പെരുമ്പാവൂരില്‍നിന്ന് കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പാലക്കാടുനിന്ന് കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ടുമുതല്‍ കാണാതായ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനികളായ രണ്ടുപേരെയും പാലക്കാട്ടാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് പെരുമ്പാവൂര്‍ പോലീസ് പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്.
പെരുമ്പാവൂരിനടുത്ത പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. 14 വയസുകാരികളെയാണ് കാണാതായത്. ഇരുവരും സ്കൂൾ യൂണിഫോമിലാണ് പുറപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിക്കാണ് സ്കൂൾ വിട്ടത്. എന്നാൽ ഏറെ വൈകിയും കുട്ടികൾ വീട്ടിലെത്തിയില്ല

ഒരേ ക്ലാസില്‍ പഠിക്കുന്ന ഇരുവരും സ്‌കൂള്‍ വിട്ട് ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്താറുള്ളത്. തിങ്കളാഴ്ച വൈകിട്ട് പതിവുസമയം കഴിഞ്ഞിട്ടും പെണ്‍കുട്ടികള്‍ വീട്ടിലെത്തിയില്ല. തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടർന്നാണ് കുടുംബാംഗങ്ങള്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍നിന്ന് വഴക്കുപറഞ്ഞതിനാലാണ് ഇരുവരും വീട്ടില്‍ പോകാതിരുന്നതെന്നാണ് വിവരം. ഇതിനായി കൂട്ടുകാരിയെയും ഒപ്പംകൂട്ടിയതാണെന്നും പറയുന്നു. പാലക്കാട് ഇൻസ്റ്റഗ്രാം സുഹൃത്തിൻ്റെ വീട്ടിലേക്കാണ് ഇവർ പോയത്.