തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ആർ.എസ്.എസിന്റെയും തീവ്രാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും കൂട്ടായ്മകളും ആയുധപരിശീലനവും നിരോധിച്ചു. ആർ.എസ്.എസ്.പോലുള്ള സംഘടനകളുടെ മാസ്ഡ്രിൽ, ശാഖകൾ, കൂട്ടായ്മകൾ, ആയോധനപരിശീലനം എന്നിവ നടക്കുന്നുണ്ടോയെന്നത് കണ്ടെത്താൻ ദേവസ്വം വിജിലൻസിനോട് രാത്രിയിലും മിന്നൽപ്പരിശോധന നടത്താനും നിർദ്ദേശം നൽകി.
ആർ.എസ്.എസ്. പ്രവർത്തനം നേരത്തേ നിരോധിച്ചതാണെങ്കിലും ലംഘിക്കുന്നതിനെത്തുടർന്നാണ് വീണ്ടും വിലക്കും നടപടികളും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടാകുന്നതായും ബോർഡ് കണ്ടെത്തി. ക്ഷേത്രങ്ങളുടെ പരിപാവനത നശിപ്പിച്ച് ഇത്തരം സംഘടനകൾ രാഷ്ട്രീയ വേദിയാക്കിമാറ്റുന്നതായി ഏറെ കാലമായി ആക്ഷേപമാണ്.
ബോർഡിനെതിരേ നാമജപഘോഷം എന്നോ മറ്റേതെങ്കിലും പേരിലോ ക്ഷേത്രഭൂമിയിൽ ഉപദേശകസമിതികൾ ഉൾപ്പെടെ പ്രതിഷേധയോഗം നടത്തുന്നതും നിരോധിച്ചു. ഇത് ലംഘിച്ചാൽ നിയമനടപടികളെടുക്കും.
ക്ഷേത്രവുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങൾ, ഫ്ലക്സുകൾ, കൊടിതോരണങ്ങൾ, രാഷ്ട്രീയ, സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം.
ഉപദേശകസമിതികൾ അച്ചടിക്കുന്ന നോട്ടീസുകൾ, ലഘുലേഖകൾ എന്നിവയുടെ കരട് ദേവസ്വം അസി. കമ്മിഷണർ അംഗീകരിച്ചശേഷമേ അച്ചടിച്ച് വിതരണം ചെയ്യാവൂ. തീവ്രാശയമുള്ള സംഘടനകൾ ക്ഷേത്രഭൂമിയിൽ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ മേൽശാന്തിമാർ ഉൾപ്പെടെയുള്ളവർ ദേവസ്വം ഉദ്യോഗസ്ഥരെ അറിയിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. ഉപദേശകസമിതികളല്ലാതെ മറ്റ് സംഘടനകൾക്ക് ക്ഷേത്രത്തിൽ പ്രവർത്തിക്കാനാവില്ല.
രാഷ്ട്രീയ, സാമുദായിക സംഘടനകളുടേതിന് സമാനമായ ഏകവർണത്തിലുള്ള കൊടിതോരണങ്ങൾ ഉത്സവങ്ങൾക്ക് ക്ഷേത്രത്തിലോ പരിസരത്തോ സമീപത്തെ പൊതുസ്ഥലത്തോ കെട്ടുന്നതും വിലക്കി.