മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ നടക്കാവ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു. ആധുനിക സംവിധാനങ്ങളുള്ള പ്രത്യേക മുറിയിലാണ് ചോദ്യംചെയ്യല്‍. ബുധനാഴ്ച 12 മണിയോടെയാണ് സുരേഷ് ഗോപി സ്റ്റേഷനില്‍ ഹാജരായത്.
180 ഡിഗ്രി 4 ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങള്‍, റിക്കോർഡിങ് ക്യാമറ എന്നിവയാണ് മുറിയില്‍ സജ്ജീകരിച്ചത്. നേരിയ ചലനങ്ങള്‍, മുഖഭാവങ്ങള്‍, ശബ്ദങ്ങള്‍ എന്നിവ പകര്‍ത്താനും സൂക്ഷിച്ചുവയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ മുറിയിലുണ്ട്. വിവാദ സംഭവങ്ങളില്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പോലീസ് സംവിധാനമാണിത്. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുടെ പരിധില്‍ നടക്കാവ് സ്റ്റേഷനില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്.
സിഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. കമ്മീഷണര്‍ രാജ് പാല്‍ മീണ ഡിസിപി കെ. ബൈജു എസിപി ബിജു രാജ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ഉമേഷ് ബാബു എന്നിവരും സ്റ്റേഷനിലുണ്ടായിരുന്നു.
സഹോദരന്‍ സുഭാഷ് ഗോപി, സഹോദന്റെ ഭാര്യ, സീനിയര്‍ അഭിഭാഷകന്‍ ബി.എന്‍ ശിവശങ്കരന്‍ എന്നിവര്‍ക്കൊപ്പമാണ് സുരേഷ് ഗോപി സ്റ്റേഷനിലെത്തിയത്. സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം മൂലം സ്റ്റേഷന് പുറത്ത് കണ്ണൂര്‍ റോഡില്‍ വലിയ ഗതാഗത തടസ്സവുമുണ്ടായി.
രാവിലെ 10.30-ന് സ്റ്റേഷനില്‍ എത്താനായിരുന്നു സുരേഷ് ഗോപിക്ക് പോലീസ് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന്, സ്റ്റേഷന്‍ പരിസരത്ത് കനത്തസുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്.
രോമത്തിൽ തൊടാൻ കഴിയില്ല, കെ സുരേന്ദ്രൻ
കേരളത്തിലെ സാധാരണ ജനങ്ങളെ അണിനിരത്തി ഈ രാഷ്ട്രീയ വേട്ടയെ നേരിടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത് പിണറായി വിജയന്റെ അജണ്ടയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി സര്‍ക്കാരിനെതിരെ പ്രതികരിക്കുമ്പോള്‍ അവര്‍ക്ക് പൊള്ളുന്നു എന്നത് കൊണ്ടാണ് ഇങ്ങനെയൊരു നടപടി. അത് അനുവദിക്കില്ല. അദ്ദേഹത്തിന്റെ വായടപ്പിക്കാനുള്ള ശ്രമമാണ്. സുരേഷ് ഗോപിയുടെ ഒരു രോമത്തില്‍ സ്പര്‍ശിക്കാന്‍ പോലും പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സാധിക്കില്ല. സുരേഷ് ഗോപിക്കെതിരെ, രാജീവ് ചന്ദ്രശേഖറിനെതിരെ അനില്‍ ആന്റണിക്കെതിരെ അങ്ങനെ നിരവധി ബി.ജെ.പി. നേതാക്കള്‍ക്കെതിരെ കേസ് എടുക്കുകയാണ്. അതൊന്നും ഞങ്ങള്‍ വിലവെക്കില്ല. -കെ.സുരേന്ദ്രൻ പറഞ്ഞു.
ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചോദിക്കുന്നതിനിടെ സുരേഷ് ഗോപി അനുവാദമില്ലാതെ മാധ്യമപ്രവർത്തകയുടെ ചുമലിൽ കൈവെക്കുകയായിരുന്നു. ആദ്യം മാധ്യമപ്രവർത്തക പിന്നിലേക്ക് മാറിയെങ്കിലും, സുരേഷ് ഗോപി വീണ്ടും ചുമലിൽ കൈവെച്ചു. ഇതോടെ മാധ്യമപ്രവർത്തക കൈതട്ടിമാറ്റുകയായിരുന്നു.


