Saturday, February 21, 2026

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെ മുന്നറിയിപ്പുമായി എസ് കെ എസ് എസ് എഫ്

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പരസ്യമായി രംഗത്ത്. ചില സമസ്ത നേതാക്കള്‍ക്കെതിരായ പിഎംഎ സലാമിൻ്റെ പരാമർശമാണ് പുതിയ പ്രകോപനം. കേരളത്തിലെ മുസ്ലീം ഗ്രൂപ്പുകൾക്ക് ഇടയിലെ വിശ്വസപരമായ വ്യത്യാസങ്ങളും അതേ സമയം കക്ഷി രാഷ്ട്രീയ സമീപനങ്ങളിലെ വ്യത്യാസവും കൂടിക്കുഴഞ്ഞാണ് പ്രശ്നം വളരുന്നത്.

പി.എം.എ സലാം സമുദായത്തില്‍ ഛിദ്രതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ അടിയന്തിരമായി നിയന്ത്രിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രൂക്ഷ വിമര്‍ശനവുമായി സമസ്ത വിദ്യാര്‍ഥി വിഭാഗം മുന്നറിയിപ്പും നൽകി. എത്ര ഉന്നതനായാലും സമസ്തക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ വന്നാല്‍ അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നാണ് അറിയിച്ചത്.

‘ആദ്യം സമസ്ത അധ്യക്ഷനെ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് അദ്ദേഹം അവഹേളിച്ചു. ഇപ്പോള്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളേയും അവഹേളിച്ചിരിക്കുന്നു. കുഴപ്പമുണ്ടാകുമ്പോള്‍ ഒപ്പിടുന്നയാള്‍ എന്നാണ് അദ്ദേഹം തങ്ങളെ അധിക്ഷേപിച്ചത്. സമസ്തയോടുള്ള അദ്ദേഹത്തിന്റെ വിരോധമാണ് ഇത്തരം അധിക്ഷേപങ്ങളിലൂടെ പുറത്തുവരുന്നത്. സമസ്തയും മുസ്ലിം ലീഗും കാലങ്ങളായി നിലനിര്‍ത്തിപ്പോരുന്ന സൗഹൃദത്തെ തകര്‍ക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വ്വം കാണേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു.

‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്’ പത്രത്തിന് പി.എം.എ സലാം നല്‍കിയ അഭിമുഖത്തിലെ പരമാര്‍ശത്തിനെതിരെയാണ് എസ്.കെ.എസ്.എസ്.എഫ് കൂടുതൽ പ്രകോപിതമായത്.

സമസ്തയെ മറയാക്കി ലീഗിനെ വിമർശിക്കുന്നവർക്കെതിരെ മൗനം പാലിക്കില്ല. സമസ്ത നേതാക്കൾ പലരും ലീഗ് വിരുദ്ധരാണ്. ലീഗിനെ പൊതുയോഗത്തിൽ വിമർശിച്ചവരുണ്ട്. ഇതിനെല്ലാം തെളിവ് നിരത്താനുണ്ട്. സമസ്തയിലെ ചില പ്രധാനികളെ സിപിഐ എം കൈയിലെടുത്തിട്ടുണ്ടെന്നും- -അഭിമുഖത്തിൽ സലാം പറഞ്ഞു.

ലീഗിനെതിരെ പ്രസംഗിച്ചവരെപ്പറ്റി സമസ്ത നേതൃത്വത്തെ നേരത്തെ ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ, തിരുത്തിയിട്ടില്ല. സമസ്തയിലെ പദവി ഉപയോഗിച്ച് ലീഗിനെതിരെ പറഞ്ഞാൽ വിമർശിക്കാൻ അവകാശമുണ്ട്. മുശാവറ അംഗങ്ങളടക്കം മതരംഗത്ത് പ്രവർത്തിക്കുന്നതിന് പകരം രാഷ്ട്രീയം പറയുകയാണ്. സമസ്ത നേതാക്കളുടെ പേര് പറയാതെയാണ് താൻ വിമർശിച്ചത്. അത് വിവാദമാക്കിയത് മുശാവറയിലെ ലീഗ് വിരുദ്ധരാണ്.

‘‘ഞാൻ സമസ്ത വിശ്വാസിയല്ല. ജനറൽ സെക്രട്ടറിമാരടക്കം സമസ്തക്കാരല്ലാത്ത നേതാക്കൾ മുമ്പും ലീഗിലുണ്ടായിട്ടുണ്ട്. ലീഗിൽനിന്ന് ഞാൻ രണ്ടുതവണ പുറത്തുപോയിട്ടുണ്ട്. അത് തെറ്റോ കുറ്റമോ ആയി കാണുന്നില്ല. എന്നെപ്പറ്റിയുള്ള സമസ്തയുടെ പ്രചാരണത്തിന് മറുപടി പറയാനറിയാം. ജനറൽ സെക്രട്ടറിയായതിനാൽ പറയുന്നില്ല. സാദിഖലി തങ്ങളെ പാണക്കാടുവന്ന് കാണുന്നത് കീഴടങ്ങലാണെന്നും പറയാം’’-–- അഭിമുഖത്തിൽ അദ്ദേഹം തുടർന്നു.

അൽപം കൂടുന്നുണ്ട്

എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റ് ആരാണെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ലെന്നായിരുന്നു സലാമിന്റെ പരാമര്‍ശം. സലാമിന് ‘അല്‍പ്പം കൂടുന്നുണ്ട്, പാകത്തിന് മതി’ എന്ന് ഇതിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റശീദ് ഫൈസി പ്രതികരിച്ചു.

‘എസ്.കെ.എസ്.എസ്.എഫിന് ആദരണീയരായ സാദിഖലി ശിഹാബ് തങ്ങള്‍ പതിനാല് വര്‍ഷം പ്രസിഡന്റ് സ്ഥാനം വഹിച്ചു. ശേഷം അബ്ബാസലി ശിഹാബ് തങ്ങള്‍ ഈ പ്രസ്ഥാനത്തെ നയിച്ചു. ഇപ്പോള്‍ ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്നു. മൂന്നു പേരും ഇപ്പോഴും ഞങ്ങള്‍ക്ക് നേതാക്കള്‍ തന്നെയാണ് അദ്ദേഹം എഫ് ബിയിൽ കുറിച്ചു.

സലാമിൻ്റേത് വഹാബിസമാണ് എന്നാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് വിശേഷിപ്പിച്ചത്.

അതേസമയം ലീഗ് – സമസ്ത തര്‍ക്കത്തില്‍ പരസ്യമായുള്ള പ്രതികരണങ്ങള്‍ വേണ്ടെന്നും, പി.എം.എ സലാമിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നും മുസ്ലിം ലീഗ് മലപ്പുറത്ത് ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ തീരുമാനമായി. രൂക്ഷ പ്രതികരണങ്ങള്‍ ഇരുഭാഗവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കും എന്ന വിലയിരുത്തലിലാണ് തീരുമാനം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...