ചോദ്യത്തിന് കോഴവാങ്ങി എന്നപേരിൽ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്ക് എതിരായ നീക്കത്തിന് പരിസമാപ്തി. മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാര്‍ലമെൻ്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന് തുടർച്ചയായാണ് പുറത്താക്കൽ നടത്തിയത്.
മെഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കമ്മിറ്റി നേരത്തെ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് മുൻനിർത്തി പ്രമേയം അവതരിപ്പിച്ച് പാസാക്കിയാണ് ലോക്‌സഭാ അംഗത്വത്തിൽ നിന്ന് മെഹുവയെ പുറത്താക്കിയത്.
എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സമ്മതിച്ചില്ല. മെഹുവയ്ക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. പ്രതിപക്ഷം ലോക്സഭയിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയതോടെയാണ് പുറത്താക്കൽ പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് വോട്ടെടുപ്പ് നടത്താനായി പാര്‍ലമെന്റ് ചേര്‍ന്നപ്പോൾ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമുയര്‍ത്തിയത്. ഇന്ത്യ സംഖ്യം എംപിമാര്‍ പാര്‍ലമെന്റിന്റെ നടുക്കളത്തിലിറങ്ങി. പ്രതിഷേധം കനത്തതോടെ ലോക്സഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചിരുന്നു.
എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ സംസാരിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചിരുന്നുവെന്ന നിലപാടാണ് സ്പീക്കർ എടുത്തത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്.
ലോക്സഭയില്‍ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയാണ് ലോക്‌സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നത്. തുടര്‍ന്ന് സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു.
അദാനി ബന്ധത്തെ കുറിച്ച് നിരന്തരം ചോദ്യം ചോദിച്ച മഹുവ

പാര്‍ലമെന്റിൽ ഭയമില്ലാതെ മോദിക്കെതിരെ അടക്കം രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് ശ്രദ്ധേയായിരുന്നു എംപിയായ മഹുവ മൊയ്ത്ര. ഇവരെ പൂട്ടാനുളള ബിജെപി ശ്രമങ്ങളാണ് ഇപ്പോൾ വിജയം കണ്ടത്.
അദാനിക്കെതിരെ നിരന്തരം ചോദ്യം ഉയർത്തുന്നതിലെ പകയാണ് നീക്കത്തിന് പിന്നിലെന്നാണ് മഹുവ മൊയ്ത്രയുടെയും പ്രതിപക്ഷത്തിന്റെയും നിലപാട്. താൻ പോരാടുമെന്നാണ് മഹുവ മൊയ്ത്ര ഇന്ന് പ്രതികരിച്ചത്. ‘വസ്ത്രാക്ഷേപമാണ് നടത്തുന്നത്. ഇനി മഹാഭാരത യുദ്ധം കാണാമെന്നും മഹുവ മൊയ്ത്ര പാര്‍ലമെന്‍റിലേയ്ക്ക് കയറും മുമ്പ് പറഞ്ഞിരുന്നു.