ഗൂഗിളിൽ എന്ത് മിണ്ടിയാലും പറഞ്ഞാലും പിന്നാലെ നമ്മുടെ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ അതുമായി ബന്ധപ്പെട്ട പരസ്യം നിറയുന്നത് തടയാൻ അറ്റകൈ പ്രയോഗത്തിന് ഗൂഗിൾ. ഉപഭോക്താക്കളുടെ നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രയോജനപ്പെടുത്തപ്പെട്ടിരുന്ന തേഡ് പാര്‍ട്ടി കുക്കീസ് നിർത്തലാക്കുകയാണെന്ന് ഗൂഗിള്‍ ക്രോം പ്രഖ്യാപിച്ചു. ഇതിനായി പുതിയ ട്രാക്കിങ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ക്രോം ബ്രൗസറില്‍ അവതരിപ്പിച്ചാണ് തുടക്കം.
ഏകദേശം മൂന്ന് കോടിയോളം വരുന്ന ഗൂഗിള്‍ ക്രോമിന്റെ ആഗോള ഉപഭോക്താക്കളില്‍ ഒരു ശതമാനത്തിലേക്കാണ് ഈ മാറ്റം ആദ്യ എത്തിക്കുക. കാരണം പരസ്യ ദാതാക്കളുടെ ലോബി അത്രയും ശക്തമാണ്. പരീക്ഷണം എന്ന നിലയ്ക്കാണ് ഗൂഗിള്‍ ഈ മാറ്റം അവതരിപ്പിക്കുന്നത്. ഇവര്‍ഷം അവസാനത്തോടെ ആഗോള തലത്തില്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി നടപ്പിൽ വരും എന്നാണ് ഗൂഗിൾ ബ്ലോഗിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

പരസ്യ താത്പര്യങ്ങളും സ്വകാര്യതയും നേർക്കുനേർ
പരസ്യ വിതരണത്തിന് കുക്കീസ് അത്യാവശ്യ ഘടകമാണെന്നാണ് വിവിധ വെബ്സൈറ്റുകള്‍ വ്യക്തമാക്കുന്നത്. എ ഐ സാങ്കേതികത ഉപയോഗിച്ച് ഓരോ വ്യക്തിയുടെ ഓൺലൈൻ വ്യക്തിത്വം മനസിലാക്കിയാണ് പരസ്യങ്ങൾ വിതരണം ചെയ്യുന്നത്. ഇതിനെതിരെ തേഡ് പാര്‍ട്ടി കുക്കീസ് വിലക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യതയില്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇത് എങ്ങിനെ ഒത്തു പോകും എന്നതാണ് ഇപ്പോഴത്തെ ചോദ്യം.
കുക്കീസ് എന്ന തോഴനും ചാരനും
കുക്കീസ് ഓരോ വെബ് സൈറ്റിൻ്റെയും എളുപ്പത്തിലുള്ള ലോഡിങ്ങിനും ബ്രൌസിങ്ങിനും സഹായിക്കും. എന്നാൽ ആ വെബ്സൈറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഓള്‍ലൈനില്‍ കാണുന്നതിന് കാരണം തേഡ് പാര്‍ട്ടി കുക്കീസ് ആണ്. ഒരു സൈറ്റില്‍ എന്താണ് ചെയ്യുന്നത്, എവിടെയുള്ള ആളാണ്, ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത്, ഒരു വെബ്സൈറ്റില്‍ നിന്ന് അടുത്തതായി ഏതിലേക്കാണ് മാറുന്നത്. എത്ര നേരം ബ്രൌസ് ചെയ്യുന്നു. കൂടുതൽ ഓൺലൈൻ ആവുന്ന സമയം ഏതാണ്. ദിവസം ഏതാണ് ഇവയൊക്കെ കുക്കീസില്‍ ശേഖരിക്കപ്പെടും.

2019 ല്‍ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചിരുന്നു. കുക്കീസിന് പകരം മറ്റ് സംവിധാനങ്ങള്‍ അവതരിപ്പിക്കാനും കമ്പനി ശ്രമിച്ചു. ‘ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേര്‍ട്സ്’ എന്ന ‘ഫ്ളോക്ക്’ 2021 ല്‍ അവതരിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. എന്നാല്‍ സ്വകാര്യത സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ഫ്ളോക്ക് ഒഴിവാക്കി.

ഇതിന് ശേഷമാണ് നിലവിലുള്ള ആഡ് ടോപ്പിക്സ്’ എന്ന രീതി പരസ്യങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുന്നതിനായി ഉപയോഗിച്ച് തുടങ്ങിയത്. ക്രോമിലുള്ള ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ച് ഉപഭോക്താവിന് താല്പര്യമുള്ള വിഷയങ്ങള്‍ തീരുമാനിക്കുന്നു. ഇതനുസരിച്ച് പരസ്യങ്ങള്‍ നല്കുന്നു. ഫ്ളോക്കിന് സമാനമാണ് ഇതെങ്കിലും ഉപഭോക്താക്കളെ പ്രത്യേകം ഗ്രൂപ്പുകളാക്കി മാറ്റില്ല. പകരം തല്പര വിഷയങ്ങളുടെ ഒരു പട്ടികയാണ് ഉണ്ടാക്കുക. ഇതോടെ കുക്കീസ് ശേഖരിക്കുന്നതിന് പകരം ഉപഭോക്താക്കളുടെ താല്പര്യങ്ങള് കണ്ടെത്തി ആഡ് ടോപ്പിക്കുകളായി ഉപകരണത്തില്‍ ശേഖരിക്കും. ഈ ആഡ് ടോപ്പിക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും വെബ്സൈറ്റുകള്‍ ഉള്ളടക്കങ്ങള്‍ നിങ്ങള്‍ക്ക് നിര്‍ദേശിക്കുക.