പ്രളയത്തെത്തുടര്‍ന്ന് ചെന്നൈയില്‍ എട്ടു പേരാണ് മരിച്ചത്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് 17 സബ്‌വേകള്‍ അടച്ചതായി പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് അവധി. ഈ ജില്ലകളില്‍ ചൊവ്വാഴ്ച പൊതു അവധിയായിരുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച രാവിലെ 8.30-ഓടെ ചെന്നൈയിൽനിന്ന് 90 കിലോ മീറ്റർ അകലെവെച്ചാണ് ശക്തിയേറിയ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചത്. ഞായറാഴ്ച രാത്രി ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ വടക്കൻ പ്രദേശങ്ങളിലും ശക്തമായ മഴ തുടങ്ങിയിരുന്നു. പ്രത്യേക തരം മണൽ ആയതിനാൽ വെള്ളം പെട്ടെന്ന് ഭൂമിയിലേക്ക് ഇറങ്ങിപ്പോകില്ല. ഒവുചാലുകളിലൂടെ കടലിൽ എത്താൻ സമയം എടുക്കും. കൂവം നദി മാത്രമാണ് കടലിലേക്ക് വെള്ളം തള്ളുന്നത്. കടൽ പ്രക്ഷുധമായതോടെ ഇതുവഴി കരയിലേക്ക് കടൽ വെള്ളം ഇരച്ചു കയറുന്ന സാഹചര്യമായിരുന്നു.
എല്ലാ വിഭാഗം ജനങ്ങളും അനുഭവിച്ച ദുരിതം
നിസ്സഹായത വിവരിച്ച് സൂപ്പർ താരങ്ങൾ
ചൊവ്വാഴ്ച ഉച്ചയോടെ തന്റെ ദുരിതം വിവരിക്കുന്ന പോസ്റ്റ് വിഷ്ണു വിശാൽ എക്സിൽ പങ്കുവെച്ചിരുന്നു. ‘‘വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കാരപ്പാക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ. വീടിന്റെ ടെറസിനു മുകളിൽ ഒരു മൂലയിൽ മാത്രമാണ് ഫോണിന് സിഗ്നൽ ലഭിക്കുന്നത്. ഞാനുൾപ്പടെയുള്ളവർക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോവുകയാണ്.’’ എന്നാണ് വിഷ്ണു കുറിച്ചത്.

ഈ പോസ്റ്റിട്ട് ഏതാനും മണിക്കൂറുകൾകൂടി കഴിഞ്ഞതോടെ തന്നെ ഫയർഫോഴ്സ് അധികൃതർ രക്ഷപ്പെടുത്തിയ കാര്യംകൂടി വിഷ്ണു വിശാൽ അറിയിച്ചു. ഇതിനൊപ്പം വിഷ്ണു പങ്കുവെച്ച ചിത്രങ്ങളിൽ ആമിർ ഖാനുമുണ്ടായിരുന്നു. ഇതോടെയാണ് ആമിറും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരിലുണ്ടായിരുന്നെന്ന് പുറംലോകമറിഞ്ഞത്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആമിർ ഖാൻ ഇപ്പോൾ ചെന്നൈ കാരപ്പാക്കത്ത് ആണ് താമസം.
‘‘ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് നന്ദി. കാരപ്പാക്കത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനകം മൂന്ന് ബോട്ടുകൾ പ്രവർത്തിക്കുന്നത് കണ്ടു. ഇത്തരം പരീക്ഷണ സമയങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മഹത്തായ പ്രവർത്തനം അഭിനന്ദനാർഹമാണ്. അക്ഷീണം പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കും നന്ദി.’’–വിഷ്ണു വിശാൽ കുറിച്ചു.
ചെന്നൈയിൽ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാർട്മെന്റിൽ കുടുങ്ങിക്കിടക്കുകയാണെന്ന് നടി കനിഹയും വെളിപ്പെടുത്തിയിരുന്നു. താമസിക്കുന്ന അപ്പാർട്മെന്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് കനിഹ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. പുറത്തിറങ്ങാൻ നിവൃത്തിയില്ലെന്നും ഇവിടെനിന്നു രക്ഷപ്പെടുത്തുക മാത്രമേ വഴിയുള്ളൂ എന്നുമായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പറഞ്ഞത്. പിന്നീട് തന്നെയും കുടുംബത്തേയും രക്ഷപ്പെടുത്തിയ വിവരവും അവർ പങ്കുവെച്ചു.


