നല്ലസിനിമകളെ താറടിച്ചുകാണിക്കുന്നതായി പരാതിപ്പെടുമ്പോഴും സിനിമകളെ കൂടുതൽ മേന്മയുള്ളതാക്കാനും റിവ്യൂ ബോംബിങ് സമ്പ്രദായം പ്രയോജനം ചെയ്യുന്നുണ്ടെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു.
റിവ്യൂ ബോംബിങ്ങിനെ പാടേ അവഗണിക്കാൻ സാധിക്കില്ല. ഇവ ഗുണം ചെയ്യുന്നുണ്ട്. എന്നാൽ നിർമാതാക്കൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പ്രവണത കാണാതിരുന്നുകൂടെന്നും ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു.
തിയേറ്ററുകളിൽനിന്ന് മലയാളസിനിമകൾ ഒ.ടി.ടി. വഴി വീട്ടകങ്ങളിലേക്ക് മാറുമ്പോൾ കൂടുതൽ ജനകീയമാവുകയാണ്. നല്ല സിനിമകൾക്ക് പഞ്ഞമില്ലാത്തകാലത്ത് ഈ രംഗത്ത് ജീവിക്കാൻ സാധിക്കുന്നതിൽ അഭിമാനമാണെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.
42 വർഷത്തിൽ 600-ലേറെ സിനിമകളിൽ അഭിനയിക്കാനും 100- ലേറെ സിനിമകളിൽ സ്വതന്ത്രമായി വസ്ത്രാലങ്കാരം നിർവഹിക്കാനും സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മടിക്കൈ പ്രവാസി അസോസിയേഷന്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഷാര്‍ജില്‍ എത്തിയതായിരുന്നു ഇന്ദ്രൻസ്.
പരമ്പരാഗതമായി സിനിമാ രംഗത്ത് തുടരുന്ന സ്റ്റാർ സങ്കൽപം തകരുകയും പുതുതലമുറ രംഗം വിജയകരമായി സ്വന്തമാക്കുകയും ചെയ്തതോടെയാണ് ഓൺ ലൈൻ റിവ്യൂകൾക്ക് എതിരായ കാമ്പയിൻ ശക്തമായത്. ഇത് പരസ്യ താത്പര്യം കൂടി ചേർന്ന് ചില മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. വിമർശനം തന്നെ പാടില്ല എന്ന നിലയിലേക്ക് ഇതിനെ കൊണ്ട് ചെന്ന് എത്തിക്കുന്ന നിലയ്ക്കായിരുന്നു കാമ്പയിൻ.
റിവ്യു എന്നത് പലരും സാമ്പത്തിക ലക്ഷ്യമാക്കി മാറ്റിയതും ഈ രംഗത്തെ മോശം പ്രവണതയ്ക്ക് ഇടയാക്കി. ഇത് വിമർശകരുടെ വിമർശകർക്ക് അവസരം നൽകി.