ഭാര്യയ്ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്ന വിചിത്ര വിധിയുമായി അലഹാബാദ് ഹൈക്കോടതി. പ്രകൃതിവിരുദ്ധ പീഡനവും ലൈംഗിക ആക്രമണവും നടത്തിയെന്നാരോപിച്ച് പെൺകുട്ടി നല്‍കിയ കേസില്‍ ഭര്‍ത്താവിനെ ഹൈക്കോടതി കുറ്റമുക്തനാക്കുകയും ചെയ്തു. ഈ വിധിന്യായത്തിലാണ് കോടതിയുടെ വിചിത്ര പരാമര്‍ശം.
ഭര്‍തൃബലാത്സംഗം ഇന്ത്യയില്‍ ഇതുവരെ കുറ്റകരമാക്കിയിട്ടില്ലെന്നതാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര ഇതിന് പശ്ചാത്തലമായി വിവരിച്ചത്.ഭര്‍തൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ് എന്നും അലഹാബാദ് ഹൈക്കോടതി ഇതിന് ന്യായമായി ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് 18 വയസോ അതില്‍ കൂടുതലോ ആണെങ്കില്‍ വൈവാഹിക ബലാത്സംഗം ശിക്ഷിക്കാന്‍ തക്കതായ കുറ്റമല്ലെന്നും സുപ്രീം കോടതി ഇതില്‍ തീരുമാനമെടുക്കുന്നതുവരെ അത് അങ്ങനെ തന്നെ തുടരുമെന്നും ഹൈക്കോടതി എടുത്തു പറയുകയും ചെയ്തു.
ഭര്‍തൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഈ വര്‍ഷം ആദ്യംസുപ്രീം കോടതി പരിഗണിച്ചിരുന്നു. ഭര്‍തൃബലാത്സംഗം കുറ്റകരമാക്കുന്നത് ‘സാമൂഹ്യമായ പ്രത്യാഘാതങ്ങള്‍’ ഉണ്ടാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
377-ാം വകുപ്പ് പ്രകാരമുള്ള ‘പ്രകൃതിവിരുദ്ധ പീഡന’ത്തിന് വൈവാഹിക ബന്ധത്തില്‍ സ്ഥാനമില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി ഉണ്ടായിരുന്നു. ഇത് അലഹാബാദ് ഹൈക്കോടതി പ്രത്യേകം ചൂണ്ടികാണിക്കുകയും ചെയ്തു.
വിവാഹജീവിതം ദുരിതപൂര്‍ണ്ണമാണെന്നും വാക്കുകള്‍ കൊണ്ടും ശാരീരികമായും ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുകയുമാണെന്നായിരുന്നു ഭാര്യയുടെ പരാതി. ബലം പ്രയോഗിച്ച് പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നും പരാതിയിലുണ്ടായിരുന്നു.
കൊൽക്കത്ത ഹൈക്കോടതിയെ സുപ്രീം കോടതി വിമർശിച്ചതിന് പിന്നാലെ
രണ്ട് മിനുട്ടിലെ സന്തോഷം കണ്ടെത്തുന്നതിന് പകരം കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ലൈംഗിക ആവശ്യങ്ങളെ നിയന്ത്രിക്കണമെന്ന കല്‍ക്കട്ട ഹൈക്കോടതി പരാമര്‍ശത്തിനെതിരെ സുപ്രീം കോടതി കടുത്ത വിമർശനം നടത്തിയിരുന്നു. പരാമര്‍ശങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതും ആവശ്യമില്ലാത്തതുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജഡ്ജിമാര്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിധിന്യായത്തില്‍ എഴുതരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. പഴഞ്ചൻ ചിന്താഗതികളെ പിന്തുടരുന്ന സാഹചര്യം തുടരുന്ന സാഹചര്യമാണ് വിമർശനത്തിന് ഇടയാക്കിയത്.
ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുണ്ട്. ഇതിന്റെ ലംഘനമാണ് ഹൈക്കോടതിയുടെ പരാമര്‍ശമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിയില്‍ സ്വമേധയാ ഹര്‍ജി സ്വീകരിച്ച സുപ്രീം കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും മറ്റ് എതിര്‍ കക്ഷികള്‍ക്കും നോട്ടീസയച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയോ എന്ന് അറിയിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ ദിവസം നല്‍കിയ നിര്‍ദ്ദേശം.
പോക്‌സോ കേസിൽ പ്രതിയാക്കപ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് കൊൽക്കത്ത ഹൈക്കോടതിയുടെ നിരീക്ഷണം. രണ്ട് മിനുട്ടിലെ സന്തോഷം കണ്ടെത്തുന്നതിന് പകരം ലൈംഗിക ആവശ്യങ്ങളെ കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ നിയന്ത്രിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞത്.