സാമൂഹിക ക്ഷേമ പെൻഷൻ വിവാദത്തിലൂടെ ശ്രദ്ധേയയായ മറിയക്കുട്ടി സംഘപരിവാർ വേദിയിൽ. കുമ്മനം രാജശേഖരനിൽ നിന്നും മധുരം വാങ്ങിക്കൊണ്ട് അവർ പരിപാടി ഉദ്ഘാനം ചെയ്തു.
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിക്കയും കോടതിയിൽ എത്തുകയും ചെയ്ത അടിമാലി സ്വദേശി മറിയക്കുട്ടി പിണറായി സർക്കാരിനെ നിശിതമായി വിമർശിച്ചാണ് വേദിയിൽ നിറഞ്ഞത്.
ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മറിയക്കുട്ടി. പരിപാടിയില്‍ പങ്കെടുത്ത ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ മറിയക്കുട്ടിക്ക് മധുരം നല്‍കി. പ്രതിഷേധം നടത്തിയവരെ തല്ലിയ പൊലീസുകാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിട്ടിട്ടുണ്ടെന്നും മറിയക്കുട്ടി ഓർമ്മപ്പെടുത്തി. തൃശൂർ കോർപറേഷൻ ഓഫീസിന് മുൻവശത്ത് ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്കായിരുന്നു ക്രിസ്മസ് സായാഹ്നം.
ബി ജെ പി ഇനിയും വരും, വിരോധം സി പി എമ്മിനോട്
കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഇത്തവണയും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച മറിയക്കുട്ടി സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ചു. ക്രിസ്മസിന് ജനങ്ങൾക്ക് അഞ്ചു പൈസ കൊടുത്തിട്ടില്ല. അരിയും സാധനവും കിട്ടിയിട്ടില്ല. ആൾക്കാർ പട്ടിണിയിലാണ്. ഇതൊക്കെ എന്ന് കൊടുക്കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രി കൊടുത്ത 1000 കോടി പോലും സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. അതെങ്കിലും കൊടുക്കേണ്ടേ. ഇത്രയും നാളും പറഞ്ഞത് കേന്ദ്രത്തിൽനിന്ന് കിട്ടിയില്ല എന്നാണ്. ഇപ്പോൾ കേന്ദ്രത്തിൻ്റെ കിട്ടിയല്ലോയെന്നും മറിയക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് കാലത്ത് പ്രധാനമന്ത്രി തന്ന അരിയും സാധനവും കൊണ്ട് സുഖമായി ജീവിച്ചു. പിണറായിയുടെ ഒരു സാധനവും ഞങ്ങൾക്ക് കിട്ടുന്നില്ല. പിണറായിയെ താഴെയിറക്കും വരെ പ്രതിഷേധം തുടരും. കാരണം ഭരണം മതിയായി. പിണറായിയെ താഴെയിറക്കാനായി എല്ലാ രാഷ്ട്രീയക്കാരും ഒന്നിക്കണമെന്നും മറിയക്കുട്ടി പറഞ്ഞു.
സുരേഷ് ഗോപി ജയിച്ചാൽ നാട് നന്നാകും
സിപിഎം ഒഴിച്ച് ഏതു പാർട്ടിയുടെയും പരിപാടികൾക്ക് വിളിച്ചാൽ താൻ പോകും. അതിന് പിണറായിയുടെ സർട്ടിഫിക്കറ്റ് വേണ്ട. ആർഎസ്എസോ ബിജെപിയോ മുസ്ലീം ലീഗോ കോൺഗ്രസോ വിളിച്ചാൽ താൻ പോകും. പിണറായി ഭരണത്തിൽ നാട് മുഴുവൻ കുട്ടിച്ചോറായി. ശബരിമലയിൽ പോയി കുളം കലക്കിയില്ലേ. സിപിഎമ്മിൻ്റെ ഗുണ്ടകൾക്ക് മാത്രമാണ് ഇവിടെ ജോലി. പ്രതിഷേധിച്ചവരെ തല്ലിയ പോലീസുകാരെ മാർക്ക് ചെയ്തിട്ടുണ്ട്. പിണറായി സർക്കാർ പോകുമെന്ന് പോലീസുകാർ ഓർക്കണം. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ നാട് നന്നാകുമെന്നും മറിയക്കുട്ടി പറഞ്ഞു.