എന്ത് പേരിട്ട് വിളിച്ചാലും സംസ്ഥാനത്തിന് അതിവേഗ റെയിൽ പാത ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കെതിരായ നിലപാട് സംസ്ഥാനത്തെ കോൺഗ്രസും ബി.ജെ.പിയും സ്വീകരിച്ചപ്പോൾ കേന്ദ്രവും ഇതേ നിലപാടിനൊപ്പം നിന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് പ്രത്യേകമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നവകേരള സദസ്സില് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ധാരാളം യാത്രക്കാർ നമ്മുടെ സംസ്ഥാനത്തുണ്ട്. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ശീലമാണ് കേരളീയർക്കുള്ളത്. സംസ്ഥാന സർക്കാർ വിചാരിച്ചാൽ മാത്രം റെയിൽവേ സൗകര്യം വർധിപ്പിക്കാനാവില്ല. അതിനാലാണ് കെ-റെയിൽ പദ്ധതി സർക്കാറിന് തുടരാൻ സാധിക്കാതിരുന്നത്. പദ്ധതിക്കെതിരായ നിലപാട് സംസ്ഥാനത്തെ കോൺഗ്രസും ബി.ജെ.പിയും സ്വീകരിച്ചപ്പോൾ കേന്ദ്രവും ഇതേ നിലപാടിനൊപ്പം നിന്നു. ദക്ഷിണ റെയിൽവേയോട് പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒന്നുകൂടെ പഠിച്ച് റിപ്പോർട്ട് നൽകണമെന്ന വാർത്ത മാധ്യമങ്ങളിൽ വന്നപ്പോഴും ബി.ജെ.പി സംസ്ഥാന നേതൃത്വം എതിർപ്പുമായി രംഗത്ത് വന്നു.
വന്ദേഭാരത് കെ റെയിലിൻ്റെ ആവശ്യകത തെളിയിച്ചു
വേഗത്തിൽ സർവീസ് നടത്തുന്ന ട്രെയിനെന്ന രീതിയിൽ വന്ദേ ഭാരത് ലഭിച്ചപ്പോൾ ജനങ്ങൾ അതിൽ നല്ലപോലെ യാത്ര ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏർപ്പെടുത്തിയ വന്ദേ ഭാരതിൽ ഏറ്റവും വരുമാനവും കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനിനാണ്. അതേസമയം, വന്ദേ ഭാരത് കൃത്യസമയം പാലിക്കുന്നതിനായി നിരവധി ട്രെയിനുകൾ പിടിച്ചിടുന്നു. എന്നാൽ, ഇതോടെ ജനങ്ങൾ കെ-റെയിലിന്റെ ആവശ്യകത തിരിച്ചറിഞ്ഞു.
സംസ്ഥാനത്ത് റെയിൽവേ പാതയ്ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഇവ നല്ല രീതിയിലേക്ക് മാറ്റി വേഗത്തിൽ തീവണ്ടി സർവീസ് ആരംഭിക്കാനുള്ള സൗകര്യമൊരുക്കണമെങ്കിൽ ദശാബ്ദങ്ങളെടുക്കും. അത്രയും നാൾ കേരളീയർ കാത്തിരിക്കേണ്ടി വരുന്നു എന്നത് ഒരു തരത്തിൽ ശിക്ഷയാണ്. സംസ്ഥാനത്തിന് പ്രത്യേകമായി ഒന്നും ചെയ്യാൻ കഴിയില്ല. ഇതിന് കേന്ദ്ര സർക്കാറിന്റെ അനുമതി ആവശ്യമാണ്. ഏത് പേരിട്ടാലും കേരളത്തിന് അത് ആവശ്യമാണെന്ന് പൊതുജനം ആഗ്രഹിക്കുന്നു.
ഓരോരുത്തരും ആഗ്രഹിക്കുന്ന വ്യവസായം അതേ രീതിയിൽ ആരംഭിക്കാൻ സാധിക്കുന്നൊരു സംസ്ഥാനമല്ല കേരളം. ജനസാന്ദ്രത, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രത്യേകത എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് നാം വ്യവസായങ്ങൾക്ക് മുൻഗണന നൽകുന്നത്.


