ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ചന്ദ്രശേഖരന്‍ എന്ന ആനയുടെ രണ്ടാം പാപ്പാന്‍ എ.ആര്‍. രതീഷാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ആനക്കോട്ടയിൽ നിന്ന് പുറത്തിറക്കിയ ആനയ്ക്ക് വെള്ളം കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം. അക്രമമുണ്ടായ ഉടൻ തന്നെ രതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
26 വർഷമായി ചങ്ങലയിൽ കഴിഞ്ഞ ആന
ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ രതീഷിനെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വഭാവദൂഷ്യത്തിന്റെ പേരിൽ 26 വർഷമായി ചന്ദ്രശേഖരനെ ഗുരുവായൂരിലെ ആനത്താവളത്തിലെ ചങ്ങലക്കുരുക്കിൽ തളച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ചന്ദ്രശേഖരനെ അഴിച്ച് ക്ഷേത്രത്തിൽ എത്തിച്ചിരുന്നു.

മരണം താത്ക്കാലിക ചുമതലയ്ക്കിടെ
കെട്ടു തറയിൽ തളച്ചിരുന്ന കൊമ്പൻ ചന്ദ്രശേഖരനെ വൃത്തിയാക്കുന്നതിനായി രതീഷ് പിന്നിലൂടെ ആനയുടെ പുറത്ത് കയറുമ്പോൾ തുമ്പികൈ കൊണ്ട് പാപ്പാനെ എടുത്ത് തറയിൽ ഇട്ട് കുത്തുകയായിരുന്നു. പിന്നീട് ചവിട്ടുകയും മസ്തകം കൊണ്ട് ഞെരിച്ച ശേഷം എടുത്ത് എറിയുകയായിരുന്നു.
ഉടൻ തന്നെ മറ്റു പാപ്പാൻ മാർ ചേർന്ന് ആശുപത്രിയിൽ എത്തിചെങ്കിലും മരിച്ചിരുന്നു. ഒന്നാം പാപ്പാൻ അവധിയായിരുന്നതിനാലാണ് രതീഷ് ചുമതലയേറ്റത്
ഇതിന് മുമ്പും സമാനമായ പ്രശ്നങ്ങൾ സൃഷ്ടിച്ച ആനയായിരുന്നു ചന്ദ്രശേഖരൻ. വിവിധ സംഭവങ്ങളിൽ മൂന്ന് തവണ മയക്കുെവെടി ഏറ്റിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിന്റെ സമീപത്തും ആന പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണ് മുൻ പാപ്പാന്മാർ പറയുന്നത്.
ആക്രമണ വാസന തീരാതെ അറുപത് പിന്നിട്ട ചന്ദ്രശേഖൻ
കഴിഞ്ഞദിവസം ക്ഷേത്രത്തിലെത്തിച്ച ചന്ദ്രശേഖരന് നിവേദ്യച്ചോറും മറ്റും നൽകിയിരുന്നു. പരിശീലനം നൽകിയ ശേഷം ഏകാദശി ഉത്സവത്തിന് ചന്ദ്രശേഖരനെ എഴുന്നള്ളിക്കാൻ ദേവസ്വം പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് ആനയുടെ ആക്രമണത്തിൽ പാപ്പാന് ജീവൻ നഷ്ടമായിരിക്കുന്നത്. 1970 ജൂൺ മൂന്നിന് ബോംബെ സുന്ദരം എന്നയാളാണ് ചന്ദ്രശേഖരനെ ഗുരുവായൂർ ക്ഷേത്രത്തിന് കൈമാറിയത്. ഇപ്പോൾ 60 വയസാണ് പ്രായം.
പുന്നത്തൂർ കോട്ടയിലെത്തിയതിന്‍റെ പുതുമ മാറുംമുമ്പേ ആന അക്രമസ്വഭാവങ്ങൾ കാട്ടിത്തുടങ്ങിയിരുന്നു. എഴുന്നള്ളിപ്പുകൾക്കിടെ പതിവായി ഇടയുകയും കണ്ണിൽ കണ്ടതൊക്കെ നശിപ്പിക്കുകയും ചെയ്തു. 1990-ല്‍ ചട്ടക്കാരൻ കെ.സി. രാജനെ നെഞ്ചിൽ കുത്തി ഗുരുതരമായ പരിക്കേൽപ്പിതോടെ ഗുരുവായൂർ ആനക്കോട്ടയിലെ കരിമ്പട്ടികയിലായിരുന്നു.
ആനപ്രേമികള്‍ ചന്ദ്രശേഖരന് കൃത്രിമ കൊമ്പ് ഘടിപ്പിച്ചു നല്‍കാമെന്ന് ഏറ്റിരുന്നു. ഒരിക്കൽ മദപ്പാടിനിടെ നഷ്ടമായ കൊമ്പാണ്. കുറവ് മാറുന്നതോടെ ചന്ദ്രശേഖരന്‍ പുറം എഴുന്നള്ളിപ്പുകളിലും സജീവമാകും എന്ന് പ്രഖ്യാപിച്ചിരുന്നു. മികച്ച പരിപാലനം നല്‍കി ചന്ദ്രശേഖരനെ പുറത്ത് എത്തിച്ചതിന് ഒന്നാം പാപ്പാന്‍ കെ.എന്‍. ബൈജു, രണ്ടാം പാപ്പാന്‍ കൊല്ലപ്പെട്ട എ.ആര്‍. രതീഷ്, മൂന്നാം പാപ്പാന്‍ കെ.കെ. ബിനേഷ് എന്നിവരെ ദേവസ്വം ആദരിച്ചിരുന്നു.


