കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഉളിക്കലിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനാവാതെ വനംവകുപ്പ്. നിരവധി തവണ പടക്കം പൊട്ടിച്ച് കാട്ടാനയെ കശുമാവിന്‍ തോട്ടത്തിലെ വിജനമേഖലയിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
ഉളിക്കൽ ടൗണിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിയും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഉളിക്കലിലെ വയത്തൂര്‍ ജനവാസ മേഖലയിലാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. കാട്ടാനയെ പകല്‍ കാട്ടിലേക്ക് തുരത്തുക ബുദ്ധിമുട്ടാണെന്നാണ് വനംവകുപ്പ് പറയുന്നത്. പത്തു കിലോമീറ്റര്‍ ദൂരത്തിലായാണ് വനം. വൈകിട്ടോടെ തന്നെ കാട്ടിലേക്ക് തുരത്താനാവുമോ എന്നായിരുന്നു ആലോചന.
കാട്ടാനയിറങ്ങിയതിനെതുടര്‍ന്ന് ഉളിക്കലിലെ കടകൾ അടയ്ക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. വയത്തൂർ വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്കൂളുകൾക്കും അവധിയും നല്‍കി. ഉളിക്കലിലെ 9 മുതൽ 14 വരെയുള്ള വാർഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിർത്തിവച്ചു. ഏറ്റവും അധികം ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്ന മേഖലായണ് ഇത്. ഇതു മൂലം നിരന്തരം വാഹന ഗതാഗതവും ഉണ്ട്.
വെടിവെക്കാനും തുരത്താനും കഴിയാതെ
ജനവാസ മേഖലയിലൂടെ കാട്ടാനയെ തുരത്തുക വെല്ലുവിളിയാണ്. ജനവാസ മേഖലയായതിനാൽ ആനയെ പകൽ സമയം തുരത്തുക പ്രായോഗികമല്ലെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. രാത്രിയില്‍ കാട്ടാനക്ക് സഞ്ചാര പാത ഒരുക്കാനാണ് അധികൃതരുടെ ശ്രമം. ഉളിക്കലില്‍നിന്ന് ഇരിട്ടിയിലേക്കുള്ള പ്രധാന പാതയോട് ചേര്‍ന്നുള്ള ലത്തീന്‍ പള്ളിക്ക് സമീപത്തെ പറമ്പിലാണ് ആന ആദ്യം ഭീതി വിതച്ചത്.
ഇവിടെനിന്ന് പടക്കം പൊട്ടിച്ച് സമീപത്തെ കശുമാവിന്‍ തോട്ടത്തിലേക്ക് ആനയെ തുരത്തിയെങ്കിലും വീണ്ടും ജനവാസ കേന്ദ്രത്തിലെത്തുകയായിരുന്നു. മയക്കുവെടിവെക്കാനുള്ള സാധ്യതയും പരീക്ഷിക്കാനാവില്ല. മയക്കുവെടിയേറ്റാല്‍ ആന ജനവാസകേന്ദ്രങ്ങളിലേക്ക് ഓടാന്‍ സാധ്യതയുണ്ട്. സ്ഥലത്തേക്ക് ആളുകള്‍ എത്തുന്നത് വിലക്കിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനയെ ഇവിടെ കണ്ടെത്തിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് ആദ്യം കണ്ടത്. കാട്ടാനയെ മയക്കുവെടിവെക്കണമെന്നും അല്ലെങ്കില്‍ അടിയന്തരമായി കാട്ടിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പുലര്‍ച്ചെ കൃഷി ഭവന് സമീപത്തെ കശുമാവിൻ തോട്ടത്തിലാണുണ്ടായിരുന്നത്. പിന്നീട് മാര്‍ക്കറ്റിന് സമീപത്തേക്ക് പോവുകയായിരുന്നു.


