മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഡൽഹി സാകേത് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
അഞ്ചുപ്രതികളാണ് പോലീസിൻ്റെ പിടിയിലായിരുന്നത്. ഇവർ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്നത് ആദ്യത്തെ നാലുപ്രതികളാണ്. ഇവര്‍ക്കെതിരേ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനും പ്രതികളെ സഹായിച്ചതിനുമാണ് അഞ്ചാംപ്രതി അജയ് സേത്തി കേസില്‍ പിടിയിലായത്. ഇയാൾക്ക് മൂന്ന് വർഷം തടവും പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
2008 സെപ്‌റ്റംബർ 30-ന് പുലർച്ചെ മൂന്നരയോടെ ജോലികഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ടെലിവിഷൻ വാർത്താ ചാനലായ ഹെഡ്‌ലൈൻസ് ടുഡേയിലെ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ വെടിയേറ്റുമരിച്ചത്. കവർച്ച ലക്ഷ്യമിട്ടാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസ് കണ്ടെത്തൽ..
ഡൽഹിയിലെ കോൾ സെന്റർ ജീവനക്കാരിയായിരുന്ന ജിഗിഷ ഘോഷ് കൊല്ലപ്പെട്ട കേസിൽ രവി കുമാർ, അമിത് ശുക്ല എന്നിവർ പിടിയിലായതാണ് 2008-ലെ സൗമ്യ വധക്കേസിലും വഴിത്തിരിവായത്. ജിഗിഷ കൊലക്കേസിൽ കണ്ടെടുത്ത നാടൻതോക്ക് സൗമ്യ കേസിലും നിർണായക തെളിവായി. പിന്നാലെ, കേസിലെ മറ്റുപ്രതികളായ ബൽജിത് മാലിക്, അജയ് സേത്തി, അജയ്‍കുമാർ എന്നിവരും അറസ്റ്റിലായി. അജയ് സേത്തി ഒഴികെയുള്ളവർ ജിഗിഷ ഘോഷ് കേസിൽ ഇപ്പോൾ ജീവപര്യന്തം തടവിലാണ്.