നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിൻ്റെ സ്ഥാപകയും സി.ഇ.ഒ. യുമായ യുവതി അറസ്റ്റില്‍. സുചേന സേത് എന്ന 39-കാരിയാണ് അറസ്റ്റിലായത്.
ഗോവയിലെ അപാര്‍ട്‌മെന്റില്‍ വെച്ച് മകനെ കൊലപ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തൽ. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഗോവയില്‍ നിന്ന് ടാക്‌സിയില്‍ കര്‍ണാടകയിലേക്ക് തിരിച്ചു. അന്വേഷണത്തിനിടെ യുവതി വഴിമധ്യേ പോലീസിൻ്റെ പിടിയിലാകുകയായിരുന്നു.
മൈൻഡ് ഫുൾ എ ഐ ലാബ് ഉടമയാണ് സുചേന. വിദേശത്ത് ഉന്നത ബിരുദം നേടിയ ഡാറ്റാ സയൻ്റിസ്റ്റാണ്. ഏറ്റവും മികച്ച 100 സംരഭകരുടെ പട്ടികയിൽ ഇടം നേടിയ വ്യക്തിയുമാണ്.
അറസ്റ്റിലേക്ക് നയിച്ചത് ഹോട്ടൽ ജീവനക്കാരിയുടെ സംശയം

ഗോവയിലെ സർവ്വീസ് അപാര്‍ട്‌മെന്റില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതി കർണാടകയിലേക്ക് തിരിച്ചത്. യുവതിയും മകനും താമസിച്ച മുറി വൃത്തിയാക്കുന്നതിനിടെ അപാര്‍ട്‌മെന്റ് ജീവനക്കാരിലൊരാള്‍ ചോരക്കറ കണ്ടെത്തി. സന്ദർശകർക്ക് താത്കാലിക താമസം നൽകുന്ന അപാർട്മെൻ്റാണ്. യുവതി തിരികെ പോകുമ്പോൾ മകനെ കാണാഞ്ഞതും വിമാനത്തിന് പകരം ടാക്സി തന്നെ വേണം എന്ന് വാശിപിടിച്ചതും ജീവക്കാരെ കൂടുതൽ സംശയത്തിലാക്കി.
തുടര്‍ന്ന് സംശയം തോന്നി പോലീസിനെ വിവരമറിയിച്ചു. ഗോവ പോലീസെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ അപാര്‍ട്‌മെന്റില്‍ നിന്നിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് കണ്ടെത്തി.
യുവതി ബെംഗളൂരുവിലേക്ക് പുറപ്പെട്ട ടാക്‌സി ഡ്രൈവറെ കണ്ടെത്തി പോലീസ് ഫോണില്‍ ബന്ധപ്പെട്ടു. മകനെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്നാല്‍, സുഹൃത്തിന്റേതെന്ന് പറഞ്ഞ് യുവതി നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് പോലീസ് ടാക്‌സി ഡ്രൈവറോട് ഏറ്റവും അടുത്ത പോലീസ് സ്‌റ്റേഷനിലേക്ക് യുവതിയെ എത്തിക്കാന്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ അയ്മംഗല സ്റ്റേഷനിലാണ് യുവതി അറസ്റ്റിലായത്.
ടാക്‌സിയില്‍ ബാഗിലാക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തി. മകനെ കൊലപ്പെടുത്തുന്നതിലേക്ക് യുവതിയെ നയിച്ച കാരണം വ്യക്തമല്ല. ഇവർ 2020 ൽ വിവാഹ ബന്ധം വേർപെടുത്തിയതാണ്. കോടതി നിർദ്ദേശ പ്രകാരം മകനെ കാണാൻ പിതാവിന് എല്ലാ ഞായറാഴ്ചകളിലും അവസരം നൽകേണ്ടതുണ്ടായിരുന്നു. ഇതു തടയാനാണ് ഗോവയിലേക്ക് പുറപ്പെട്ടത് എന്നാണ് പൊലീസ് കണ്ടെത്തൽ.