നമ്മൾ ആദ്യമായി കാണുമ്പോൾ
അവിടെ കുറേപേരുണ്ടാകും.
നീയൊഴികെ എന്നെ ആരും ശ്രദ്ധിക്കില്ല.
നമ്മൾ കുറേ സംസാരിക്കും.
കൂടെകൂട്ടാൻ ഞാൻ വാശിപിടിക്കും.
നീ സമ്മതിക്കില്ല.
നീറിനീറി ചാരമാകുംവരെ നിന്നോട് ഞാൻ കെഞ്ചും.
അപ്പോഴും നീ ചിരിച്ചുകൊണ്ട് എന്നെ തടയും.
വെളുക്കുംവരെ നിന്നോട് ദേഷ്യം വെയ്ക്കും.
കരയാൻ മറക്കുന്നതുവരെ കരയാൻ
എനിക്കത് വേണം.
നിന്നെ തിരയാൻ എനിക്കിതുവരെ
ഒരു ഇടമുണ്ടായിരുന്നു.
അവിടേക്ക് ഞാൻ എത്തിയാൽ
എങ്ങനെ നിന്നെ ഞാൻ അന്വേഷിക്കും..?
നിന്നെ കണ്ടു മുട്ടാതിരുന്നാൽ മതിയായിരുന്നു.
ഈ നീറ്റൽ എനിക്ക് പറ്റുന്നില്ല.
ലോകത്തെ ഏറ്റവും വലിയ ബഹുമാനം
കണ്ടെത്തിയിരിക്കുന്നത്
തിരിച്ചുവരവിലെ മിണ്ടലുകളിലാണ്.
സ്വന്തമെന്ന് വിശ്വസിച്ച് കണ്ടുതീർത്ത
കടലും ആകാശവും നമ്മളറിയാതെ
ചായംകൂട്ടിയ പ്രണയത്തിന്റെ
ഇളംനീലനിറമുള്ള ഒരിടത്തിലാണ്
നിന്നിലേക്കുള്ള എന്റെ കാത്തിരിപ്പുകൾ
അവസാനിച്ചത്.
പേരില്ലായ്മയുടെ അകലത്തിൽ
നാം ഉയർത്തിയ ബന്ധത്തിന്റെ ഇടയിൽ
ഇത്രയും നാൾ പെയ്ത മഴകൾ നനഞ്ഞ
ഒരാളുടെ പേരെന്താണോ അതാണ്
യഥാർത്ഥത്തിൽ നമ്മൾ.
കുടയില്ലാത്ത ആ ഒരാൾ നമ്മളോട്
മിണ്ടാൻ തുടങ്ങുമ്പോൾ
ഞാൻ തനിച്ചായിരിക്കും.
ആകാശത്തിനും കടലിനും
ഇടയിലുള്ള നേർത്ത വരയിൽ നീ
കോർത്തിട്ട നമ്മുടെ കഥയിലെ
വരികളിൽ അയാൾ
അക്ഷരപിശകുകൾ വരുത്തും.
അടുക്കിവെക്കുംതോറും
മോശമായിക്കൊണ്ടിരിക്കുന്ന ആ
പിശകുകകൾ എത്രയെഴുതിയാലും
തെളിയാത്ത കടലാസിൽ ഞാൻ
എഴുതുമ്പോൾ നമ്മളില്ലാത്ത
ആദ്യത്തെ മഴ എന്റെ
ചെവികളെ മൂടും.
നമ്മളിലേക്ക് നീ കടത്തിവിട്ടയാൾ
എനിക്കായുള്ള ഇടങ്ങളിൽ വെയിൽ
വീഴ്ത്താൻ ശ്രമിക്കുമ്പോൾ
ജനലുകൾ പാതിയടഞ്ഞുകൊണ്ട്
നിന്നെ ശപിക്കും.
നിന്റെ നാളെകളുടെ ജീവൻ
എന്റെ ഒരു തിരയുടെ ആയുസ്സിനപ്പുറം
നിലനിൽക്കുന്നതല്ലെന്ന് നീ
മനസ്സിലാക്കും.
കണ്ണീരിന് കൂട്ട് മനസ്സറിയുന്ന
ഒരു തോളെല്ലിനെ പുതച്ച
ചൂടുള്ള ചോരയും
കുറച്ച് ഞരമ്പുകളുമാണെന്ന്
നീ ആരോടൊക്കെയോ അടക്കം പറയും.
കാൽവിരലുകൾ
നിലത്തുറപ്പിക്കാനാവാത്തവിധം കുഴയുമ്പോൾ
നിന്റെ മനമാകെ
ഒരു നോട്ടംകൊണ്ടുപോലും
ഇതുവരെ വേദനിപ്പിക്കാത്ത
ഞാനല്ലാതെ വേറെ ആരുമാകില്ല.
ഇത് പ്രണയമല്ലെന്ന് നീ അപ്പോഴും
എന്നോട് ഉരുവിടണം.
ആ ഒരു ഉറപ്പിനായാണ് ഞാനിപ്പോഴും
ഈ ലോകം മുഴുവൻ തേടിയലയുന്നത്..
നിനക്കറിയാമോ, നീ എന്റെ
ആരുമല്ലാത്ത എല്ലാമാണ്.
അതുമാത്രമാണ്.