നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇ.ഡി. നീക്കം.
കേസ് അന്വേഷിക്കുന്ന ഇ.ഡി. സംഘം കഴിഞ്ഞ വർഷം സോണിയ ഗാന്ധിയെ മൂന്ന് ദിവസവും, രാഹുൽ ഗാന്ധിയെ അഞ്ച് ദിവസവും ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ ട്രഷറർ പവൻ കുമാർ ബൻസൽ എന്നിവരെ കഴിഞ്ഞ വർഷം ഒന്നിലേറെ തവണ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമെ പവൻ ബൻസാലിനെ കഴിഞ്ഞ രണ്ട് ദിവസമായി ഇ.ഡി. ചോദ്യം ചെയ്യുകയാണ്. തിരഞ്ഞെടുപ്പുകൾ ആസന്നമായതോടെ കേസുകൾ വീണ്ടും മുറുകുകയാണ്.
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്ന നിലപാടാണ് സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ഇ.ഡി.യുടെ ചോദ്യം ചെയ്യലിനിടെ സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ മുന്‍ ട്രഷറർ പരേതനായ മോത്തിലാല്‍ വോറയാണ് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നത് എന്നായിരുന്നു ഇരുവരുടെയും മൊഴി.
ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ബൻസാലിനോട് ചോദ്യങ്ങൾ ചോദിച്ചതെന്നാണ് സൂചന. യങ് ഇന്ത്യ എന്ന കമ്പനിയിലേക്ക് 2019 വരെ ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായി ഇ.ഡി. അവകാശപ്പെട്ടിരുന്നു.
യങ് ഇന്ത്യ കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അതിനാലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി. ആലോചിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍.) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.