ലോക അത്ലറ്റിക്സിലെ 2023-ലെ പുരുഷ കായിക താരമായി അമേരിക്കയുടെ അതിവേഗ ഓട്ടക്കാരന് നോഹ ലൈല്‍സ്. മികച്ച ട്രാക്ക് അത്ലറ്റായാണ് ലൈല്‍സിനെ തിരഞ്ഞെടുത്തത്. മികച്ച ഫീല്‍ഡ് അത്ലറ്റ് സ്വീഡന്റെ അര്‍മാന്‍ഡ് ഡ്യുപ്ലാന്റിസാണ്.
കെനിയയുടെ ദീര്‍ഘദൂര ഓട്ടക്കാരി ഫെയ്ത്ത് കിപ്യോഗണാണ് മികച്ച വനിതാ ട്രാക്ക് താരം.

ലോക അത്ലറ്റിക്സില് 100, 200 മീറ്ററുകളില്‍ ചാമ്പ്യനായതും സ്വര്‍ണം നേടിയ യു.എസ്.എ.യുടെ റിലേ ടീമിലും അംഗമായതും ഉള്‍പ്പെടെ മൂന്ന് സ്വര്‍ണനേട്ടം കൊയ്തതിന്റെ അടിസ്ഥാനത്തിലാണ് ലൈല്‍സിനെ പരിഗണിച്ചത്. പോള്‍വാള്‍ട്ടില്‍ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ മത്സരങ്ങളില്‍ തന്റെതന്നെ പേരിലുള്ള ലോകറെക്കോഡ് മാറ്റിക്കുറിച്ചതാണ് അര്‍മാന്‍ഡ് ഡ്യുപ്ലാന്റിസിനെ പുരസ്കാരാര്‍ഹനാക്കിയത്.
മധ്യ, ദീര്‍ഘദൂര ഓട്ടത്തില്‍ മൂന്ന് ലോകറെക്കോഡുകള്‍ സ്വന്തം പേരില്‍ കുറിച്ചത് കിപ്യോഗണക്കും നേട്ടമായി. 2023-ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1,500, 5000 മീറ്ററുകളിലാണ് ലോകറെക്കോഡ് നേട്ടം. വെനസ്വേലയുടെ ട്രിപ്പിള്‍ ജമ്പര്‍ യൂലിമര്‍ റോജാസാണ് മികച്ച വനിതാ ഫീല്‍ഡ് അത്ലറ്റ്. ട്രിപ്പിള്‍ ജമ്പില്‍ നാലാംതവണയും ലോകചാമ്പ്യനായത് പരിഗണിച്ചാണ് അവാര്‍ഡ് നേട്ടം.
അഞ്ചുപേരുള്‍പ്പെട്ട അന്തിമ പട്ടികയില്‍ ഇന്ത്യയുടെ ജാവലിന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര ഉള്‍പ്പെട്ടിരുന്നു. ലോക അത്ലറ്റിക്സിലും ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണവും ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനവും നേടിയത് പരിഗണിച്ചാണ് നീരജിനെ പുരുഷവിഭാഗത്തില്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
തിങ്കളാഴ്ച ഫ്രാന്‍സിലെ മൊണാക്കോയിലാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്. ലോക അത്ലറ്റിക്സ് കൗണ്‍സിലും വേള്‍ഡ് അത്ലറ്റിക്സ് ഫാമിലിയും ആരാധകരും ചേര്‍ന്ന് നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ നിശ്ചയിക്കുന്നത്. വോട്ടിങ് ഒക്ടോബര്‍ 28-ന് പൂര്‍ത്തിയായിരുന്നു. 20 ലക്ഷത്തോളം പേരാണ് വോട്ട് ചെയ്തത്.