Monday, August 18, 2025

പാട്ടിൽ ഗസലിൻ്റെ പ്രണയം നിറച്ച പങ്കജ് ഉദാസ്

റഹ്മത്ത് റുഖിയ്

– അനുസ്മരണം –

കേട്ടത് മുതൽ അതിനപ്പുറം മറ്റൊരു ഗസലുമില്ലെന്നും ഇനിയുണ്ടാവുകയില്ലെന്നും ധരിച്ചുവെച്ചൊരു കാലം.. ദൂർദർശൻ ഗസൽ പ്രോഗ്രാമുകളിൽ ഭുപിന്ദർ, അനൂപ് ജലോട്ട, പ്രീതി ഉത്തം, പിനാസ് മസാനി, ചന്ദൻദാസ് തുടങ്ങിയവരുടെ ഗസലുകൾ പതിവായി വരുമ്പോഴും ഗസലിന്റെ അവസാനവാക്ക് പങ്കജ് ഉദാസും “ചിട്ടി ആയീ ഹെ “യുമായിരുന്ന ബാല്യം.”നാം” എന്ന മൂവിയിൽ “ചിട്ടി ആയീ ഹെ .. “പാടുന്നത് കണ്ട മാത്രയിൽ സഞ്ജയ്‌ ദത്തിനെയും കുമാർ ഗൗരവിനെയുമൊക്കെ തൽക്കാലത്തേക്ക് മാറ്റി വെച്ച്, മുഖത്തും ശബ്ദത്തിലും പാട്ടിലും ഒരു കുഞ്ഞിന്റെ നിഷ്കളങ്കത തുളുമ്പുന്ന എന്നാൽ ഗാഭീര്യം ഒട്ടും കുറയാത്ത പങ്കജ് ഉദാസിനെ ഹീറോയായി സങ്കല്പിച്ചു.

ദുബൈയിൽ നിന്നും ഇക്കാക്ക കൊണ്ടുവന്ന ഓറഞ്ച് കളറിലുള്ള പെട്ടി. അത് തുറന്നപ്പോൾ എന്നിലെ കൗമാരക്കാരിയുടെ ഹൃദയം ഒരു ബീറ്റ് skip ചെയ്തു. നിറയെ ഹിന്ദിസിനിമാ പാട്ടുകൾ. (ധ്വനി, വൈശാലി മലയാളം കാസറ്റുകളും). പാട്ടുകളുടെ സ്വപ്നലോകത്ത് ജീവിച്ചിരുന്ന കാലം. സ്വന്തം കാസറ്റുകളും സ്വപ്നങ്ങളിൽ മാത്രം. ആ പെട്ടിയിലൊതുങ്ങാതെ മാറ്റി വെച്ചിരുന്നു രണ്ട് കാസറ്റുകൾ – പങ്കജ് ഉദാസ് ഗസലുകൾ. രണ്ടിലും 6 പാട്ടുകൾ വീതം എന്ന് ഓർമ്മ. അവ റിപീറ്റ് മോഡിൽ കേട്ടുതുടങ്ങിയതിൽ പിന്നെ ഒഴിവാക്കാനാവാത്ത ഒന്നായി ജീവിതത്തിന്റെ ഭാഗമായി മാറിയ ഗസലുകൾ.

മലയാളികൾക്കിടയിൽ ഗസലിനെ ജനപ്രിയമാക്കിയ ഗാനമാണ് പങ്കജ് ഉദാസിന്റെ “ചിട്ടി ആയീ ഹേ..”(ലക്ഷ്മികാന്ത് പ്യാരേലാൽ – ആനന്ദ്ബക്ഷി എന്ന ലെജൻഡറി കൂട്ടുകെട്ടിൽ പിറന്ന പാട്ട്). ആ കാലത്തും അതിനു മുൻപും മെഹ്‌ദി ഹസ്സൻ, ഗുലാം അലി, ജഗ്‌ജിത് സിംഗ് തുടങ്ങിയ ഗായകരുടെ മനോഹരമായ ഗസലുകൾ പ്രചരിച്ചിരുന്നു . അവ പലപ്പോഴും സമൂഹത്തിലെ ഒരു വിഭാഗം ഉപരിവർഗ്ഗത്തിനോ അതുമല്ലെങ്കിൽ ബോംബെ പോലുള്ള നഗരങ്ങളിൽ ജീവിക്കുന്നവർക്ക് റിലേറ്റ് ചെയ്യുകയോ, പ്രാപ്യമാവുകയോ ചെയ്യുന്നതായിരുന്നു. (ഈ നിരീക്ഷണം ശരിയാണോ എന്നറിയില്ല. എന്റെയൊരു മനസ്സിലാക്കലാണ്). ഹിന്ദുസ്ഥാനി സംഗീതത്തിൽ ഗീത് എന്ന് വിളിക്കുന്ന ആലാപന ശൈലിയോടാണ് പങ്കജ് ഉദാസിന് അടുപ്പം. 

