളുടെ നിലപാടിനെയും സമസ്ത മുശാവറ യോഗം തള്ളുകയും ചെയ്തിരിക്കയാണ്. കഴിഞ്ഞ ദിവസ ചേര്‍ന്ന സമസ്ത മുശാവറ യോഗത്തില്‍ സലാമിന്‍റെ പരാമര്‍ശത്തിലും അതിലെ ലീഗ് നിലപാടിലും വിമര്‍ശനം ഉയര്‍ന്നു.

സലാമിന്റെ പരാമര്‍ശം ശരിയായില്ലെന്ന് സമസ്തയിലെ ലീഗ് പക്ഷത്തുള്ളവര്‍ക്ക് പോലും അഭിപ്രായമുണ്ടായിരുന്നു എന്നാണ് വിശദീകരിക്കപ്പെടുന്നത്. ലീഗ് അനുഭാവിയായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഇത് പരസ്യമായി പറയുകയും ചെയ്തു. സലാമിനെ പാണക്കാട് തങ്ങള്‍ തിരുത്തുമെന്ന ധാരണ പാളി. തലയുള്ളപ്പോള്‍ വാല് ആടേണ്ടെന്ന സാദിഖലി തങ്ങളുടെ പ്രതികരണം വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുറന്നു കാട്ടി. ഇതോടെ സലാമിനെതിരെ സമസ്തയില്‍ ഉയര്‍ന്ന പ്രതിഷേധം ഇപ്പോള്‍ സാദിഖലി തങ്ങള്‍ക്കെതിരെ കൂടിയായിരിക്കയാണ്.
ഒരേ വേദിയിൽ പരസ്പരം
സമസ്തയെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ആരും നോക്കേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വേദിയിൽ ഇരിക്കെ ജിഫ്രി തങ്ങൾ തുറന്നടിച്ചിരുന്നു. അങ്ങനെ ശ്രമിച്ചാൽ അത് അപകടത്തിലേക്ക് ഉള്ള പോക്കാകും. സമസ്ത എന്നും നിലനിൽക്കേണ്ട പ്രസ്ഥാനമാണെന്നും തങ്ങൾ ഓർമ്മപ്പെടുത്തി.
പണ്ഡിതന്മാരുടെ വീഴ്ചയെ വേദനയോടെ ആണ് സമൂഹം കാണുക എന്ന് ലീഗധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വേദിയിൽ പറഞ്ഞിരുന്നു. ഈ പ്രസംഗമാണ് ജിഫ്രി തങ്ങളെ പ്രകോപിപ്പിച്ചത്. മലപ്പുറത്തെ പണ്ഡിതസമ്മേളനവേദിയിലാണ് സാദിഖലി തങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശമുണ്ടായത്.
സമസ്തയിലെ പുതുതലമുറയും നേർക്കു നേർ
പി.എം.എ. സലാമിനെതിരെ നല്‍കിയ കത്തില്‍ സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിയും എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഒപ്പുവെച്ചിട്ടുണ്ട്. ഇവരൊക്കെ ഞങ്ങളുടെ തലകള്‍ തന്നെയാണെന്നാണ് സാദിഖലി തങ്ങള്‍ക്ക് സമസ്ത കേന്ദ്രങ്ങളുടെ മറുപടി. മൈ മാസ്റ്റര്‍ ഹെഡ് എന്നെഴുതി ജമലുല്ലൈലി തങ്ങളുടെ ചിത്രം നല്‍കി മകന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. അന്തരിച്ച ഉമറലി ശിഹാബ് തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ക്ക് കോഴിക്കോട് ഖാസി പദവി നല്‍കുന്ന ചിത്രവും ഹൈദരലി തങ്ങളുടെ അസാന്നിധ്യം സൂചിപ്പിക്കുന്ന കാര്‍ഡുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒപ്പം സമസ്തയിലെ യുവാക്കള്‍ക്ക് നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന ജിഫ്രി തങ്ങളുടെ പഴയ പ്രസംഗവും മറുപടിയായി എത്തിയിട്ടുണ്ട്.
സലാമിനെതിരെ സമസ്ത യുവനേതാക്കള്‍ നല്‍കിയ പരാതി പ്രധാനമായും കുഞ്ഞാലിക്കുട്ടിക്ക് മുൻപിലേക്കാണ് എത്തിയത്. സി.ഐ.സി. വിഷയത്തില്‍ സാദിഖലി തങ്ങളോട് പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടാകാതിരുന്നതാണ് കത്ത് കുഞ്ഞാലിക്കുട്ടിക്ക് നല്‍കാനുണ്ടായ കാരണം. സാദിഖലി തങ്ങളെ ഇത് അസ്വസ്ഥപ്പെടുത്തിയത് വാർത്തയാണ്.
