നഗരത്തിന് അടുത്ത് തന്നെയാണ് വീട്. മെയിൻ റോഡിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞു മുന്നോട്ട് പോയാൽ ആദ്യം കാണുന്നത് പ്രധാന ക്ഷേത്രമാണ്. ക്ഷേത്രവും കഴിഞ്ഞു രണ്ടു വഴി തിരിയുമ്പോൾ വീടിരിക്കുന്ന സ്ഥലമായി. വീട്ടിലേക്ക് വണ്ടി തിരിഞ്ഞു കയറുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന എന്റെ മനസ്സിൽ പെട്ടന്നൊരു ഭാരം വന്നു ഭവിച്ചു. വീട് വിറ്റ് തൊട്ടപ്പുറത്തു തന്നെ കുറച്ചു കൂടെ വിശാലമായ സ്ഥലം മാത്രം വാങ്ങി, വാടക വീട്ടിലേക്ക് ഇറങ്ങിത്തിരിച്ചപ്പോൾ മനസ്സിൽ ആദ്യമുണ്ടായ നഷ്ടം, ഞാൻ കിടന്നിരുന്ന മുറിയിൽ നിന്നു ജനാലയിലൂടെ നോക്കിയാൽ വിദൂരതയിൽ കാണുന്ന തെങ്ങിൻ തലകളുടെ കൂട്ടമായിരുന്നു. മഴക്കാലത്ത്, നാലുമണി നേരത്തെ കാർമേഘം മൂടിയ ഇരുളുമയിൽ മുറിയിലെ കട്ടിലിൽ കിടന്നു കൊണ്ട് ഞാൻ ജനാലയിലൂടെ നോക്കുമ്പോൾ ദൂരെയുള്ള തെങ്ങിൻ തലകളിൽ മഴത്തുള്ളികൾ ഏൽക്കുന്നത് കാണാമായിരുന്നു. അത് കണ്ട് ആസ്വദിച്ചു കിടക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതിന്റെ നഷ്ടബോധം പേറിയാണ് ഞാൻ വാടക വീട്ടിലേക്ക് കാലെടുത്ത് വെച്ചത്. വെച്ച കാലിലേക്ക് ആദ്യം വന്നു പതിച്ചത് തുറന്ന് കിടന്ന ജനാലയിൽ നിന്നു പുറത്തേക്ക് അലറി ഓടി മറഞ്ഞ പൂച്ചയുടെ കാലാണ്.
ഒരു നിമിഷം ഞാൻ ഞെട്ടി പോയി.
“വല്ലോം പറ്റിയോ മോനെ, പൂച്ചയുടെ നഖം കൊണ്ടോ? “
അമ്മിയുടെ ചോദ്യം.
ഇല്ലായെന്നു ഞാൻ തലയാട്ടി. അപ്പോഴും എന്റെ കണ്ണുകൾ പരതിയത് ആ പൂച്ചയെയായിരുന്നു. വെളുത്ത ശരീരത്തിൽ അങ്ങിങ്ങായി ചെറിയ കറുത്ത വരകളുള്ള, കണ്ണുകളിലേക്ക് രോമം ഇറങ്ങി കിടക്കുന്ന പൂച്ച. ആദ്യ കാഴ്ചയിൽ തന്നെ അവൻ എന്നെയും ഞാൻ അവനെയും നോക്കി. അകത്തേക്ക് കാലെടുത്ത് വെച്ചപ്പോഴും, അവൻ പുറത്ത് കിടന്ന് എന്നെ തുറിച്ചു നോക്കി കൊണ്ടിരുന്നു.
മുകളിലത്തെ രണ്ടു മുറികളിൽ ഒന്ന് ചൂണ്ടി അപ്പാ പറഞ്ഞു:
“ഇതാണ് നിന്റെയിടം.. “
ഞാൻ മുറിക്കകത്തേക്ക് തലയിട്ടു. നേരത്തത്തെ മുറിയെക്കാൾ വലിപ്പമുണ്ട്.
