ഹാദിയ കേസിൽ നടപടികൾ അവസാനിപ്പിച്ചതായി ഹൈക്കോടതി. മകളെ ഏതാനും ആഴ്ചചകളായി കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകനാണ് ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഹാദിയയെ വാർത്തകളിൽ എത്തിച്ച ഈ ഹർജിയിലാണ് നടപടികൾ അവസാനിപ്പിക്കുന്നതായി കോടതി അറിയിച്ചത്.
കേസ് പരിഗണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വിശദമായ റിപ്പോർട്ട് നൽകണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഹാദിയ പുനർവിവാഹിതയായ ശേഷം തിരുവനന്തപുരത്ത് താമസിച്ചു വരികയാണെന്നുള്ള റിപ്പോർട്ടാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. ഹാദിയ നിയമവിരുദ്ധമായ തടങ്കലിലല്ല എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. താൻ ആരുടേയും തടങ്കലിലല്ല കഴിയുന്നതെന്ന ഹാദിയയുടെ മൊഴിയും പൊലിസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ഹാദിയയെ കാണാനില്ലെന്ന കേസിലെ നടപടികൾ അവസാനിപ്പിച്ചതായി കോടതി അറിയിച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി മകളെ കാണാനില്ലെന്നും മലപ്പുറം സ്വദേശിനി സൈനബ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഹാദിയയെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു പിതാവ് അശോകന്റെ പരാതി. ഇത് ചൂണ്ടിക്കാട്ടിയാണ് ഹേബിയസ് കോർപ്പസ് ഹർജിയുമായി അശോകൻ ഹൈക്കോടതിയെ സമീപിച്ചത്.
വൈക്കം സ്വദേശിനിയായ ഹാദിയ തമിഴ്നാട്ടിൽ വിദ്യാർത്ഥി ആയിരിക്കേയാണ് മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം ചെയ്തുകൊണ്ട് വാർത്തകളിൽ നിറയുന്നത്.ലൗ ജിഹാദ് അടക്കമുള്ള ആരോപണങ്ങളാൽ മാസങ്ങളോളം വിവാദങ്ങളുടെ നിഴലിലായിരുന്ന ഹാദിയയുടെ വിവാഹം. ഹൈക്കോടതിയിൽ ഹായിയയ്ക്ക് എതിരായി വന്ന വിധി വിവാദമായിരുന്നു. പിന്നീട് സുപ്രീം കോടതി ഹാദിയയുടെ ഇഷ്ടം ശരിവെക്കുകയായിരുന്നു.