പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര് മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ ലഭിച്ച നല്ലൊരു അവസരം പാഴാക്കിയതായി മാര്‍ത്തോമാ സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ പൗലോസ്.
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നതിനിടയില്‍ വിരുന്നിൽ പങ്കെടുത്തു മടങ്ങിയ മത പുരോഹിതരെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് നയതന്ത്രപരമായ പ്രതികരണം. ഇതു സംബന്ധിച്ച മന്ത്രി സജി ചെറിയാൻ്റെ സമാനമായ പ്രസ്താവന വിവാദമായിരുന്നു.

വിരുന്ന് മനോഹരമായിരുന്നെന്നും എന്നാല്‍, ഞങ്ങളുടെ ഹൃദയം എരിയുകയാണെന്നും
മണിപ്പൂര്‍ പോലെയുള്ള പ്രശ്നങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ പറയേണ്ടകാര്യങ്ങള്‍ പറയേണ്ടവിധത്തില്‍ ബന്ധപ്പെട്ടവരോട് പറയാന്‍ നമുക്ക് കഴിയണം. ഡല്‍ഹിയിലെ ചടങ്ങില്‍ പങ്കെടുത്തപ്പോഴും ഉത്തരവാദപ്പെട്ടവര്‍ക്ക് പ്രസംഗമധ്യേ ഇക്കാര്യം പറയാമായിരുന്നു. വിരുന്ന് മനോഹരമായിരുന്നെന്നും എന്നാല്‍, ഞങ്ങളുടെ ഹൃദയം എരിയുകയാണെന്നും അവര്‍ക്ക് പറയാമായിരുന്നു. അവര്‍ എന്തുകൊണ്ട് അത് പറഞ്ഞില്ല എന്ന കാര്യം ഇപ്പോള്‍ സമൂഹം ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുത്തൽ ശക്തിയാവേണ്ട സമയം അതിക്രമിച്ചു
മണിപ്പൂരിലെ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ നാവടങ്ങിപ്പോയെങ്കില്‍ നിശ്ചയമായും നമ്മള് സൗകര്യപൂര്‍വം ഒത്തുതീര്‍പ്പിലെത്തുകയാണ്. അതില്‍നിന്ന് സഭ വിട്ടുനില്‍ക്കണം എന്നതുതന്നെയാണ് എന്റെ അഭിപ്രായം. ഭാരതത്തിന്റെ തിരുത്തല്‍ശക്തിയായി ക്രൈസ്തവ സമൂഹം നില്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ന് നാം ശബ്ദിച്ചില്ലെങ്കില്‍ പിന്നെ ഒരിക്കലും ശബ്ദിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാൻ തുറന്നു വിട്ടത്
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത് കേക്കും മുന്തിരി വാറ്റിയതും കഴിച്ച് രോമാഞ്ചംകൊണ്ട് പോന്ന ബിഷപ്പുമാര്‍ പ്രധാനമന്ത്രിയോട് മണിപ്പൂര്‍ വിഷയം പറയാന്‍ മറന്നുപോയെന്നാണ് സജി ചെറിയാന് തുറന്നടിച്ചത്.
മണിപ്പൂര്‍ വിഷയം ലോകമാകെ ആളിക്കത്തിയിട്ടും ഇന്ത്യയിലെ ക്രൈസ്തവ സഭാ നേതൃത്വം ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് മുതിരാത്തതില്‍ വിശ്വാസികള്‍ക്കിടയിലും അതൃപ്തി ഉണ്ടായിരുന്നു.
അതിനിടയിലാണ് പ്രധാനമന്ത്രി വിളിച്ച വിരുന്നില്‍ രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ ഉള്‍പ്പെടെ 60 ഓളം ക്രൈസ്തവ സഭാ മേധാവികള്‍ പങ്കെടുത്തത്.
പ്രധാനമന്ത്രിയുടെ വിരുന്ന് നടക്കുമ്പോഴും അതിനു ശേഷവും മണിപ്പൂരില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിച്ചു. റോക്കറ്റ് ലോഞ്ചറുകൾ വരെ ഉപയോഗിച്ചാണ് ആക്രമണം. പള്ളികള്‍ തകര്‍ന്ന അവസ്ഥയില്‍ തന്നെ കിടക്കുന്നു.
ആ സാഹചര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ലഭിച്ച അവസരം ബിഷപ്പുമാര്‍ എന്തുകൊണ്ട് വിനിയോഗിച്ചില്ല എന്ന ചോദ്യം വിശ്വാസികള്‍ക്കിടയില്‍ ശക്തമാണ്. ആ വികാരമാണ് മന്ത്രി സജി ചെറിയാനിലൂടെ പുറത്തുവന്നത്. കാലങ്ങളായി ക്രിസ്ത്യന്‍ ബിഷപ്പുമാര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ബിജെപി അനുകൂല സമീപനങ്ങള്‍ക്കുള്ള സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള അടികൂടിയായിരുന്നു മന്ത്രിയുടെ സമർത്ഥമായ പ്രയോഗം. പക്ഷെ അതിലെ കേക്കും വീഞ്ഞും പുരോഹിതർക്ക് പഴുത് നൽകി.