“നിന്റെ ബുക്കെല്ലാം ദാ അപ്പുറത്തെ തിയേറ്റർ റൂമിൽ വെക്കാം. വീടിന്റെ ഉടമസ്ഥൻ ഹോം തീയേറ്റർ സെറ്റപ്പിൽ പണിത റൂമാണ്. നീ ബുക്കൊക്കെ അവിടെ വെച്ചോ. വെറുതെ കിടക്കുന്ന മുറിയിൽ വെച്ചു പൊടി വലിച്ചു കേറ്റണ്ട. “
അപ്പാ പറഞ്ഞതിനോട് മനസ്സിൽ വിയോജിപ്പുണ്ടായിട്ടും ഞാൻ എതിർത്തില്ല. സമ്മതമെന്ന് രീതിയിൽ തലയാട്ടി.
എനിക്ക് പക്ഷേ, അപ്പോഴും പുസ്തകം സ്വന്തം മുറിയിൽ വെക്കുന്നത് തന്നെയായിരുന്നു ഇഷ്ടം. മുമ്പത്തെ ചെറിയ മുറിയിൽ പുസ്തക അലമാരി ഇരിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് കാണുന്നവരെല്ലാം അഭിപ്രായപ്പെട്ടപ്പോഴും എനിക്ക് അങ്ങനെയൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല.
ഒടുക്കം, അതുമെനിക്ക് നഷ്ടമാകുന്നു. ഒരേ മുറിയിൽ കൂടെയുണ്ടായിരുന്നവർ ഇനി തൊട്ടപ്പുറത്ത്. പരിചയം പുതുക്കാൻ ഇടയ്ക്ക് പുസ്തക അലമാരി തുറക്കാൻ അപ്പുറം പോകണം. ഉറക്കമില്ലാത്ത രാത്രിയിൽ വായിച്ചു തീർത്ത പുസ്തകങ്ങളെ നോക്കി കിടന്നതിനിയൊരു ഓർമ.
മുറിയിൽ വന്ന് ഇരുന്ന് ആദ്യം തന്നെ ജനാല തുറന്ന് പുറത്തേക്ക് നോക്കി, തെങ്ങിൻ തലകളുടെ കൂട്ടത്തെ മനസ്സിൽ വെച്ച് നോക്കിയപ്പോൾ കണ്ടത് മുൻവശത്തിലൂടെ പോകുന്ന റോഡും, തൊട്ടപ്പുറത്തെ വലിയ വീടിന്റെ അതിലും വലിയ മതിലും.
പുത്തൻ വീട്ടിലെത്തി രണ്ടാം ദിവസമാണ് ടോണി വിളിച്ചത്.
“ഡാ എങ്ങനെയുണ്ട് അവിടെ? “
ഞാൻ മറുപടി പറഞ്ഞില്ല. പറയാൻ ഒന്നും ഉണ്ടായിരുന്നില്ല.
എന്റെ നിശബ്ദത കാരണമാകാം അവൻ ചോദിച്ചു :
“എടാ നീ ഓക്കെയാണോ? “
* * * *
“എടാ, നീ ഓക്കെയാണോ? “
താമസം മാറുന്നതിനു രണ്ടു ദിവസം മുമ്പ് ഞങ്ങൾ വൈകുന്നേരം നടക്കാൻ ഇറങ്ങിയപ്പോൾ അവൻ എന്നോട് ചോദിച്ചു.
വീടിന്റെ അടുത്തുള്ള അമ്പലത്തിനു ചുറ്റും നടക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂർ കഴിഞ്ഞിരുന്നു. സാധാരണ ഈ നടത്തത്തിൽ ഞങ്ങൾക്കിടയിൽ പല വിഷയങ്ങളും കടന്നു വരാറുള്ളതാണ്. സ്കൂളിലെ പഴയ കാര്യങ്ങളും, സിനിമ ചർച്ചകളുമായിരിക്കും അതിൽ പ്രധാനം. പക്ഷേ, അന്ന് മാത്രം ഞാൻ ഒന്നും മിണ്ടിയില്ല. രണ്ടു ദിവസം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ നിന്നും പുതിയൊരിടത്തേക്ക് പോകുന്നതിന്റെ വിഷമം എന്റെ ഉള്ളിൽ ഉള്ളതിനാലാണ് എന്റേയീ നിശബ്ദത എന്നവന് മനസിലായിരുന്നു.
