പഴയ രചന എന്ന് പരിചയപ്പെടുത്തിയ ഗർബ നർത്തകാർക്കായുള്ള വരികൾ ഹിറ്റായതോടെ വീണ്ടും കവിതയുമായി നരേന്ദ്ര മോഡി. നവരാത്രിയുടെ ഭാഗമായി നർത്തകർക്കായി പ്രധാനമന്ത്രി രചന നിര്‍വഹിച്ച പുതിയ ഗാനമാണ് ഇപ്പോൾ വാർത്തകളിലെ തരംഗം. ‘മാദി’ എന്ന പുതിയ ഗര്‍ബ ഗാനം ദിവ്യ കുമാറാണ് ആലപിച്ചത്. മീറ്റ് ബ്രോസിന്റേതാണ് സംഗീതം. പാട്ട് യൂട്യൂബിലും ട്വിറ്ററിലും മോഡി പങ്കുവെച്ചു.
ശുഭകരമായ നവരാത്രി നമുക്കു മുന്നില്‍ വരുമ്പോള്‍, കഴിഞ്ഞ ആഴ്ചയില്‍ സ്വന്തമായെഴുതിയ ഒരു ഗര്‍ബ പാട്ട് പങ്കുവയ്ക്കുന്നതില്‍ സന്തോഷിക്കുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു.
നാല് മിനിറ്റ് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനം, ഗുജറാത്തി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. വഡോദരയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയും ഗാനദൃശ്യങ്ങളില്‍ പശ്ചാത്തലമായി വരുന്നുണ്ട്.

ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപമാണ് ഗര്‍ബ. തിരുവാതിര കളിയോട് സാദൃശ്യമുള്ള നൃത്ത രൂപമാണിത്. വ്യത്യസ്തമായ രീതിയിൽ വർണശബളമായ വസ്ത്രം ധരിച്ചായിരിക്കും സ്ത്രീകൾ ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത്. നവരാത്രി നാളുകളിലാണ് ഗുജറാത്തി സ്ത്രീകൾ ഗർബ നൃത്തം ചെയ്യുന്നത്. നവരാത്രി-ദുർഗ പൂജ ആഘോഷങ്ങൾ നടക്കുന്ന പന്തലുകളിൽ രാത്രി സമയത്താണ് ദുർഗ ദേവിയെ സ്തുതിച്ചുകൊണ്ട് ഗർബ നൃത്തം അരങ്ങേറുക. വഡോദരയിലെ ഗർബ പന്തലുകൾ വളരെ പ്രശസ്തമാണ്.
ഗർബ കാണാൻ എത്തുന്നവരെ തിരിച്ചറിയാൻ തിലകം ചാർത്തണം. കയ്യിൽ ചരട് കെട്ടണം, ആധാർ കാർഡുകൾ പരിശോധിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉയർത്തി ഈ കലാരൂപത്തെ രാഷ്ട്രീയ വൽക്കരിക്കുന്നത് ഇതിനിടെ വാർത്തയായിരുന്നു.
വര്‍ഷങ്ങള്‍ക്കുമുന്‍പ് മോദി രചിച്ച ഗാനം ജസ്റ്റ് മ്യൂസിക് യൂട്യൂബ് ചാനലില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ധ്വനി ബാനുഷാലി ആലാപനവും തനിഷ് ബാഗ്ചി സംവിധാനവും നിര്‍വഹിച്ച ഗര്‍ബ ഗാനമാണിത്.
ഗർബ നൃത്തം കേന്ദ്ര പ്രമേയമായി സ്ത്രീ സ്വാതന്ത്രം ചർച്ച ചെയ്യുന്ന അഭിഷേക് ഷാ സംവിധാനം ചെയ്ത ഹെല്ലാരോ എന്ന ചലച്ചിത്രം വലിയ സ്വീകര്യത നേടിയിരുന്നു. പാട്ടും നൃത്തവും വർണ്ണ ഭംഗിയും ചേർന്ന ഹെല്ലാരോയ്ക്ക് ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഗർബയുടെ ഭംഗം വ്യക്തമാക്കുന്ന ഫിലിമാണിത്.