2018 മുതല്‍ 2023വരെ രാജ്യത്തെ ഹൈക്കോടതികളില്‍ നിയമിതരായ ജഡ്ജിമാരില്‍ 75.69 ശതമാനവും സവർണ ജാതികളിൽ നിന്നുള്ളവരെന്ന് കേന്ദ്ര നിയമ മന്ത്രാലയം. ഈ അഞ്ചുവര്‍ഷത്തിനിടെ 650 ഹൈക്കോടതി ജഡ്ജിമാരാണ് നിയമിതരായത്. ഇതുപ്രകാരമുള്ള ശതമാന കണക്കിലാണ് ഞെട്ടിക്കുന്ന അന്തരം വ്യക്തമാവുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തെ നിയമനങ്ങളിൽ 492പേരും സവർണ ജാതികളിലെ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. 23പേര്‍ മാത്രമണ് പട്ടികവിഭാഗങ്ങളില്‍ നിന്നുള്ളത്. 10 പേര്‍ പട്ടിക വര്‍ഗത്തില്‍പ്പെട്ട ജഡ്ജിമാരും 76 പേര്‍ മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരും 36പേര്‍ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരുമാണ്.
3.54 ശതമാനമാണ് പട്ടിക വിഭാഗം ജഡ്ജിമാരുള്ളത്. 1.54 ശതമാനമാണ് പട്ടികവര്‍ഗത്തില്‍ നിന്നുള്ള ജഡ്ജിമാര്‍. ഒബിസി വിഭാഗത്തിലുള്ള ജഡ്ജിമാരുടെ ശതമാനം വെറും 11.7 ആണ്. മതന്യൂനപക്ഷങ്ങളുടെ ശതമാന കണക്ക് 5.54 ആണ്. ഇവയെല്ലാം കൂടി ചേര്‍ത്ത് 22.4 ശതമാനമാണ് ആകെയുള്ളത്. 13 ജഡ്ജിമാരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നും കേന്ദ്രം പറയുന്നു.
ഏറ്റവും പിന്നോക്കം വനിതകൾ

സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ മറുപടി നല്‍കിയത്. സുപ്രീംകോടതിയിലും ഹൈക്കോടതികളിലുമായി 824 ജഡ്ജിമാരാണുള്ളത്. ഇതില്‍ 111 പേര്‍ മാത്രമാണ് വനിതാ ജഡ്ജിമാര്‍. ആകെ ജഡ്ജിമാരുടെ 13.5 ശതമാനം മാത്രമാണ് വനിതാ ജഡ്ജിമാരുള്ളത്. സുപ്രീംകോടതിയില്‍ ആകെയുള്ള 34 ജഡ്ജിമാരില്‍ മൂന്നുപേര്‍ മാത്രമാണ് വനിതകള്‍. 108 വനിതാ ജഡ്ജിമാരാണ് ഹൈക്കോടതികളിലുള്ളത്. ഇതില്‍ അഞ്ച് വനിതാ ജഡ്ജിമാര്‍ കേരള ഹൈക്കോടതിയിലുണ്ട്.
ജഡ്ജി നിയമനങ്ങള്‍ക്കുള്ള പ്രൊപ്പോസലുകള്‍ അയയ്ക്കുമ്പോള്‍, പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി, മതന്യൂനപക്ഷങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് അഭ്യര്‍ഥിക്കുന്നതായാണ് കേന്ദ്ര നിയമമന്ത്രി വിശദീകരിച്ചത്.