ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന് എതിരെ വീണ്ടും ഗുരുതരമായ കണ്ടെത്തലുകൾ. അന്വേഷണാത്മക പത്രപ്രവർത്തകരുടെ ഗ്രൂപ്പാണ് വിവരങ്ങൾ പുറത്ത് വിട്ടത്. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ തന്നെ മൗറീഷ്യസിലെ വ്യാജ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിൻ്റെ വിവിധ കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് കണ്ടെത്തൽ. ഓഹരി വിപണിയിലെ പെരുപ്പിക്കലും തട്ടിപ്പുമാണ് ഇതിന് പിന്നിൽ.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് https://www.occrp.org/en ( OCCRP)ആണ് കണ്ടെത്തൽ പുറത്ത് വിട്ടത്. ഇതോടെ ഓഹരി വിപണിയിൽ വൻ തിരിച്ചടിയാണ് കമ്പനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ഗ്രൂപ്പ് ഓഹരികളുടെ മൊത്തം വിപണിമൂല്യത്തില്‍ 35,600 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. വിപണിയില്‍ ലിസ്റ്റ് ചെയ്ത ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 10,84,668.73 കോടി രൂപയില്‍നിന്ന് 10,49,044.72 കോടിയിലെത്തി.
കടലാസു കമ്പനികളും ചങ്ങാത്ത കച്ചവടവും
നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണം കടത്തിയെന്നും ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഹരി വിപണിയിൽ ഷെയറുകളുടെ മൂല്യം വർധിപ്പിക്കാൻ അദാനി ഗ്രൂപ്പ് നിഴൽ കമ്പനികളെ ഉപയോഗിച്ചതായാണ് ആരോപണം. ഗൗതം അദാനിയുടെ കൂട്ടാളികള്‍ തന്നെ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയെന്നും വിദേശത്ത് നിന്നുള്ള കടലാസ് കമ്പനികൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നതായി ഗാർഡിയൻ അടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
2013 മുതൽ 2018 വരെയുള്ള കാലയളവിലാണ് ഈ നിക്ഷേപത്തട്ടിപ്പ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകൾ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴൽ കമ്പനികൾക്ക് നൽകും. തുടർന്ന് ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരിൽ സ്വന്തം ഓഹരികൾ അദാനി തന്നെ വാങ്ങുകയും ഇതു വഴി ഓഹരി വില കൃത്രിമമായി ഉയർത്തി പണം തട്ടുകയും ചെയ്തെന്നും റിപ്പോർട്ട് പറയുന്നു. ഡിആർഐ പോലുള്ള ഏജൻസികൾക്ക് ഇത് അറിയാമായിരുന്നെന്നും ആരോപണം ഉയർന്നു.
കൂടുതൽ തെളിവുകൾ വ്യക്തികളുടെ വിവരങ്ങൾ
അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ള ബിസിനസ് ഇടനില ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. നാസെര്‍ അലി ഷെഹ്ബാന്‍ ആഹ്‌ലി, ചാങ് ചുങ്-ലിങ് എന്നിവരുടെ കമ്പനികള്‍ വഴി 2013-2018 കാലയളവില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ രഹസ്യ നിക്ഷേപം നടത്തി. കൃത്രിമം കാണിച്ച് ഓഹരി വില ഉയര്‍ത്താന്‍ ഈ നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് ആസൂത്രണം ചെയ്ത രേഖകളാണ് പുറത്ത് എത്തിച്ചത്.
നേരത്തെ ഇതു സംബന്ധിച്ച് ഹിന്‍ഡന്‍ബെര്‍ഗ് ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ഇന്ത്യയിലെ ഇവരുടെ രാഷ്ട്രീയ ബന്ധങ്ങളും ഇതോടെ ചർച്ചയിൽ എത്തിയിരുന്നു.

ഹിഡൻബർഗ് പറഞ്ഞത് ശരിവെക്കുന്ന രേഖകൾ
സാഹചര്യ തെളിവുകളെ ബന്ധപ്പെടുത്തി കൊണ്ടുള്ള അനുമാനങ്ങളാണ് ഹിൻഡൻബെർഗ് റിപ്പോർട്ടിലുള്ളത്. എന്നാൽ, ഹിൻഡൻബെർഗ് റിപ്പോർട്ടിലെ അനുമാനങ്ങൾ ശരിവെക്കുന്ന രേഖകളാണ് ഒ.സി.സി.ആർ.പിക്ക് ലഭിച്ചത്.
