ദുരിതാശ്വാസനിധി ദുര്‍വിനിയോഗം; പിഴവ് കണ്ടെത്താനാവാതെ ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയേയും 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ലോകായുക്ത വിധി സർക്കാരിന് അനുകൂലം. ഫണ്ട് അനുവദിച്ചതിൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനും തെളിവില്ലെന്നാണ് വിധിയിൽ ലോകായുക്ത ചൂണ്ടിക്കാട്ടുന്നത്.

മന്ത്രിസഭാ യോഗം പരിശോധിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ല. തീരുമാനങ്ങളുടെ നടപടി ക്രമങ്ങളാണ് പരിശോധിച്ചത്. ഫണ്ട് നൽകാൻ മന്ത്രിസഭയ്ക്ക് അംഗീകാരമുണ്ട്. മൂന്ന് ലക്ഷത്തിന് മുകളിൽ തുക നൽകിയപ്പോൾ മന്ത്രിസഭയുടെ അംഗീകാരം ഉണ്ടായി. രാഷ്ട്രീയ അനുകൂല തീരുമാനമായി കണക്കാക്കാൻ കഴിയില്ല. അഴിമതിയും സ്വജന പക്ഷപാതിത്വവും കണ്ടത്തിയിട്ടില്ലെന്നും ലോകായുക്ത നിരീക്ഷിച്ചു.

മൂന്നു ലക്ഷത്തിനു മുകളിലാണെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം മതി. ഈ കേസിൽ അതു പാലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ അംഗങ്ങളോ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ തീരുമാനം ആണെന്നതിനും അഴിമതിയും സ്വജനപക്ഷപാതവും നടത്തി എന്നതിനും തെളിവില്ലെന്ന് ലോകായുക്ത വിധിയിൽ പറഞ്ഞു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്.

ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന പരേതനായ രാമചന്ദ്രന്‍ നായരുടെ മകന് ജോലിയും എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സഹായധനവും അനുവദിച്ചത് ചോദ്യം ചെയ്തും. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരണപ്പെട്ട സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിന് ദുരിതാശ്വാസനിധിയില്‍നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതിലെ ഫണ്ട് വകമാറ്റൽ ചൂണ്ടികാട്ടിയും ആര്‍എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത വിധി പറഞ്ഞിരിക്കുന്നത്.

ഹര്‍ജി തള്ളുന്നതില്‍ ലോകായുക്തയും ഉപലോകായുക്തമാരും ഒരേ നിലപാടാണ് സ്വീകരിച്ചത്. മന്ത്രിസഭായോഗ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് മൂവരും വ്യക്തമാക്കുന്നു. എന്നാല്‍, മന്ത്രിസഭാ യോഗതീരുമാനത്തിന്റെ നടപടി ക്രമങ്ങളില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ലോകായുക്ത സൂചിപ്പിച്ചു. ക്യാബിനറ്റ് നോട്ടില്ലാതെ നടപടിയെടുത്തത് ക്രമവിരുദ്ധമാണ്. എന്നാല്‍, ലോകായുക്തയ്ക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ട്. സ്വജനപക്ഷപാതം രാഷ്ട്രീയതാത്പര്യങ്ങള്‍ എന്നിവ ഹര്‍ജിക്കാരന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കുന്നു.

നടപടിക്രമങ്ങളില്‍ പിഴവുണ്ടെന്ന് ലോകായുക്ത വിലയിരുത്തി. മൂന്ന് ലക്ഷത്തിന് മുകളില്‍ ധനസഹായം നല്‍കിയപ്പോള്‍ അതിന് മന്ത്രിസഭ അനുമതി നല്‍കിയെന്നും ലോകായുക്ത വ്യക്തമാക്കി.

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയേയും 18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി 2018 സെപ്റ്റംബറിലാണ് ലോകായുക്തയില്‍ ഹര്‍ജി വരുന്നത്. 2023 മാര്‍ച്ചില്‍, ലോകയുക്ത ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ ന്യായാധിപര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം മൂലം ഹര്‍ജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനം ചോദ്യം ചെയ്യാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതിലെ ഭിന്നാഭിപ്രായത്തെത്തുടര്‍ന്നായിരുന്നു ഫുള്‍ ബെഞ്ചിന് വിട്ടത്.

ലോകായുക്തയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്നതാണ് ലോകായുക്തയുടെ 14-ാം വകുപ്പ്.

ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയില്‍ കെ.ടി. ജലീലിനു മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ പഴയ നിയമമാണ് നിലനില്‍ക്കുന്നത്.

ഹര്‍ജിയില്‍ വാദം കേട്ട രണ്ട് ഉപലോകായുക്തമാര്‍, ദുരിതാശ്വാസനിധി ദുര്‍വിനിയോഗ പരാതിയിലുള്‍പ്പെട്ട ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന പരേതനായ രാമചന്ദ്രന്‍ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെക്കുറിച്ച് ഓര്‍മകുറിപ്പ് എഴുതുകയും ചെയ്തത് വിവാദമായി. ആയതിനാല്‍ അവരില്‍ നിന്നും നിഷ്പക്ഷമായ വിധി ന്യായം പ്രതീക്ഷിക്കാനാവില്ലെന്നും അതുകൊണ്ട് വിധി പറയുന്നതില്‍ നിന്നും രണ്ട് ഉപലോകയുക്തമാരും ഒഴിയണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ രണ്ട് മാസം മുന്‍പ് ലോകയുക്തയില്‍ ഇടക്കാല ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

കേസ് പരിഗണനയില്‍ നില്‍ക്കവെ മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് വിവാദമായിരുന്നു.

സ്വജനപക്ഷപാതം ഇല്ല എന്ന ലോകായുക്തവിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പ്രതികരിച്ചു. സർക്കാർ വിലാസ സംഘടനയായി ലോകായുക്ത അധ:പതിച്ചു. ഈ വിധി പ്രതീക്ഷതാണ്. ലോകായുക്തയുടെ ഓരോ സിറ്റിംഗിലും സർക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ലോകായുക്ത ശ്രമിച്ചത്. അദ്ദേഹം പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...