ചിട്ടി ആയീ ഹേ യും അതിന്റെ ഗായകനും സാധാരണക്കാർക്കിടയിൽ ഒരു തരംഗമായി തീരുന്നത് ഗീതിൻ്റെ മാധുര്യത്താലാണ്.

80കളിൽ ജോലി തേടി സ്വന്തം നാടും കുടുംബവും വിട്ട് പ്രവാസികളായി ജീവിതം തേടിപ്പോയ അനേകം മനുഷ്യർക്കും അവരുടെ ഉറ്റവർക്കും ആ പാട്ട് തങ്ങളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയായി. അതിൽ പ്രിയപ്പെട്ടവരെയോർത്ത് അവർ വേദനിച്ചു.. കരഞ്ഞു .. കാത്തിരുന്നു. ഗൃഹാതുരത്വത്തിന്റെ സകല നോവുകളും പേറി അവരതിൽ ജീവിച്ചു.. പ്രണയിച്ചു.. പങ്കുവെച്ചു..
“Saath samandar paar gaya tu..
Humko zinda maar gaya tu..
Khoon ke rishte thod gaya tu..
Aankh me aansu chod gaya tu..”
സ്വന്തബന്ധങ്ങളെ വലിച്ചെറിഞ്ഞ്, ജീവിച്ചിരിക്കെ മരിച്ചതിനു തുല്യമാക്കി,
കണ്ണുകളിൽ കണ്ണുനീർ ബാക്കിയാക്കി ഏഴു കടലും കടന്ന് പൊയ്ക്കളഞ്ഞത് നമ്മുടെ പ്രിയപ്പെട്ടവനും കൂടിയാണെന്ന് ഹൃദയങ്ങൾ നൊന്തു പിടഞ്ഞത് ആർദ്രതയും നോവും ചേർന്ന പങ്കജിന്റെ ആലാപനത്തിന്റെയും കൂടി സാക്ഷ്യമാണ്.

പാട്ടുകൾ നാം പിന്നിട്ട കാലങ്ങളെ ഓർമ്മകളിൽ കുടിയിരുത്തി. നിറചാർത്തുകളില്ലാത്ത അനുഭവങ്ങളാണെങ്കിൽ പോലും ആ പാട്ടുകളിൽ നമ്മൾ നഷ്ടബോധത്താൽ നീറി. പ്രണയവും പേടിയും ഉന്മാദവും വിഷാദവും പിടിതരാതെ ഒളിച്ചു കളിനടത്തുന്ന കൗമാരത്തിലേക്ക് കാലം കൊണ്ട് നിർത്തിയപ്പോൾ ആ വൈകാരികതകളെ പാട്ടുകളുമായി പങ്കുവെച്ചു ആശ്വാസമോ മോചനമോ നേടി.

Thodi door saath chalo..
Ek taraf uska ghar..
Thodi thodi piya karo..
Sharab cheez hi aisi he..
Niklo na benakaab..
Mitwa re mitwa..
തുടങ്ങി ലഹരിയോടുള്ള പ്രണയത്തെയും, പ്രണയത്തിന്റെ ലഹരിയെയും ആഘോഷമാക്കിയ ഒരുപിടി ഗസലുകൾ, സാജനിലെ ജിയെ തോ ജിയെ കൈസേ.. ബാസിഗറിലെ ചുപാന ഭി നഹി ആതാ.. മൊഹ്‌റയിലെ നാ കജ്‌രെ കി ധാർ എന്നീ മെലഡികൾ.
എക്കാലത്തേക്കും ഹൃദയത്തിൽ കൂടു കൂട്ടിയവ..

“Neki ka fal nek milega..” ” Zindagi ne maut se parda kiya.. ” തുടങ്ങിയ ദാർശനിക വരികൾക്ക് അദ്ദേഹത്തിന്റെ ആലാപനം നമ്മുടെ ചിന്തകളെ ഉണർത്തിവിട്ടു. ഈ ഗണത്തിൽ പെടുന്ന ഒരു പാട്ട് എന്റെ മങ്ങിയ ഓർമ്മകളിലെവിടെയോ കറങ്ങിതിരിയുന്നു.

https://youtu.be/rh5nEgOa4yU?feature=shared

“ജീവിച്ചിരുന്നു” എന്ന് തോന്നിയ, മരിക്കാനും അതുമതിയെന്ന് തോന്നിപ്പിച്ച പാട്ടുകാലങ്ങൾക്ക് നന്ദി.. പ്രിയ പാട്ടുകാരനും..

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....