“ഇനി ഇത് പോലെ നമുക്ക് ഇങ്ങനെ നടക്കാൻ സാധിക്കുമോ? “
ഞാൻ അവനോടു തിരിച്ചു ചോദിച്ചു.
“അതിനെന്താ.. നീ ഇടയ്ക്ക് ഇറങ്ങ്. നമുക്ക് ഇതുപോലെ കൂടാം. “
അവനെന്നെ സമാധാനിപ്പിക്കാൻ പറഞ്ഞു.
“ടോണി, ഒറ്റപ്പെടലിനെ ഞാൻ ഭയപ്പെടുന്നു. അതിന്റെ മൂർച്ഛയിൽ ഞാൻ ചിലപ്പോൾ എന്തും പ്രവർത്തിച്ചെന്ന് വരാം…”
എന്റെ ആ വാക്കുകൾ അവനിൽ ഏകിയ ഭീതിയാണ് അവന്റെ ഈ ഫോൺ കോൾ.
എന്റെ നിശബ്ദത കൂടുന്തോറും അവനിൽ ഭയമേറാൻ സാധ്യതയുണ്ടെന്ന് എനിക്ക് മനസിലായി.
“ഒക്കെയാടാ…”
ഞാൻ പറഞ്ഞു.
“എന്താ പരിപാടി. മുറിയിൽ ഒറ്റയ്ക്കിരിപ്പാണോ?”
അവന്റെ ചോദ്യത്തിന് അതെയെന്ന് ഉത്തരം പറയാൻ തുനിഞ്ഞ നേരത്താണ് ഞാൻ അവനെ വീണ്ടും കണ്ടത്. കണ്ണിലേക്കു രോമം വീണ പൂച്ച, അവനെന്നെ തുറിച്ചു നോക്കി മുറിയുടെ കതകിന് മുന്നിൽ നിൽക്കുന്നു.
“അമ്മി…”
ഞാൻ അലറി. എനിക്ക് രോഷം ഏറി വന്നു. ഒന്നാമതെ എനിക്ക് ഈ പൂച്ചയെ ഇഷ്ടമല്ല. പോരാത്തതിന് അത് വീടിനുള്ളിൽ കിടന്ന് കറങ്ങുന്നത് ഒട്ടും സഹിക്കാൻ പറ്റുന്നതല്ല.
എന്റെ അലർച്ച കേട്ടവൻ താഴേക്ക് ഓടി ഇറങ്ങി. തൊട്ടു പുറകെ ഞാനും. അതിനെ പുറത്താക്കി മുന്നിലത്തെ കതക് അടച്ചതിന് ശേഷമാണ് എന്റെ പ്രവർത്തികൾ നോക്കി അമ്മി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.
“എനിക്ക് ഈ പണ്ടാരം, വീട്ടിൽ കയറുന്നത് ഇഷ്ടമല്ലെന്ന് അറിഞ്ഞുകൂടെ…”
“അതിന് ഞാനെന്ത് ചെയ്യാനാ, അത് തന്നെ കയറുന്നതായിരിക്കും.. “
അമ്മിയുടെ മറുപടി.
“ഈ കതക് അടച്ചിടണം. തുറന്ന് മലർത്തിയിടുന്നത് കൊണ്ടാണ് ആ ജന്തു കേറുന്നത്.”
എന്റെ ശബ്ദത്തിൽ മൂർച്ച. അമ്മിയോട് ദേഷ്യപ്പെട്ടു ഞാൻ മുകളിലേക്ക് പോയി.
“എടാ, വീട്ടിൽ വളർത്തു മൃഗങ്ങൾ ഉള്ളത് നല്ലതാടാ. വീട്ടുകാരിലേക്ക് വരുന്ന ദുരന്തങ്ങൾ മൃഗത്തെ തട്ടി പൊക്കോളും.”
എന്നോടായി അമ്മി പറഞ്ഞു.