2010നും 2013നും ഇടക്ക് അദാനി പവർ മഹാരാഷ്ട്രക്കും അദാനി പവർ രാജസ്ഥാനും വേണ്ടി പവർ എക്യുപ്മെന്‍റുകൾ ചൈന, കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ, എക്യുപ്മെന്‍റുകൾ മാത്രം ഇന്ത്യയിലേക്ക് വരുകയും ഇൻവോയ്സുകൾ ദുബൈയിലെ വിനോദ് അദാനിയുടെ കമ്പനിയിലേക്കാണ് അയച്ചത്. ഈ കമ്പനി പണം കൂടുതൽ കാണിച്ച് ഇന്ത്യയിലേക്ക് അയച്ചു. ഏകദേശം നാലായിരം കോടി രൂപയോളം ഇന്ത്യയിൽ നിന്ന് പുറത്തേക്ക് കടത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസിന്‍റെ (ഡി.ആർ.ഐ) കേസായിരുന്നു ഇത്.
2014 മെയ് 14ന് മോദി സർക്കാർ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഒരു ദിവസം മുമ്പ് ഈ കേസിൽ ഡി.ആർ.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ പിന്നീട് കേസിൽ അന്വേഷണം നടന്നില്ല. തുടർന്ന് ഡി.ആർ.ഐയുടെ ബന്ധപ്പെട്ട അതോറിറ്റി കേസിൽ ക്ലീൻ ചിറ്റ് നൽകി.
നാലായിരം കോടി രൂപ ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കും തുടർന്ന് മൗറീഷ്യസിലേക്കും പോയെന്നും അവിടെ നിന്ന് എവിടേക്കാണ് പണം പോയതെന്ന് അറിയില്ലെന്നുമാണ് ഡി.ആർ.ഐ അന്വേഷണത്തിൽ കണ്ടെത്തിയത്. മൗറീഷ്യസിൽ നിന്ന് പണം ആരുടെ പക്കൽ പോയെന്നാണ് ഒ.സി.സി.ആർ.പി കണ്ടെത്തിയിട്ടുള്ളത്.
മൗറീഷ്യസിൽ എത്തിയ പണത്തിൽ 100 മില്യൻ വിനോദ് അദാനി രൂപകരിച്ച രണ്ട് കമ്പനികളിൽ ഒരെണ്ണം മറ്റേ കമ്പനിക്ക് വായ്പ കൊടുത്തെന്ന് ഒ.സി.സി.ആർ.പിക്ക് ലഭിച്ച രേഖകൾ പ്രകാരം കണ്ടെത്തി. കടം കൊടുത്തതും വാങ്ങിയതുമായ രേഖകളിൽ ഒപ്പ് വെച്ചിട്ടുള്ളത് വിനോദ് അദാനി തന്നെയാണ്. ഈ 100 മില്യൻ ബർമൂഡയിലുള്ള ഗ്ലോബൽ ഓപ്പർച്യുനിറ്റി ഫണ്ടിൽ നിക്ഷേപിച്ചു. ആ ഫണ്ട് പിന്നീട് മൗറീഷ്യസിലേക്ക് തിരികെ കൊണ്ട് വന്ന് മറ്റൊരു ഫണ്ടിൽ നിക്ഷേപിച്ചു. ഈ ഫണ്ട് അദാനി കമ്പനിയുടെ ഓഹരി വാങ്ങിക്കാൻ ഉപയോഗിച്ചെന്നും മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.
അദാനിയുടെ സ്ബസിഡീയറി കമ്പനികളിൽ ഡയറക്ടറായിരുന്ന ചാങ് ചുങ് ലിങ് ആണ് ചൈനയിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്. നാസർ അലി ഷഹബാൻ അലിയും അദാനിയുടെ വ്യാപാര പങ്കാളിയാണ്. 2000-2004ലും ഇടക്ക് വജ്ര കയറ്റുമതിയിൽ തിരിമറി നടത്തി കോടികൾ സമ്പാദിച്ചെന്ന ഡി.ആർ.ഐ കേസിൽ ചാങ് ചുങ് ലിങ്ങിന്‍റെയും നാസർ അലി ഷഹബാൻ അലിയുടെയും പേരുണ്ടായിരുന്നു. എന്നാൽ ഈ കേസിലും ഇരുവർക്കും ക്ലീൻ ചിറ്റ് നൽകി.


