കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കിയിരുന്നു.
പതിനഞ്ച് വർഷത്തിലേറെ കാലം ദുബായിൽ ജോലി ചെയ്ത ആളാണ് മാർട്ടിൻ. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യണം. ഇക്കാര്യങ്ങൾക്ക് ചൂണ്ടികാട്ടിയാണ് പൊലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്.
സ്ഫോടന വസ്തുക്കൾ മാർട്ടിൻ പല സ്ഥലങ്ങളിൽ നിന്നാണ് മാർട്ടിൻ വാങ്ങിയത്. ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിച്ചത്? അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്.
അതേ സമയം അഭിഭാഷകൻ വേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതി ഡൊമിനിക് മാർട്ടിൻ. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോഗ്യവാനാണെന്നും ഇയാൾ പറഞ്ഞു. അടുത്ത പതിനഞ്ചാം തീയതി വരെയാണ് കോടതി മാർട്ടിനെ കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്. വൈദ്യപരിശോധന നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് ഇയാളെ കോടതിയിലെത്തിച്ചത്. മാർട്ടിന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കയാണ്.
മരണം നാലായി

കളമശ്ശേരി സ്ഫോടനത്തിൽ മരണം നാലായി. കളമശ്ശേരി സ്വദേശി മോളി ജോയ് (61)ആണ് മരിച്ചത്. രാവിലെ 6.30 നായിരുന്നു അന്ത്യം. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബ്നയുടെ സംസ്കാര ചടങ്ങുകൾ നാലിനാണ് നടന്നത്. ലിബ്നയുടെ സഹോദരൻമാരും അമ്മയും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്. മൃതദേഹം ഇവരെ കാണിക്കാൻ അഞ്ചു ദിവസം കാത്തെങ്കിലും ഫലമുണ്ടായില്ല. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.