“അങ്ങനെ പൂച്ചയെ കേറ്റി ദുരന്തങ്ങൾക്ക് മടയിടണ്ട…”
* * * *
ഏഴാം മാസം.
ഈ വീട്ടിലേക്ക് വന്നു ഏഴ് മാസം കഴിഞ്ഞപ്പോഴാണ് ആദ്യ ദുരന്തം വീട്ടിലേക്ക് വന്നത്.
അത്തിത്തായുടെ (അച്ഛന്റെ അച്ഛൻ) മരണം. ഒരു ചെറിയ പനിയായിരുന്നു ആരംഭം. പിന്നീട് അത് നുമോണിയയായി. ലങ്സിനെ ബാധിച്ചു. ഞങ്ങളുടെ എല്ലാ ശ്രമങ്ങളും വിഫലമായി. അത്തിത്താ പോയി. എനിക്ക് ആകെയൊരു മരവിപ്പായിരുന്നു.
എന്ത് ചെയ്യണമെന്ന് മനസിലാകുന്നില്ല. എന്താണ് എനിക്ക് മുമ്പിൽ നടക്കുന്നതെന്ന് മനസിലാകുന്നില്ല.
പള്ളിയിലേക്ക് മയ്യത്ത് എടുത്ത നേരത്തല്ലാതെ ഞാൻ കരഞ്ഞില്ല.
അത്തിത്തായുടെ മരണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞുള്ളൊരു തിങ്കളാഴ്ച.
ഞാൻ പുറത്തേക്ക് പോകാൻ ഇറങ്ങിയ നേരമാണ് എന്റെ ബൈക്കിന്റെ മുകളിൽ അവൻ കിടക്കുന്നു. ആദ്യം എന്നിൽ ദേഷ്യം ഇരമ്പി വന്നെങ്കിലും, അമ്മിയുടെ വാക്കുകൾ പെട്ടന്നെന്റെ ദേഷ്യത്തെ തല്ലി കെടുത്തി. ഞാൻ പതിയെ ബൈക്കിൽ നിന്ന് അവനെ എടുത്ത് വീടിന്റെ സിറ്റൗട്ടിൽ വെച്ചു. ഞാൻ എടുക്കാൻ നേരം അവൻ കുതറി മാറുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ, അവൻ അനുസരണയോടെ എന്റെ കൈകളിലെ ചൂടേറ്റ് കിടന്നു.
പിന്നീട് അവനെ ഞാൻ ദേഷ്യത്തോടെ ആട്ടി അകറ്റിയിട്ടില്ല.
പിന്നീട് അതൊരു പതിവായി. ഞാനെന്നും ഇറങ്ങി ചെല്ലുമ്പോഴും അവൻ എന്റെ ബൈക്കിന്റെ മുകളിൽ ഉണ്ടാകും. എന്റെ കൈകൊണ്ട് അവനെ വാരിയെടുത്ത് ഉമ്മറത്ത് കിടത്തിയിട്ട് ഞാൻ ബൈക്ക് എടുത്ത് പോകും.
അവനും കുടുംബമുണ്ട്. അവന്റെ ഇണയെ ഒരിക്കൽ എന്റെ മുറിയിലേക്ക് അവൻ വിളിച്ചുകൊണ്ടു വന്നു.
ഒരിക്കൽ മുറിയിൽ പുസ്തകം വായിച്ചു കിടക്കുന്ന നേരത്താണ് അവൻ മുറിയിലേക്ക് കയറി വന്നത്. പതിവില്ലാതെ അവനൊപ്പം ഒരാളെ കണ്ടപ്പോൾ എനിക്ക് തെല്ലും അതിശയമായി. എന്താണ് സംഭവമെന്ന് അറിയാൻ, വായന നിറുത്തി അവന്റെ അടുത്തേക്ക് ചെന്നപ്പോൾ രണ്ടാളും മുന്നോട്ടു നടക്കുന്നത് കണ്ടു. കൂടെ അനുഗമിക്കാൻ നിർദേശം നൽകും വിധം ഇടക്കെന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
അവർക്കൊപ്പം ചെന്ന ഞാൻ കണ്ടത് അവനെപ്പോലെ കറുത്ത വരയുള്ള രണ്ട് വെള്ള പൂച്ചക്കുഞ്ഞുങ്ങളെയാണ്. ഗൃഹനാഥന്റെ ഗൗരവത്തോടെ ഇണയെ അടുത്ത് നിറുത്തി പൂച്ചക്കുട്ടികളുടെ അടുത്ത് നിൽക്കുന്ന അവനെ കണ്ടപ്പോൾ എനിക്കൊരു നിമിഷം അത്തിത്തായേ ഓർമ്മ വന്നു.
