രാജ്യത്ത് ബിജെപി തനിച്ച് ഭരണം കയ്യാളുന്ന സംസ്ഥാനങ്ങളുടെ എണ്ണം തെരഞ്ഞെടുപ്പ് ഫലത്തോടെ 12 ആയി ഉയർന്നു. ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇപ്പോൾ തന്നെ ബി.ജെ.പി. നേരിട്ട് ഭരണം കയ്യാളുന്നു.
ഈ തിരഞ്ഞെടുപ്പ് ഘട്ടത്തോടെ മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തി. രാജസ്ഥാനും ചത്തീസ്ഗഢും കോണ്‍ഗ്രസില്‍നിന്ന് കൈക്കലാക്കി. ഇതോടെ 12 സംസ്ഥാനങ്ങള്‍. ഒപ്പം മഹാരാഷ്ട്ര, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം എന്നീ നാലു സംസ്ഥാനങ്ങളില്‍ ബിജെപി മുന്നണിയുമാണ് ഭരിക്കുന്നത്. 16 സംസ്ഥാനങ്ങളിൽ ഭരണത്തിലിരിക്കുന്ന പാർട്ടിയായി ബി ജെ പി
രാജ്യത്തെ രണ്ടാമത്തെ വലിയ ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഭരണം മൂന്നു സംസ്ഥാനങ്ങളില്‍ ഒതുങ്ങി. കര്‍ണാടക, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് നിലവില്‍ ഭരണമുള്ളത്. ചത്തീസ്ഗഢും രാജസ്ഥാനും ‘കൈ’വിട്ടതോടെയാണ് ഈ കണക്ക്. ബി.ആര്.എസിനെ തകര്‍ത്ത് അധികാത്തിലേക്കെത്തിയ തെലങ്കാനയാണ് ആശ്വാസ തുരുത്ത്. ബീഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഭരണമുന്നണിയുടെ ഭാഗമാണ് കോണ്‍ഗ്രസ്. തമിഴ്നാട്ടില്‍ ഡി.എം.കെയ്ക്കൊപ്പം സംഖ്യമുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗമല്ല.
2024-ല്‍ സിക്കിം, അരുണാചല്‍പ്രദേശ്, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിയമസഭാതിരഞ്ഞെടുപ്പ് നടക്കും. ജമ്മുകശ്മീരിലും തിരഞ്ഞെടുപ്പ് നടക്കാനുണ്ട്.
പഞ്ചാബിലും ഡല്‍ഹിയിലും ഭരണമുള്ള ആംആദ്മിയാണ് രാജ്യത്തെ മൂന്നാമത്തെ വലിയ ദേശീയ പാര്‍ട്ടി. ബി.ജെ.പി, കോണ്‍ഗ്രസ്, ആംആദ്മി, ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി), സി.പി.എം, നാഷണൽ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) എന്നിങ്ങനെ നിലവില്‍ ആറ് ദേശീയപാര്‍ട്ടികളാണുള്ളത്.


