കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെ അട്ടിമറി സ്ഫോടനത്തിൽ പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ ആക്രമണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലില്ലി.
ഇവരുടെ ഭർത്താവ് ജോൺ ചികിത്സയിലിരിക്കെ അഞ്ചുദിവസം മുന്‍പാണ് മരിച്ചത്. റിട്ട. വില്ലേജ് ഓഫീസറാണ്. ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്.
പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോള്‍ വട്ടോളിപ്പടി പരേതനായ പുളിക്കല്‍ പൗലോസിന്റെ ഭാര്യ ലെയോണ (55), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന്‍ (53), മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപന്റെ മകന്‍ പ്രവീണ്‍ (24), പ്രവീണിന്റെ അമ്മ സാലി (റീന-45), സഹോദരി ലിബ്ന (12), ആലുവ മുട്ടം ജവാഹര്‍ നഗര്‍ ഗണപതിപ്ലാക്കല്‍ വീട്ടില്‍ മോളി ജോയ് (61) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
ഡൊമിനിക് മാർട്ടിൻ എന്ന വ്യക്തി സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കൊരട്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി താനാണ് സ്ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തി. സ്ഫോടനം നടത്തിയത് താൻ ഒറ്റയ്ക്കാണെന്നും ഇത്തരം യാഥാസ്ഥിതിക വിശ്വാസ ഗ്രൂപ്പുകളോടുള്ള പക മൂലമാണ് അക്രമം നടത്തിയതെന്നും മൊഴി നൽകുകയും ചെയ്തിരുന്നു.
വീട്ടിൽ വെച്ചാണ് സ്ഫോടക വസ്തു തയ്യാറാക്കിയത്. രണ്ട് മാസം മുമ്പേ സ്ഫോടനത്തിനായി തയ്യാറെടുപ്പ് നടത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ യൂട്യൂബ് നോക്കി പഠിച്ചു. സ്ഫോടനത്തിന്റെ തലേദിവസം ബോംബ് നിർമ്മിച്ചു. പുലർച്ചെ അഞ്ചരയ്ക്ക് തമ്മനത്തെ വീട്ടിൽ നിന്ന് ഇറങ്ങി. രാവിലെ ഏഴരയോടെ സാമ്ര കൺവൻഷൻ സെന്ററിലെ പ്രാർത്ഥനാ ഹാളിലെത്തി. സ്കൂട്ടറിലാണ് എത്തിയത്. കസേരകൾക്കിടയിലാണ് ബോംബ് വെച്ചത്. നാല് റിമോട്ടുകൾ വാങ്ങിയിരുന്നു അതിൽ രണ്ടെണ്ണം മാത്രമാണ് ഉപയോഗിച്ചതെന്നും ഡൊമിനികിന്റെ മൊഴിയിലുണ്ട്.
ബോംബിനൊപ്പം പെട്രോളും വച്ചിരുന്നതായും പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇതാണ് തീപിടുത്തവും പൊള്ളലും ഉണ്ടാക്കിയത്.
സ്ഫോടനം നടക്കവെ ഡൊമിനിക് മാർട്ടിന്റെ ഭാര്യമാതാവും സഹോദര ഭാര്യയും കൺവൻഷൻ സെന്ററിലുണ്ടായിരുന്നുവെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഡൊമിനിക് മാർട്ടിന്റെ ഭാര്യ മിനിയുടെ മൊഴിയിലാണ് ഇക്കാര്യമുളളത്. കൊച്ചി എളംകുളം സ്വദേശിയാണ് ഡൊമിനിക് മാർട്ടിൻ. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്‍റെ സമാപന ദിവസമാണ് സ്ഫോടനമുണ്ടായത്.