വിഖ്യാത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയി (83) യും ഭാര്യ വഹീദ മൊഹമ്മദീഫാറും കൊല്ലപ്പെട്ടു. സന്തം വീട്ടിനകത്ത് കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴുത്തിൽ മുറിവേറ്റ നിലയിൽ ഇരുവരുടേയും മൃതദേഹങ്ങൾ കാണപ്പെടുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2015ല്‍ ഇരുപതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്ര സംഭവാനയ്ക്കുള്ള പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു.
ടെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ദാരിയുഷും വഹീദയും താമസിക്കുന്നത്. സംവിധായകന്റെ മകൾ മോണാ മെഹറുജി പിതാവിനെ കാണാൻ ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹങ്ങൾ കണ്ടത്. ഇവരാണ് വിവരം പോലീസിൽ അറിയിച്ചത്. ജീവന് ഭീഷണിയുള്ളതായി വഹീദ ഈയിടെ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിരുന്നു..

1970 ൽ ആരംഭിച്ച ഇറാനിയൻ ന്യൂ വേവ് പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗമാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ‘ദി കൗ’ ഈ പ്രസ്ഥാനത്തിൽ പുറത്തു വന്ന ആദ്യ ചിത്രമായാണ് പരിഗണിക്കപ്പെടുന്നത്. ഇറാനില്‍ നിന്നുള്ളതും പുറത്തുള്ളതുമായ സാഹിത്യത്തിൽ നിന്നും നോവലുകളിൽ നിന്നും നാടകങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടതാണ് അദ്ദേഹത്തിന്റെ മിക്ക സിനിമകളും.
ഇറാനിയൻ സിനിമയിൽ റിയലിസം, പ്രതീകാത്മകത, കലാമൂല്യത്തിനൊപ്പം വൈകാരികതയും സൂക്ഷ്മബോധവുമെല്ലാം മെഹർജുയി അവതരിപ്പിച്ചു.
1960-കളിൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നായിരുന്നു സിനിമാ പഠനം.1998 -ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 -ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു. 1969-ൽ പുറത്തിറങ്ങിയ ദ കൗ എന്ന ചിത്രമാണ് ഏറ്റവും പ്രശസ്തമായിട്ടുള്ളത്.
