സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു.
ഡിസംബർ 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി അർപ്പിച്ച കർത്തവ്യം കഴിവിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന അതേ അളവിൽ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും ശ്രമിക്കും.
ബിനോയിയെ സെക്രട്ടറിയാക്കുന്നതിനാണ് സംസ്ഥാനഘടകത്തിലും മുൻതൂക്കം ഉണ്ടായിരുന്നത്. ആറുമാസത്തിനകം അദ്ദേഹം എം.പി. കാലാവധി പൂർത്തിയാക്കും. കാനത്തിന്റെ ആഗ്രഹംകൂടി പരിഗണിച്ചാണ് അദ്ദേഹത്തിന് സംസ്ഥാന ഘടകത്തിന്റെ ചുമതല നൽകിയത്. ബിനോയ് വിശ്വത്തിന് താത്കാലിക ചുമതല നല്‍കണമെന്ന് നേരത്തെ ചികിത്സയ്ക്കുവേണ്ടി അവധിക്ക് അപേക്ഷിച്ച സമയത്ത് കാനം രാജേന്ദ്രന്‍ സിപിഐ കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച് സെക്രട്ടറിസ്ഥാനത്തേക്ക് മറ്റൊരുപേര് ഉയർന്നില്ല.
2006-11 കാലയളവില്‍ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്നു ബിനോയ് വിശ്വം.