നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നാലിൽ മൂന്നിടത്തും ഭരണം പിടിച്ച് ബിജെപി

തെലങ്കാനയിൽ ബിആർഎസിനെ അട്ടിമറിച്ച് കോൺഗ്രസ് ഭരണം പിടിച്ചപ്പോൾ, രാജസ്ഥാനിലും ഛത്തീസ്ഗഡിലും ജനം അവരെ കൈവിട്ടു. മധ്യപ്രദേശിൽ സ്വന്തം നില മെച്ചപ്പെടുത്തി മൂന്നിൽ രണ്ട് ഭൂരിപക്ഷ മികവോടെയാണ് ബിജെപി തുടർച്ച നേടിയത്.

തെലങ്കാനയിൽ ഹാട്രിക് വിജയം പ്രതീക്ഷിച്ചെത്തിയ കെടിആറിന്റെ ബിആർഎസിന്റെ അടിത്തറയിളക്കുന്ന മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്. കോൺഗ്രസ് 70, ബിആർഎസ് 38, ബിജെപി 8, എഐഎംഐഎ 3 എന്നിങ്ങനെയാണ് സീറ്റ് നില.   മുതിർന്ന കോൺഗ്രസ് നേതാവ് രേവന്ദ് റെഡ്ഡി മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. അദ്ദേഹം അൽപ്പസമയത്തിനകം മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

ജയിച്ചു കയറിയ മൂന്നു സംസ്ഥാനത്തും മുഖ്യമന്ത്രിമാരെ മുന്നിൽ നിർത്താതെയാണ് ബി ജ പി പ്രചാരണം നടത്തിയത്. നരേന്ദ്ര മോഡിയും അമിത് ഷായുമായിരുന്നു പ്രചാരണത്തിലെ ഫോക്കസ്. ബി ജെ പി രാഷ്ട്രീയത്തിൻ്റെ തന്നെ ഭാവി മാറ്റിയേക്കാവുന്ന സൂചകങ്ങളായും ഈ ഫലം ആയി തീരുന്നുണ്ട്.

മധ്യപ്രദേശിൽ ബിജെപി ഭരണം നിലനിർത്തിയെങ്കിലും മുഖ്യമന്ത്രിക്കസേരയിൽ ഇളക്കംതട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ. ബിജെപി മുഖ്യമന്ത്രി ശിവ് രാജ് സിങ്ങ് ചൌഹാന് പകരക്കാരൻ വന്നേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് റാലികളിൽ മോദിയും അമിത് ഷായും താരങ്ങളായപ്പോൾ ശിവ് രാജ് സിങ്ങ് ചൌഹാൻ അൽപ്പം പിന്നോട്ടടിച്ച നിലയിലായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ശിവ് രാജ് സിങ്ങ് ചൌഹാൻ.

ചുവന്ന ചതുഷ്കോണം

ഡല്‍ഹി കേന്ദ്രത്തില്‍ നരേന്ദ്രമോദിയേയും ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യോഗി ആദിത്യനാഥിനേയും രാജസ്ഥാനിലെ ജയ്പൂരില്‍ യോഗിയുടെ രാജസ്ഥാന്‍ പതിപ്പായ മഹാന്ത് ബാലാക്‌നാഥിനേയും കൂട്ടിയിണക്കി പ്രദേശത്തെ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനീച്ച് വോട്ടുറപ്പിക്കലായിരുന്നു ബിജെപിയുടെ ഗോള്‍ഡന്‍ ട്രയാങ്കില്‍ തന്ത്രം.

അജ്മീര്‍, ഭരത്പൂര്‍, ബിക്കാനീര്‍, ജയ്പൂര്‍, ജോധ്പൂര്‍, കോട്ട, ഉദയ്പൂര്‍ എന്നിവയാണ് രാജസ്ഥാനിലെ സുപ്രധാനമായ ഏഴ് രാഷ്ട്രീയ സ്‌പോട്ടുകള്‍. ഭരത്പൂര്‍, ജയ്പൂര്‍ ഡിവിഷനുകളിലെ മിക്കവാറും എല്ലാ ജില്ലകളും ഉത്തര്‍പ്രദേശിന്റെയും ഹരിയാനയുടെയും അതിര്‍ത്തിയിലാണ്. 2018ലെ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും യഥാക്രമം 99, 73 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ഭരത്പൂര്‍, ജയ്പൂര്‍ ഡിവിഷനുകളിലെ സീറ്റുകള്‍ മാറ്റിയാല്‍ കോണ്‍ഗ്രസ്-ബിജെപി സീറ്റുകള്‍ യഥാക്രമം 57, 62 എന്നിങ്ങനെയാകുന്നു. അതായത് ഈ കിഴക്കന്‍ ഭാഗങ്ങളില്‍ അടിപതറിയാല്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കൂടുതല്‍ വിയര്‍ക്കേണ്ടി വരുമെന്ന് ബിജെപി കണക്കുകൂട്ടി.

