രാജ്യത്ത് ആകെ 172 സജീവ കേസുകളാണ് നിലവിലുള്ളത്. കേരളത്തിൽ ഇന്ന് 10 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൊത്തം 79 സജീവ കേസുകളാണ് ഇപ്പോൾ കേരളത്തിലുള്ളത്.വെള്ളിയാഴ്ച മാത്രം രാജ്യത്ത് 26 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. എന്നാൽ കോവിഡിന്റെ ഏത് വകഭേദമാണ് ഇന്ത്യയിലെ പുതിയ രോഗികളിലുള്ളത് എന്ന കാര്യത്തില്‍ വ്യക്തത നൽകിയിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിൽ എറിസ് (EG.5.1) എന്ന വകഭേദമാണ് ഇന്ത്യയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ ഇതുവരെ ഔദ്യോഗിക കണക്ക് പ്രകാരം നാലര കോടിയിലേറെ പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 4.44 കോടി പേര്‍ രോഗമുക്തരായി. 98.81 ശതമാനമാണ് ദേശീയതലത്തില്‍ രോഗമുക്തി നിരക്ക്. ഇന്ത്യയില്‍ ഇതുവരെ 5.33 ലക്ഷം പേര്‍ കോവിഡ്-19 ബാധിച്ച് മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 1.19 ശതമാനമാണ് മരണനിരക്ക്. 220.67 കോടി ഡോസ് കോവിഡ് വാക്‌സിനാണ് ഇന്ത്യയില്‍ ഇതുവരെ നല്‍കിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓസ്ട്രേലിയയിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതായി വാർത്ത ഉണ്ടായിരുന്നു. വെസ്റ്റ് ഓസ്‌ട്രേലിയ സംസ്ഥാനമാണ് ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.
അമേരിക്കയിൽ പുതിയ വകഭേദം തിരിച്ചറിഞ്ഞു
സെപ്റ്റംബർ മാസം ആദ്യമാണ് കൊറോണയുടെ പുതിയ വകഭേദമായ JN.1 ആദ്യമായി തിരിച്ചറിയുന്നത്. ഇതിപ്പോൾ യു എസ് ഉൾപ്പെടെ 11 രാജ്യങ്ങളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
BA. 2.86 വക ഭേദത്തിൽ നിന്നും ഉണ്ടായ പുതിയ രൂപമാണ് JN.1. 2021ൽ യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വലിയ ജീവ ഹാനി ഉണ്ടാക്കിയ ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള അഥവാ BA. 2.86.
1. യുഎസിൽ BA. 2.86, JN1 വകഭേദങ്ങൾ ഇപ്പോൾ അധികം കണ്ടു വരുന്നില്ല. കോവിഡിന്റെ SARS-CoV-2 വക ഭേദവുമായി താരതമ്യം ചെയ്യുമ്പോൾ അതിന്റെ 0.1 ശതമാനം മാത്രമാണ് JN.1 വകഭേദം തിരിച്ചറിഞ്ഞിട്ടുള്ളത്.
2. കഴിഞ്ഞ ഓഗസ്റ്റ് അവസാനം ലക്സംബർഗിൽ കണ്ടെത്തിയ ശേഷം വളരെ വേഗത്തിലുള്ള വ്യാപനമാണ് ഈ വകഭേദത്തിന് ഉണ്ടായിട്ടുള്ളത്. ഇംഗ്ലണ്ട്, ഐസ്‌ലാൻഡ്, ഫ്രാൻസ്, യു എസ് തുടങ്ങിയ രാജ്യങ്ങളിലും പുതിയ വക ഭേദമായ JN.1 കണ്ടെത്തിയിട്ടുണ്ട്.
3. പ്രചാരത്തിലുള്ള കോവിഡ് വാക്സിനുകൾ യുഎസിലും മറ്റും കണ്ടെത്തിയ XBB.1.5 വക ഭേദത്തിനെതിരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയിൽ നിന്നും ഏതാണ്ട് 41 ഓളം വ്യത്യസ്തമായ വക ഭേദങ്ങൾ JN.1 ഉണ്ടാക്കുന്നുണ്ട്.
4. ഏറ്റവും വ്യാപന ശേഷി ഉള്ളതും മറ്റൊരു വക ഭേദവുമായി താരതമ്യം ചെയ്യാൻ കഴിയാത്ത ഒന്നുമാണ് പുതിയതായി കണ്ടെത്തിയ വക ഭേദം എന്ന് സ്ക്രിപ്സ് റിസേർച്ച് ട്രാൻസ്ലേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ എറിക് ടോപ്പോൾ പറഞ്ഞു. ശരീരത്തിന്റെ പ്രതിരോധം ഇതിനെതിരെ എത്ര മാത്രം ഉണ്ടെന്നും വ്യാപന ശേഷി എത്രയെന്നും അറിയാൻ കാത്തിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
5. കോവിഡ് -19 ഉള്ളിടത്തോളം പുതിയ വക ഭേദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പഴയതിനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങൾ മാത്രമാകും പുതിയ വക ഭേദങ്ങൾക്ക് ഉണ്ടാവുക എന്നും അവർ പറയുന്നു.
6. ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് ബഫല്ലോയിലെ ഇൻഫെക്ഷ്യസ് ഡിസീസിന്റെ ചീഫ് ആയ തോമസ് റസോ പറയുന്നതനുസരിച്ച് BA. 2.86 ന്റെ വ്യാപനം അതിന് മുമ്പുള്ള വക ഭേദങ്ങളെക്കാൾ കൂടുതൽ ആയിരുന്നു. അതുകൊണ്ട് തന്നെ JN.1 ന്റെ കാര്യത്തിലും വ്യാപനം കൂടുതൽ തന്നെ ആയിരിക്കും.
7. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി തകർക്കാനും ആളുകളെ രോഗത്തിന് കീഴ്പ്പെടുത്താനും വേഗത്തിൽ കഴിയുന്നതാണ് JN.1 ലെ സ്‌പൈക്ക് പ്രോട്ടീന്റെ സാനിധ്യം.