സുൽത്താൻ ബത്തേരി വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് കടുവ വീണ്ടും എത്തി. ഇന്ന് രാവിലെ പ്രദേശത്ത് കണ്ട കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് കാൽപ്പാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചത്.
കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. കടുവയെ പിടിക്കാനുള്ള ഉത്തരവ് ഇറങ്ങാതെ ബോഡി വാങ്ങില്ലെന്ന നിലപാടിലാണ് നാട്ടുകാരും ബന്ധുക്കളും. ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും താലൂക്ക് ആശുപത്രി മോർച്ചറിക്ക് മുമ്പിൽ പ്രതിഷേധിക്കുകയാണ്.
ഇന്നലെ രാവിലെ 11 മണിയോടെ, പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ടൈർഗ ഫണ്ടുകൾ എവിടെ പോകുന്നു, മനുഷ്യ സുരക്ഷ പരിധിയിൽ ഇല്ലെ
2015 ഫെബ്രുവരി 10ന് നൂൽപ്പുഴ പഞ്ചായത്തിലെ മൂക്കുത്തി കുന്നിൽ ഭാസ്‌കരൻ എന്ന അറുപത്തിയാറുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അതേവർഷം ജൂലൈയിൽ കുറിച്യാട് വനഗ്രാമത്തിൽ ബാബുരാജ് എന്ന ഇരുപത്തിമൂന്നുകാരൻ, നവംബറിൽ തോൽപ്പെട്ടി റേഞ്ചിലെ വനം വകുപ്പ് വാച്ചർ, കക്കേരി കോളനിയിലെ ബസവ എന്ന 44കാരൻ എന്നിവരും കൊല്ലപ്പെട്ടു. 2019 ഡിസംബർ 24ന് ബത്തേരി, പച്ചാടി, കാട്ടുനായ്ക്കർ കോളനിയിലെ 60 കാരനായ ജഡയൻ എന്ന മാസ്തിയും കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2020 ജൂൺ 16ന് ബസവൻ കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാർ എന്ന യുവാവും കടുവക്കിരയായി.
ഈ വർഷം ഇത് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി പന്ത്രണ്ടിന് പുതുശ്ശേരി വെള്ളാനംകുന്ന് പള്ളിപ്പുറത്ത് തോമസ് എന്ന അൻപതുകാരൻ മരിച്ചിരുന്നു. ഇപ്പോൾ മുപ്പത്തിയാറ് വയസ്സുള്ള ക്ഷീരകർഷകൻ പ്രതീഷും. മുപ്പത് വർഷം കൊണ്ട് വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 116 പേരെന്നാണ് കണക്ക്.
വെടിവെച്ച് കൊല്ലണം – ജോസ് കെ മാണി
സുൽത്താൻ ബത്തേരിയിൽ ഒരാളെ കൊല്ലുകയും മനുഷ്യ മാംസം ഭക്ഷിക്കുകയും മനുഷ്യച്ചോര രുചിക്കുകയും ചെയ്ത നരഭോജിയായ കടുവയെ കണ്ടാലുടൻ വെടിവെച്ചു കൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു. ഈ കടുവയെ മയക്കുവെടി വെച്ച് പിടിച്ച് മറ്റൊരു വനമേഖലയിൽ വിട്ടാൽ തൊട്ടടുത്ത ജനവാസ മേഖലയിൽ മനുഷ്യ മാംസം തേടി വീണ്ടുമെത്തുമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി