വി എസ് അച്യൂതാനന്ദൻ്റെ നൂറാം പിറന്നാൾ ആഘോഷത്തിൽ അദ്ദേഹത്തിൻ്റെ പി.എ ആയിരുന്ന എ സുരേഷിന് പാർട്ടി വിലക്ക്. പാലക്കാട് മുണ്ടൂരിൽ ഒരുക്കുന്ന പിറന്നാളാഘോഷത്തിലാണ് വിലക്കേർപ്പെടുത്തിയത്. വിഎസിന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷിനെ ആദ്യം പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.
പിന്നീട് പരിപാടിയിൽ നിന്നൊഴിവാക്കുകയായിരുന്നു. പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകർ സുരേഷിനെ അറിയിക്കുകയായിരുന്നു. ഇതാണ് വിവാദമായത്.

പരിപാടിക്കായി ആദ്യമിറക്കിയ പോസ്റ്ററിൽ സുരേഷിന്റെ പേരുണ്ടായിരുന്നു. പിന്നീട് പേരൊഴിവാക്കി. പരിപാടിക്ക് വരേണ്ടതില്ലെന്ന് സംഘാടകർ സുരേഷിനെ അറിയിക്കുകയായിരുന്നു. പാർട്ടി അനുഭാവികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഒരു കാലത്ത് പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. പത്തുദിവസം മുന്‍പാണ് ക്ഷണിച്ചത്. രണ്ടുദിവസം മുന്‍പ് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചത് വ്യക്തിപരമായി ഏറെ പ്രയാസമുണ്ടാക്കി. പാര്‍ട്ടിയില്‍നിന്ന് പുറത്തായിട്ടും താന്‍ പാര്‍ട്ടിവിരുദ്ധനായിട്ടില്ലെന്നും സുരേഷ് ഓർമ്മപ്പെടുത്തി.


