Friday, August 15, 2025

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയിൽ മാറ്റം, ജോര്‍ജ് ആലഞ്ചേരി പുറത്ത്

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയിൽ നിന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്തേക്ക്. രാജി നേരത്തെ നല്‍കിയിരുന്നെങ്കിലും മാര്‍പ്പാപ്പ ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എറണാകുളം അങ്കമാലി അതിരൂപതയില്‍ കുര്‍ബാനരീതിയെ ചൊല്ലി നാളുകളായി നിലനിന്ന ഭിന്നതയ്‌ക്കൊടുവിലാണ് നപടപടി. ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക.

സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസ് കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി(നൂണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി ബുധനാഴ്ച അടിയന്തരമായി കൊച്ചിയിലെത്തി സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഭയുടെ ഔദ്യോഗിക വിഭാഗവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ കടുത്തഭിന്നത നിലനില്‍ക്കെയാണ് നാടകീയ പ്രഖ്യാപനം സഭാ ആസ്ഥാനത്ത് കര്‍ദിനാള്‍ നടത്തിയത്‌.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്

”മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19ന് പരിശുദ്ധ പിതാവിനെ അറിയിച്ചിരുന്നു. സഭയിലെ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും എന്റെ ആരോഗ്യ സ്ഥിതിയും ശ്രദ്ധാപൂർവം പരിഗണിച്ചാണ് ആ തീരുമാനമെടുത്തത്. സ്ഥാനമൊഴിയണമെന്ന ആഗ്രഹം അംഗീകരിക്കുന്നതിന് അഭ്യർഥിച്ചെങ്കിലും എന്റെ തീരുമാനം സ്വീകരിക്കുന്നതിനു മുൻപ്, സിറോ മലബാർ സഭയുടെ സിനഡിന്റെ അഭിപ്രായം തേടി. സിനഡ് എന്റെ തീരുമാനം അംഗീകരിച്ചില്ല.

2021 നവംബർ 15ന് വീണ്ടും പരിശുദ്ധ പിതാവിന് രാജി സമർപ്പിച്ചു. ഒരു വർഷത്തിനുശേഷം മാർപാപ്പ രാജി സ്വീകരിക്കുകയും ഔദ്യോഗിക ഉത്തരവാദിത്തത്തിൽനിന്ന് വിരമിക്കാൻ അനുവദിക്കുകയും ചെയ്തിരിക്കുകയാണ്. ഇന്നേ ദിവസം പ്രാബല്യത്തിൽ വരുന്ന വിധം സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് ഔദ്യോഗികമായി വിരമിക്കുകയാണ്,” രാജി പ്രഖ്യാപിച്ചുകൊണ്ട് ജോർജ് ആലഞ്ചേരി പറഞ്ഞു.

സഭയുടെ രീതിയനുസരിച്ച് പുതിയ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കും. ബിഷപ്പ് ബോസ്‌കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയും നല്‍കിയിട്ടുണ്ട്.

2011-ലാണ് സിറോ മലബാർ സഭ അധ്യക്ഷനായി ജോ‍‍‍ര്‍ജ് ആലഞ്ചേരി ചുമതലയേല്‍ക്കുന്നത്. മേജ‍ര്‍ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് എന്ന പേരിലായിരിക്കും ജോ‍ര്‍ജ് ആലഞ്ചേരി ഇനി അറിയപ്പെടുക.

ഭൂമിപ്രശ്നം ആരാധാനാ തർക്കം…….

എറണാകുളം – അങ്കമാലി അടക്കം സഭയുടെ മുഴുവൻ രൂപതകളിലും ഏകീകൃത കുർബാന ക്രമം ഡിസംബർ 25 മുതല്‍ നടപ്പാക്കണമെന്നാണ് വത്തിക്കാന്റെ തീരുമാനം. വത്തിക്കാന്റെ തീരുമാനം നടപ്പാക്കാൻ കഴിയാതിരുന്നതാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, കർദിനാൾ ജോർജ് ആലഞ്ചേരി എന്നിവരോട് അതൃപ്തിക്ക് ഇടയാക്കിയത്. സിറോ മലബാർ സിനഡിനെതിരെയും വത്തിക്കാന് അസംതൃപ്തിയുണ്ട്. സിനഡ് ആവശ്യപ്പെട്ടതിനാലാണ് ആർച്ച് ബിഷപ് സിറിൽ വാസിലിനെ വത്തിക്കാൻ പൊന്തിഫിക്കൽ ഡെലിഗേറ്റാക്കി അയച്ചത്.

എന്നാൽ ഡെലിഗേറ്റിന് ഒരു സഹായവും സിനഡോ സഭാ തലവനോ അഡ്മിനിസ്‌ട്രേറ്ററോ നൽകിയില്ലെന്നാണ് വത്തിക്കാൻ ചൂണ്ടിക്കാട്ടുന്നത്. ഡെലിഗേറ്റ് നടപടിയെടുത്ത് തുടങ്ങിയതോടെ ഏകീകൃത കുർബാന ക്രമത്തിലേക്ക് വിമത വിഭാഗം മാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഡെലിഗേറ്റിനെ അപ്രസക്തനാക്കി സിനഡ് കമ്മീഷൻ രൂപീകരിച്ച് വിമതരുമായി ചർച്ച നടത്തിയതും ഡെലിഗേറ്റിനെ മറികടന്ന് റിപ്പോർട്ടുകൾ വത്തിക്കാനിൽ സമർപ്പിച്ചതും വത്തിക്കാൻ കാര്യാലയങ്ങളെ ചൊടിപ്പിച്ചിരുന്നു.

പൊന്തിഫിക്കൽ ഡെലിഗേറ്റിനെ അക്രമാസക്തമായ ജനക്കൂട്ടത്തിന് നടുവിലേക്ക് വിട്ടുകൊടുത്തതും ഡെലിഗേറ്റിനെ നിയമനടപടികളിലേക്ക് വലിച്ചിഴക്കാൻ അവസരം ഒരുക്കിയതും സിനഡിന്റെ വീഴ്ചയാണെന്ന് വത്തിക്കാൻ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ സിറോ മലബാർ സഭ സിനഡ് തന്നെ താൽകാലികമായി മരവിപ്പിച്ചേക്കും. ഇതിനൊപ്പം എറണാകുളം – അങ്കമാലിക്ക് സ്വതന്ത്ര ചുമതലയുള്ള മെത്രാനെ നൽകുകയും ക്രിസ്മസ് കുർബാനയോടെ അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാനുമാണ് വത്തിക്കാൻ തീരുമാനം.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....