ഗെഹ്ലോട്ട്- സച്ചിന്‍ പൈലറ്റ് തര്‍ക്കം കൂടി ഉടലെടുത്തത് ബിജെപിയ്ക്ക് അനുകൂലഘടകമായി. എങ്കിലും അതിന്റെ മാത്രം ഫലംകൊയ്ത് ഭാഗ്യപരീക്ഷണത്തിന് മുതിരാന്‍ ബിജെപി ഒരുക്കമായിരുന്നില്ല. ബാലാക്‌നാഥ് അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന ഒരു പ്രതീതി ബിജെപി സൃഷ്ടിക്കാന്‍ തുടങ്ങി. യാദവ് ജാതിയില്‍പ്പെട്ട അദ്ദേഹത്തെ ഒരു പ്രമുഖ മതനേതാവെന്ന നിലയിലാണ് ബിജെപി ഉയര്‍ത്തിക്കാട്ടിയത്. ശക്തനായ ഹിന്ദുനേതാവെന്ന് പ്രചാരണം നല്‍കുമെന്നും രാജസ്ഥാനില്‍ സമാധാനം ഉറപ്പിക്കാന്‍ കരുത്തനാണ് അദ്ദേഹമെന്ന് ബിജെപി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ രാജസ്ഥാന്റെ യോഗി ആദിത്യനാഥാക്കി.

ബാലാക്‌നാഥിനെ ഉയര്‍ത്തിക്കാട്ടുന്നതോടെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനാകുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടൽ. കിഴക്കന്‍ രാജസ്ഥാനില്‍ ഇത് ബിജെപിയ്ക്ക് വലിയ രീതിയില്‍ പ്രയോജനം ചെയ്തു. ഈ മൂന്ന് പോയിന്റുകളും ഇത്തരത്തില്‍ ഒരുപോലെ കരുത്തുറ്റതായാല്‍ സേഫ് സോണായി ഈ ഭാഗം മാറുമെന്ന ബിജെപി തന്ത്രം കൂടിയാണ് വിജയിക്കുന്നത്.

തമ്മിലടി തീർക്കാനാവാതെ

മധ്യപ്രദേശിൽ കോൺഗ്രസ് ഭരണത്തിലെത്തിയാൽ ഉടൻ ജാതി സെൻസസ് നടത്തുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാഗ്ദാനം. രാജ്യത്തെ ഒബിസിക്കാർക്കും ഗോത്രവർഗക്കാർക്കും അവരുടെ അവകാശങ്ങൾ കൃത്യമായി നൽകുമെന്നും കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു.

2024ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധിക്കാൻ ഇന്ത്യ മുന്നണി മുന്നോട്ട് വെച്ച സുപ്രധാന പ്രചാരണായുധമായിരുന്നു ജാതി സെൻസസ്. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണമെന്നും അതനുസരിച്ച് സംവരണം സാധ്യമാക്കണമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ച് ആവശ്യപ്പെട്ടതും ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്. പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായി നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭ തിരഞ്ഞെടുപ്പുകളിലും ഇതേ ആയുധം തന്നെയാണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്. എന്നാൽ കോൺഗ്രസിലെ തമ്മിലടിയെ മറികടക്കാൻ ജാതി സെൻസസിനായില്ല 

തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്ത സാഹചര്യത്തില്‍ ഇന്ത്യാ മുന്നണി യോഗം വിളിച്ച് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതയില്‍ ആറാം തീയതി യോഗം ചേരും.

അതിനിടെ, തെലങ്കാനയില്‍ വിജയിച്ച എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്. ഹൈദരബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ എംഎല്‍എമാരെ കൊണ്ടുപോകാനായി ബസുകള്‍ എത്തിച്ചു. 

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...