തിരുവനന്തപുരം സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയെ തുടർന്ന് ആശങ്ക. സംസ്ഥാന പോലീസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ ഫോണ്‍ സന്ദേശം വന്നത്. സെക്രട്ടേറിയറ്റും പരിസരവും പോലീസ് അരിച്ചു പെറുക്കി. ഉച്ചയോടെ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി.
സന്ദേശം വ്യാജമെന്ന് കണ്ടെത്തിയതായി പിന്നീട് പോലീസ് അറിയിച്ചു. വിളിച്ചയാളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി നിധിന്‍ എന്നയാളാണ് വിളിച്ചത്. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണ് എന്ന് പറയുന്നു. പൊഴിയൂർ ഉച്ചക്കട സ്വദേശിയാണ്.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അന്നും പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് കണ്ടെത്തി. ഏഴാം ക്ളാസ് വിദ്യാര്‍ഥിയായ മകനാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചു
ചീത്ത വിളിക്ക് ശേഷം മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഏഴാംക്ലാസുകാരന്റെ ഭീഷണി. ഏഴാംക്ലാസ് വിദ്യാര്‍ഥിയായതിനാല്‍ തന്നെ പൊലീസ് മറ്റ് നിയമനടപടികളിലേക്ക് കടന്നിരുന്നില്ല.