അപ്പായുടെ കല്യാണ ആൽബത്തിൽ കല്യാണത്തിന് പന്തലിലേക്ക് ഇറങ്ങും മുമ്പ് അപ്പായെയും രണ്ട് പെങ്ങന്മാരെയും അപ്പാമ്മയെയും ചേർത്ത് അത്തിത്താ നിൽക്കുന്ന ഫോട്ടോ കണ്ടിട്ടുണ്ട്. ഒരു ഫോട്ടോയിലും ചിരിക്കാത്ത അത്തിത്താ ആ ഫോട്ടോയിലും മറ്റെല്ലാവരും സന്തോഷത്തോടെ ചിരിച്ചു നിന്നപ്പോൾ, അത്തിത്താ മാത്രം ഗൗരവത്തിൽ മീശ ഉയർത്തി പിരിച്ചു നിൽക്കുന്നത് കണ്ടു പണ്ട് ഞാൻ ചിരിച്ചത് ഓർത്തപ്പോൾ, അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. നിറഞ്ഞ കണ്ണ് തുടച്ചു ഞാൻ അകത്തേക്ക് പോകുന്നത് കണ്ട് അവൻ എന്നെ നോക്കി.
വന്ന അന്ന് വീട്ടിലേക്ക് കയറാൻ നേരം നോക്കിയ അതേ, രോമം വീണ കണ്ണുമായുള്ള തുറിച്ചു നോട്ടം.
* * * *
വാങ്ങിയ സ്ഥലത്ത് വീട് പണിക്കുള്ള കല്ലിട്ട് ഒമ്പതാം മാസം പണി പൂർത്തിയാക്കി. പുത്തൻ വീട്ടിലേക്കുള്ള താമസ മാറ്റത്തിനായി ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. സാധനങ്ങൾ ഓരോന്നായി പതിയെ പുത്തൻ വീട്ടിലേക്ക് മാറ്റി കൊണ്ടിരുന്നു. രണ്ടര വർഷത്തെ വാടക വീട് വാസം കഴിഞ്ഞു തിരികെ സ്വന്തം വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിൽ അവനെ ഞാൻ കണ്ടു. അവനിൽ പ്രായം ഏറിയതിന്റെ എല്ലാ അവശതയും കാണാനുണ്ടായിരുന്നു. പഴയപോലെയുള്ള നടത്തങ്ങളോ, മുറിയിലേക്കുള്ള വരവോ ഇല്ല. ഒരേ കിടപ്പ്. ഇടയ്ക്ക് അമ്മി വെക്കുന്ന ഭക്ഷണം കഴിക്കും. പിന്നേം കിടപ്പ്. രോമം വീണു മറഞ്ഞ കണ്ണുകൾ കൂടുതൽ ദയനീയമായി. പ്രായത്തിന്റെ ക്ഷീണം കണ്ണുകളെ താഴ്ത്തി. വീട്ടിൽ നിന്ന് അവസാനത്തെ സാധനങ്ങളും കയറ്റി വണ്ടി വിടാൻ നേരം ഞാൻ അവനെ നോക്കി. കളയാൻ നേരം കൈയ്യിൽ നിന്നു വീണുപോയ ബണ്ണും തിന്ന് ഉമ്മറത്ത് പടിയിൽ കിടക്കുന്ന അവനെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത വീർപ്പു മുട്ടൽ അനുഭവപ്പെട്ടു.
“നമുക്ക് ഇവനെയും അങ്ങ് കൊണ്ടുപോയാലോ?”
ഞാൻ എല്ലാവരോടുമായി ചോദിച്ചു.