സമസ്തക്ക് വഴങ്ങേണ്ടെന്ന് ലീഗിലെ ഒരു പക്ഷം ശക്തമായി വാദിക്കുന്നുണ്ട്. ഒപ്പം പാണക്കാട് കുടുംബത്തിന് സമസ്തയില്‍ നേരത്തെയുണ്ടായിരുന്ന ആദരം ഇപ്പോള്‍ കിട്ടുന്നില്ലെന്ന ആവലാതിയുണ്ട്. സി.പി.എം. സഹകരണം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സമസ്ത സ്വന്തം വഴിയിലാണെന്ന അസ്വസ്ഥത ശക്തമാണ്.

സമസ്ത സ്വന്തം കാലിലേക്ക്
ജിഫ്രി തങ്ങള്‍ പ്രസിഡണ്ടായതോടെയാണ് സമസ്ത സ്വന്തം നിലയില്‍ തീരുമാനങ്ങളെക്കുന്നതിന് വേഗം കൂടിയത്. സമസ്തയുടെ പോഷക ഘടകങ്ങളെ ശാക്തീകരിച്ചു കൊണ്ടാണ് ഇതിന് പശ്ചാത്തലം ഒരുക്കിയത്. സമസ്തയെ ചൊൽപ്പടിയിലാക്കാൻ ലീഗ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. സമസ്ത സ്വന്തം നിലയില്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത് തടയാന്‍ ലീഗ് ശ്രമിച്ചു. വഹാബിസത്തിനെതിരെ സമസ്ത പ്രഖ്യാപിച്ച കാംപെയിന്‍ നിര്‍ത്തിവെക്കാന്‍ ലീഗ് കേന്ദ്രങ്ങളില്‍നിന്ന് സമ്മര്‍ദമുണ്ടായി. സമസ്ത മുഖപത്രമായ സുപ്രഭാതത്തിനെതിരെ പ്രചാരണം നടത്തി.
കാന്തപുരം പോയ പോലെയാകില്ല
സമസ്തക്ക് പ്രത്യേക രാഷ്ട്രീയ അനുഭാവം ഇല്ലെന്നാണ് സംഘടനയുടെ നിലപാട്. സംഘടനാപരമായി ശാക്തീകരിക്കപ്പെട്ട സമസ്തയോട് നേരിട്ട് ഏറ്റുമുട്ടുന്നത് പ്രയാസകരമായിരിക്കയാണ്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയ്ക്ക് ഇത് മുസ്ലീം ലീഗിൽ വലിയ ആശങ്ക നിറയ്ക്കുന്നുണ്ട്. 1989-ലും സമാന സാഹചര്യം ഉണ്ടായത് പഴയ നേതാക്കൾ ഓർമ്മപ്പെടുത്തുന്നുണ്ട് . കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സമസ്തയുടെ നേതൃത്വം കയ്യാളി. സമസ്തയെ ഇ കെ വിഭാഗമെന്ന് അടർത്തിയെടുത്താണ് ലീഗ് കൂടെ നിർത്തിയത്. തീവ്രനിലപാടുകൾ സൂക്ഷിച്ചിരുന്ന ഗ്രൂപ്പായിട്ടും സി.പി.എം അന്ന് കാന്തപുരം ഗ്രൂപ്പിനെ തുണച്ചു. അരിവാൾ സുന്നി എന്ന പ്രയോഗം ആ കാലഘട്ടത്തിൻ്റേതാണ്.
അന്നത്തേതിന് വ്യത്യസ്തമായി ജിഫ്രി തങ്ങളുടെ നിലപാടുകള്‍ക്കൊപ്പമാണ് ഇപ്പോള്‍ സമസ്തയിലെ ഭൂരിപക്ഷവുമുള്ളത്. ഇടക്കാലത്ത് കാന്തപുരം തന്നെ സമസ്ത ഒന്നിച്ച് നിൽക്കേണ്ടതാണ് എന്ന നിലയ്ക്ക് പ്രസ്താവനയുമായി രംഗത്ത് വന്നതും ഇതോടൊപ്പം കൂട്ടിവായിക്കുന്നവരുണ്ട്. മത യാഥാസ്ഥിതികതയുടെയും കടുത്ത പൌരോഹിത്യത്തിൻ്റെയും പക്ഷത്ത് കാന്തപുരം ഒരു ഭാഗത്തെ എത്തിച്ചപ്പോൾ സി പി എം അവരെ കൂടെ നിർത്തുന്ന കാഴ്ചയായിരുന്നു.


