ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ വിട്ടയയ്ക്കപ്പെട്ട പ്രതികളെ തിരികെ ജയിലിൽ അടയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്. കേസിൽ പതിനൊന്ന് പ്രതികളേയും വെറുതെവിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കി. പ്രതികൾ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവ് നൽകി. പ്രതികളും സംസ്ഥാന സർക്കാരും കോടതിയെ കബളിപ്പിച്ചുവെന്നും 56 മിനിറ്റ് നീണ്ട വിധിപ്രസ്താവത്തിൽ ജസ്റ്റിസ് നാഗരത്ന സൂചിപ്പിക്കുന്നു.
ആസൂത്രിതവും ക്രൂരവുമായ ഒരു ബലാത്സംഗ കേസിൽ പ്രതികളെ ജയിൽ മോചിതരാക്കുകയും അവർക്ക് സ്വീകരണം വരെ ഒരുക്കുകയും ചെയ്ത രാഷ്ട്രീയ നാടകത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു. ഇതിലെ നൈതിക ഭ്രംശത്തെ പരിഹരിക്കുന്നതാണ് സുപ്രീം കോടതിയുടെ ദീർഘമായ വിധി.
കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാരിന്റെ നടപടി ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിൽ വിചാരണ നടന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാരാണ് പ്രതികൾക്ക് ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കേണ്ടതെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.
സർക്കാർ കുറ്റവാളികൾക്ക് ഒപ്പം കളിച്ചു
പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല. അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കുന്നത് എന്ന് ഗുജറാത്ത് സർക്കാരിന് അറിയാമായിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുക്കുന്നത് എന്നാണ് ഗുജറാത്ത് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. സുപ്രീം കോടതിയുടെ മുൻ ഉത്തരവിൽ പിഴവ് ഉണ്ടെന്ന് ബോധ്യമായിരുന്നുവെങ്കിൽ അത് തിരുത്താൻ ഗുജറാത്ത് സർക്കാർ പുനഃപരിശോധന ഹർജി ആയിരുന്നു നൽകേണ്ടിയിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അത് ചെയ്യാതെ കുറ്റവാളികൾക്കൊപ്പം സംസ്ഥാന സർക്കാർ ഒത്ത് കളിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.
സുപ്രീം കോടതിയിൽ ഭരണഘടനാ ബെഞ്ചുകളുടെ വിധി പ്രസ്താവം ഒഴികെയുള്ള വിധികളുടെ പ്രസ്‌താവം സാധാരണ ഹ്രസ്വമായിരിക്കും. ഭിന്നവിധികൾ ഉണ്ടെങ്കിൽ മാത്രമാണ് വിധി പ്രസ്താവം നീണ്ടു പോകാറ്. വിധി ദൈർഘ്യമേറിയതാണെങ്കിലും അതിന്റെ അവസാന ഭാഗം മാത്രമാണ് ജഡ്ജിമാർ സാധാരണ കോടതിയിൽ വായിക്കാറ്. എന്നാൽ ജസ്റ്റിസ് ബി.വി. നാഗരത്ന ഇന്ന് 56 മിനുറ്റ് എടുത്താണ് വിധി പ്രസ്താവം പൂർത്തിയാക്കിയത്.
വിധിയിൽ ചില സുപ്രധാന നിരീക്ഷണങ്ങളും ജസ്റ്റിസ് നാഗരത്ന നടത്തി. ശിക്ഷ പ്രതികാര നടപടി അല്ലെന്ന പ്ലേറ്റോയുടെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് വിധിപ്രസ്താവം ആരംഭിച്ചത്. ജനാധിപത്യത്തിൽ നിയമവാഴ്ച നടന്നേ മതിയാകൂ. നിയമവാഴ്ച ഉണ്ടെങ്കിൽ മാത്രമേ സമത്വമുണ്ടാകു. ഒരു സ്ത്രീ ബഹുമാനം അർഹിക്കുന്നു. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു.
ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ക്രൂരമായ അട്ടിമറി തിരുത്തി മാനവികത ഉയർത്തി പിടിച്ചു
തടവ് പുള്ളികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ കേസിലെ 11 കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവം. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് ബില്‍ക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലി, ടി.എം.സി നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവരും സമര്‍പ്പിച്ച വിവിധ ഹര്‍ജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്. 11 ദിവസം വാദം കേട്ടതിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12-നാണ് ബെഞ്ച് വിധി പറയുന്നത് മാറ്റിവച്ചത്. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാമാന്‍ സുപ്രീം കോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
അഞ്ചുമാസം ഗർഭിണിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, മൂന്നു വയസായ കുട്ടിയെയും ഏഴ് കുടംബക്കാരെയും കൊന്നു തള്ളി

ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാല്‍സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസ് ബാനുവിന് 21 വയസ്സായിരുന്നു പ്രായം. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. ബലാല്‍സംഗത്തിന് ഇരയായപ്പോള്‍ കുടുംബവുമായി രക്ഷപെടാന്‍ നോക്കി. എന്നാല്‍, അവരുടെ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഏഴ് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു.
കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്ന് മുബൈയിലേക്ക് മാറ്റിയിരുന്നു. 2008-ല്‍ സിബിഐ അന്വേഷിച്ച കേസില്‍ 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2017-ല്‍ ബോംബൈ ഹൈക്കോടതി ശിക്ഷ ശരിവെച്ചു. കേസില്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ 2022 ആഗസ്റ്റ് 15-നാണ് മോചിപ്പിച്ചത്.
ശിക്ഷാ ഇളവ് ചെയ്യുന്നതിനെപ്പറ്റി തന്നെ അറിയിച്ചിരുന്നില്ലെന്നും കുറ്റവാളികള്‍ ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്നും ബില്‍ക്കിസ് ബാനു സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. കേസ് മുബൈയിലേക്ക് മാറ്റിയിരുന്നതിനാല്‍ സിആര്‍പിസി 432 അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ മുബൈ കോടതിയിലെ ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു. സിബിഐ അന്വേഷിച്ച കേസായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടണമായിരുന്നു. എന്നാല്‍, വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രയം തേടിയിരുന്നില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 1992 നയം അനുസരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ തെറ്റായിട്ടാണ് 11 പേരെയും വിട്ടയച്ചതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഈ നിയമം പിന്നീട് സര്‍ക്കാര്‍ മാറ്റിയിരുന്നു. കൂട്ടബലാല്‍സംഗ ക്കേസിലെ പ്രതികളെ ഇളവുകള്‍ നിന്ന് ഒഴിവാക്കിയിരുന്നെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് സർക്കാരിൻ്റെ ന്യായീകരണങ്ങൾ
എന്നാല്‍, 2022-ലെ സുപ്രീംകോടതി വിധിയാണ് സംസ്ഥാന സര്‍ക്കാരും കുറ്റവാളികളും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. ശിക്ഷിക്കപെട്ടവരില്‍ ഒരാളായ ആര്‍. ഭഗവന്‍ദാസ് ഷായുടെ മോചനത്തിന് 92-ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 11 കുറ്റവാളികളെയും മോചിപ്പിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഗോധ്ര കോടതിയിലെ പ്രിസൈഡിങ് ജഡ്ജിന്റെ അഭിപ്രായം 2022 ജൂണ്‍ മൂന്നിന് തേടിയിരുന്നുവെന്നും ജയില്‍ ഉപദേശകസമിതി രൂപീകരിച്ചിരുന്നെന്നും ലോക്കല്‍ പൊലീസിനോടും അഭിപ്രായം തേടിയിരുന്നെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.