താമരശ്ശേരി ചുരത്തില്‍ രണ്ടാംവളവിനുതാഴെ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന എട്ടുപേര്‍ക്ക് പരിക്കേറ്റു. വയനാട് മുട്ടില്‍ പരിയാരം ഉപ്പൂത്തിയില്‍ കെ.പി. റഷീദ (35) ആണ് മരിച്ചത്. ഇവരുടെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാത്രി 9.45-ഓടെയാണ് അപകടം.
എതിരേനിന്നുവന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചപ്പോള്‍ സംരക്ഷണഭിത്തി തകര്‍ന്നുകിടന്ന സ്ഥലത്തുകൂടി കാര്‍ വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു. രണ്ടാം വളവിൽ തന്നെയാണ് അപകടം ഉണ്ടായത് എന്നത് വീഴ്ചയുടെ ആഘാതം കുറച്ചു. വലിയ കാറായതും അപകത്തിൻ്റെ രൂക്ഷത കുറയാൻ സഹായകമായി. പക്ഷെ ഇത്രയും വലിയ വാഹനപ്പെരുപ്പമുള്ള ചുരത്തിൽ സംരക്ഷണ ഭിത്തി ഏറെ നളായി തകർന്ന് കിടക്കുകയായിരുന്നു.
കഴിഞ്ഞ ജൂൺ 25 നും സമാനമായ അപകടം ഉണ്ടായിരുന്നു. ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരുക്കേറ്റു. 2022 ഡിസംബറിലും സമാനമായ അപകടം ഉണ്ടായി.
മഞ്ഞു മഴയുമായി വർഷത്തിൽ ഏറിയ സമയവും മൂടലുള്ള ചുരമാണ് ഇത്. ഭിത്തി നിർമ്മിക്കയും റിഫ്ലക്ടർ ഘടിപ്പിക്കയും ചെയ്യേണ്ടത് നിയമപരമാണ്. ഇത് തകർന്നാൽ ഉടനടി പരിഹാരവും വേണ്ടതാണ്. വാഹനങ്ങൾക്ക് ഇടവേളയില്ലാത്ത ചുരമാണ്. കനത്തും മഴയും മൂടലുമാണ് കാറിനെ അപകടത്തിലേക്ക് നയിച്ചത്.
രണ്ടുപേരെ വിദേശത്തേക്ക് യാത്രയാക്കിയശേഷം കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. രാത്രിയായതിനാലും കനത്തമഴയായതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. പരിക്കേറ്റവരെ മുകളിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ മറ്റൊരുവഴിയാണ് പുറത്തേക്ക് എത്തിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഇരുവശവും അടച്ചതിനാല്‍ രണ്ടാംവളവിനുതാഴെയും മുകളിലുമായി വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. രാത്രി പതിനൊന്നുമണിയോടെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.