“അതിന് പ്രായമായി. അവിടെ കൊണ്ട് പോയിട്ട് എന്തിനാ?”
അമ്മിയുടെ ചോദ്യം.
“ഇവിടെ കിടന്ന് ആരും നോക്കാതെ… അതിനേക്കാൾ നല്ലതല്ലേ നമ്മുടെ അവിടെ, അവനായിട്ട് ഒരിടം. അവനവിടെ കഴിയട്ടെ…”
എന്റെ വാക്കുകൾക്ക് വീട്ടുകാർ സമ്മതം മൂളി.
ഉമ്മറപ്പടിയിൽ കിടക്കുന്ന അവനെ എടുക്കാനായി ഞാൻ അടുത്തേക്ക് ചെന്നു. എന്റെ കൈകളിലെ ചൂടേൽക്കാൻ കൊതിച്ചു കിടന്ന ശരീരത്തിൽ കൈ വെച്ചതും, തളർന്നു കിടന്ന അവനെന്റെ നേരെ ചീറി. അതിന്റെ ആഘാതത്തിൽ ഞാൻ പിന്നോട്ടേക്ക് ആഞ്ഞു. അവനിൽ നിന്നുണ്ടായ പ്രവർത്തി എന്നെ അത്ഭുതപ്പെടുത്തി. വീണ്ടും അവനെ എടുക്കാൻ തുനിയവെ, എന്നെ കുതറി മാറ്റി കാലിട്ടടിച്ചവൻ വീടിനകത്തേക്ക് കയറി പോയി.
“എടാ വല്ലതും പറ്റിയോ, നഖം വല്ലോം കൊണ്ടോ?”
അമ്മി ചോദിച്ചു.
ഞാൻ ഇല്ലായെന്ന് തലയാട്ടി.
കുറച്ചു നേരം കൂടെ ഞാൻ അവനെ നോക്കി നിന്നു.
ഞാൻ കാതോർത്തു. ഇല്ല, അവന്റെ ഒച്ച കേൾക്കാൻ സാധിക്കുന്നില്ല.
“നീ ഇങ്ങ് പോരെ… ഓരോരുത്തർക്ക് ഒരു ഇടമുണ്ട്. ഇതാ അവന്റെ ഇടം. അവനിവിടം വിട്ട് വരില്ല.”
ഞാൻ പിന്നെ കാത്തില്ല. ഞങ്ങൾ അവിടെ നിന്ന് യാത്രയായി. വീടിന്റെ കോമ്പൗണ്ട് വിട്ടു ഇറങ്ങും നേരം ഞാൻ തിരിഞ്ഞു നോക്കിയില്ല.
* * * *
സ്വന്തം വീട്ടിൽ താമസമായി ഏഴ് ദിവസം കഴിയുന്നു.
ഈ രാത്രിയിലും ഞാൻ അവനെ കുറിച്ച് ഓർക്കുന്നു.
ഞങ്ങൾ താമസിച്ച വാടക വീട്, ഹൗസ് ഓണർ പുതിയൊരു കൂട്ടർക്ക് വാടകയ്ക്ക് കൊടുത്തുവെന്ന് അറിഞ്ഞു.
ഒരു പക്ഷേ, അവനിപ്പോഴും അവിടെയുണ്ടാകും. പുതുതായി വരുന്നവർ കാലെടുത്ത് വെക്കും മുമ്പേ, തന്റെ ഇടമാണിതെന്ന് അവരെ ഓർമ്മിപ്പിക്കാൻ, വീടിനുള്ളിൽ നിന്നും അവൻ പുറത്തേക്ക് ചാടി വീഴുമായിരിക്കും.
മാറി വരുന്ന മനുഷ്യർക്കിടയിൽ മാറ്റമില്ലാതെ, ഇടത്തിന്റെ സ്വന്തക്കാരനായി, അഹങ്കാരത്തോടെ പുതിയ താമസക്കാരെ, രോമം വീണ കണ്ണ് കൊണ്ട് തുറിച്ചു നോക്കി അവൻ അങ്ങനെ കിടപ്പുണ്ടാകും…