പേര്യ ചപ്പാരത്ത് മാവോയിസ്റ്റുകൾ അറസ്റ്റിലായത് വാർഷിക മേഖലാ യോഗത്തിനുള്ള തിരഞ്ഞെടുപ്പിനിടെയാണോ എന്ന് സംശയം. അഞ്ച് കിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയുമാണ് ഇവർ ചപ്പാരത്ത് അനീഷിൻ്റെ വീട്ടിൽ എത്തി വാങ്ങിപ്പിച്ചത്. ഇത്രയും സാധനങ്ങൾ എന്തിനായിരുന്നു എന്നാണ് അന്വേഷണം.
അനീഷിന്റെ വീട്ടിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി. ഉത്തരമേഖലാ ഐ.ജി. കെ. സേതുരാമൻ, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഡി.ഐ.ജി. പുട്ടവിമലാദിത്യ, കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. തോംസൺ ജോസ്, ജില്ലാ പോലീസ് മേധാവി പദംസിങ്, അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈ.എസ്.പി. പി.എൽ. ഷൈജു എന്നിവർ നേരിട്ട് എത്തി അന്വേഷണം നടത്തി.

പ്രദേശത്ത് ഇപ്പോഴും തണ്ടർബോൾട്ട് പരിശോധന നടത്തുന്നുണ്ട്. പ്രധാനമായും രാജഗിരി ആർ.എം.എസ്. തോട്ടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വെള്ളിയാഴ്ചത്തെ പരിശോധന. അഞ്ചുകിലോ പന്നിയിറച്ചി, 12 കിലോ പച്ചക്കറി. മൂവായിരംരൂപ കൊടുത്ത് മാവോവാദികൾ പേര്യയിലെ കോളനിയിൽ വരുത്തിച്ചത് ഇത്രയും സാധനങ്ങളാണ്.
സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിലാണ് സാധാരണ മാവോവാദി ദളങ്ങളുടെ മേഖലായോഗങ്ങൾ നടക്കാറുള്ളത്. രണ്ടുദളങ്ങളിലായി പതിനെട്ടുപേരുള്ളതുകൊണ്ട് അവർക്കുള്ളതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
കേന്ദ്രകമ്മിറ്റിക്കും പശ്ചിമഘട്ടത്തിലെ ദളങ്ങൾക്കുമിടയിലുള്ള സന്ദേശവാഹകനായ അനീഷ് ബാബു എന്ന തമ്പി കൊയിലാണ്ടിയിൽവെച്ച് പിടിയിലായതോടെ യോഗം നടക്കാതെ പൊളിഞ്ഞെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇന്റർനെറ്റ് വഴി ആശയവിനിമയം നടത്താൻ കഴിയാത്തതിനാൽ ഈ സന്ദേശവാഹകൻവഴിയാണ് യോഗം സംബന്ധിച്ച നിർദേശങ്ങളും മറ്റും കൈമാറുക.
യോഗം കഴിഞ്ഞുള്ള തീരുമാനങ്ങളും സന്ദേശവാഹകൻതന്നെ കേന്ദ്രകമ്മിറ്റിയെ നേരിട്ടറിയിക്കുന്നതാണ് രീതി.

2016 മുതൽ 2022 വരെ കൃത്യമായി എല്ലാ വർഷവും കേരളത്തിൽ മേഖലായോഗങ്ങൾ ചേർന്നിട്ടുണ്ട്. അവസാനത്തെ മൂന്നു യോഗങ്ങൾ വയനാട്ടിലായിരുന്നു. രാഷ്ട്രീയപാർട്ടികളുടേതുപോലെ പ്രവർത്തന റിപ്പോർട്ടും കണക്കവതരണവുമെല്ലാം നടക്കാറുണ്ട്. യോഗങ്ങളുടെ റിപ്പോർട്ടുകൾ മുമ്പ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ഇത്തവണ യോഗം നടന്നിട്ടില്ലെന്ന വിവരമാണുള്ളതെങ്കിലും ആന്ധ്രയിൽനിന്നുള്ള ഒരു സി.പി.ഐ. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം പശ്ചിമഘട്ടത്തിന്റെ ചുമതലയേറ്റെടുക്കാൻ ഇവിടെയെത്തിയിട്ടുണ്ടെന്ന വിവരം പൊലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്.


