നിതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ.
ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെ കമ്മിഷന്റെ സെക്രട്ടറിയായിരിക്കും
ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. നിലവില്‍ കൊളംബിയ സര്‍വകലാശാലയില്‍ പ്രൊഫസറായും പനഗരിയ സേവനം അനുഷ്ഠിക്കുന്നുണ്ട്.
കമ്മീഷൻ അഞ്ച് വർഷ (2026-27 മുതൽ 2030-31 വരെ) കാലയളവിനുള്ള റിപ്പോർട്ട് 2025 ഒക്ടോബർ 31-നകം രാഷ്ട്രപതിക്ക് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മാസം 16-ാം ധനകാര്യ കമ്മിഷന്റെ വ്യവസ്ഥകളും പരിഗണനാ വിഷയങ്ങളും അംഗീകരിച്ചിരുന്നു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി വിഭജനവും വരുമാന വർദ്ധന നടപടികളും നിർദ്ദേശിക്കുന്നതിനു പുറമേ, ദുരന്ത നിവാരണ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള നിലവിലെ ക്രമീകരണങ്ങളുടെ അവലോകനവും കമ്മീഷൻ നിര്‍വഹിക്കും.
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷൻ. 2021- 22 മുതൽ 2025- 26 വരെയുള്ള അഞ്ച് വർഷ കാലയളവിൽ കേന്ദ്രത്തിന്റെ വിഭജിക്കാവുന്ന നികുതി വിഭാഗത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് എൻ കെ സിങ്ങിന്റെ കീഴിലുള്ള 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു