അസ്ഫാക് മറ്റു നിരവധി കേസുകളിലും പ്രതിയായാണ്, അതിനാല്‍ ഇത്തരം കുറ്റവാളികള്‍ വീണ്ടും കേസില്‍പെടുമ്പോള്‍ അവരെ പെട്ടെന്നു തിരിച്ചറിയാനും കണ്ടെത്താനുമുള്ള സംവിധാനം ആവശ്യമാണെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ആലുവയിലേതെന്നും അത് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞതിനാലാണ് പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സാധാരണ കാണാത്ത രീതിയിലുള്ള കുറ്റകൃത്യമാണ് നടന്നത്. ഇരയും പ്രതിയുമെല്ലാം അന്യസംസ്ഥാനത്തുനിന്നും ജോലി ചെയ്യാന്‍വന്ന ആളുകളാണ്. ഈ കേസ് ഉണ്ടായതോടെ സമ്മൂഹത്തില്‍ കുട്ടികള്‍ക്കെതിരെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാമെന്ന തിരിച്ചറിവാണ് ഉണ്ടായത്.
കേരളത്തിൽ എന്ത് സംവിധാനമാണ് നിലവിലുള്ളത്
പലപ്പോഴും ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ നിന്നും എത്തുന്ന പാവപ്പെട്ട തൊഴിലാളികളുടെ മറവിൽ കുറ്റവാളികളും കൊടും ക്രിമിനലുകളും കേരളത്തിൽ എത്തുന്നു. ഇവരെ തിരിച്ചറിയാനോ ഇവരുടെ വിവരങ്ങൾ ശേഖരിക്കാനോ ഉള്ള സംവിധാനം നിലവിലില്ല. മുപ്പത് ലക്ഷം തൊഴിലാളികൾ ഉണ്ടെന്ന് പറയുമ്പോഴും അഞ്ച ലക്ഷം പേരുടെ വിവരങ്ങൾ പോലും ഇല്ല.
തൊഴിലാളികൾ എത്തുന്നത് സ്വന്തം നിലയ്ക്കല്ല. ഏജൻ്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ഉത്തരാവദിത്തം നിയമപരമായി നിർവ്വചിക്കപ്പെട്ടിട്ടില്ല. രേഖകൾ തിരിച്ചറിഞ്ഞും ആധികാരികത പരിശോധിച്ചും മാത്രമോ സമൂഹത്തിലേക്ക് കടത്തി വിടാവൂ എന്ന നിബന്ധ ആവശ്യമായ സാഹചര്യമാണ്.
ഇതിന് നിലവിൽ സംവിധാനങ്ങൾ ഒന്നുമില്ല. പൌരസമൂഹത്തെ കൂടി ബോധവൽക്കരിക്കയും തൊഴിൽ കാർഡ് ഏർപ്പെടുത്തുകയും ചെയ്യേണ്ട സാഹചര്യമുണ്ട്. മാത്രമല്ല ഇതിൻ്റെ ആവശ്യകത തൊഴിലാളികളെ സൈറ്റിൽ എത്തിക്കുന്നവർക്ക് കൂടി ബോധ്യപ്പെടുത്തുകയും വേണം. ക്രിമിനിൽ നടപടികളിൽ ഉൾപ്പെടുന്നവർക്ക് ശിക്ഷ നൽകുന്ന പോലെ ഏജൻ്റുമാർക്കും ഇതിൽ ഉത്തരവാദിത്തം നിർവ്വചിക്കണം. എന്നാൽ ഇതിനൊന്നും ശാസ്ത്രീയമാ നടപടി ഇല്ല. ഇക്കാര്യത്തിൽ ആഴത്തിലുള്ള പഠനം തന്നെ നടത്തി നടപടി വേണ്ട സാഹചര്യമാണ്.
ആറുമണിക്കൂറിനകം പ്രതി പിടിയിൽ
പ്രതിയെ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഏതാണ്ട് ആറു മണിക്കൂറിനുള്ളില്‍ പിടികൂടാനായി. ഇല്ലെങ്കില്‍ പ്രതിയെ പിടികൂടാന്‍ കഴിയുമായിരുന്നില്ല. പ്രതിയെ പിടികൂടാന്‍ ഏറ്റവും അധികം സഹായിച്ചത് അവിടെയുള്ള നാട്ടുകാരാണ്’ – അജിത് കുമാര്‍
ഡല്‍ഹി, പശ്ചിമ ബംഗാള്‍, ബിഹാര്‍, യുപി എന്നിവിടങ്ങളില്‍ പോയി അവിടത്തെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ശാസ്ത്രീയമായ എല്ലാ തെളിവുകള്‍ ശേഖരിച്ചിരുന്നു. പോക്‌സോ കേസുകളില്‍ എങ്ങനെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതുപോലെ വളരെ കൃത്യമായി, അധിക സമയമിരുന്നാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. ഇത് നീതിന്യായ വ്യവസ്ഥയുടെ ശക്തിയാണ് കാണിക്കുന്നത്. 30 ദിവസത്തിനുള്ളില്‍ കേസ് അന്വേഷിച്ചു, 60-ാം ദിവസം വിചാരണ പൂര്‍ത്തിയാക്കി. 100-ാം ദിവസം വിധി പറഞ്ഞു. 110-ാം ദിവസം ശിക്ഷ വിധിച്ചെന്നും അജിത് കുമാര്‍ പറഞ്ഞു.
ഗ്രാമസഭ ചേർന്ന് നാടുകടത്തിയ ക്രിമിനൽ ഒരു പരിശോധനയുമില്ലാതെ കഴിഞ്ഞത് കേരളത്തിൽ

കേസ് അന്വേഷണത്തിൽ ഏറ്റവും മികച്ചതാണ് കേരള പൊലീസ്. പക്ഷെ ഉത്തരേന്ത്യയിൽ നിന്നും എത്തുന്ന ക്രിമിനലുകൾ സംസ്ഥാനത്തെ ഒളിത്താവളമാക്കുന്ന സാഹചര്യം ഭീതിതമായി തീരും. കേരളത്തില്‍ എത്തുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന അസ്ഫാക്കിനെതിരേ ഡല്‍ഹി ഖാസിപുര്‍ പോലീസില്‍ പോക്‌സോ കേസ് നിലവിലുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ കേരളത്തില്‍ എത്തിയത്.
അസ്ഫാക് ആലത്തെ നേരത്തെ വീട്ടില്‍നിന്ന് പുറത്താക്കിയതാണെന്നാണ് ബന്ധുക്കള്‍ പോലീസ് സംഘത്തോട് പറഞ്ഞിരുന്നത്. സ്ഥിരംമദ്യപാനിയായിരുന്ന ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് ഇത് ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ മൊഴി. നേപ്പാളില്‍നിന്ന് മദ്യം കടത്തിക്കൊണ്ടുവന്നാണ് അസ്ഫാക് കുടിച്ചിരുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അക്രമസ്വഭാവം കാണിക്കും. ഇതോടെ ഗ്രാമസഭ കൂടിയാണ് വീട്ടില്‍നിന്ന് പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
018-ലാണ് അസ്ഫാക് ആലം ഡല്‍ഹിയിലെ പോക്‌സോ കേസില്‍ അറസ്റ്റിലായത്. ഖാസിപൂരിലെ മത്സ്യമാര്‍ക്കറ്റിനോട് ചേര്‍ന്ന് തെര്‍മോക്കോള്‍ ബോക്‌സ് നിര്‍മിക്കുന്ന കമ്പനിയിലായിരുന്നു ഇയാളുടെ ജോലി. ഇതിനിടെയാണ് പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോലീസിന്റെ പിടിയിലായത്.
പ്രതിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായി പത്തുവയസ്സുകാരി ആദ്യം കുളിമുറിയില്‍ കയറി ഒളിച്ചിരുന്നു. എന്നാല്‍, പിന്തുടര്‍ന്നെത്തിയ അസ്ഫാക് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രതിയുടെ കൈത്തണ്ടയില്‍ കടിച്ചാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. കുട്ടിയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ വിവരമറിഞ്ഞത്. വൈകാതെ പോക്‌സോ കേസില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഒരുമാസത്തോളമാണ് അസ്ഫാക് ആലം റിമാന്‍ഡില്‍ കഴിഞ്ഞത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി ഒരുവര്‍ഷത്തോളം ഡല്‍ഹിയില്‍ ജോലിതുടര്‍ന്നു. ഇതിനുശേഷം ബിഹാറിലേക്ക് മടങ്ങിയ അസ്ഫാക്, പിന്നാലെ കേരളത്തിലേക്ക് എത്തി. ഈ പ്രതിയെ വീണ്ടും സമൂഹത്തിലേക്ക് വിട്ടാല്‍ അത് ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കും ഭീഷണിയാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. ആ ഭീഷണി നീങ്ങേണ്ടതുണ്ട്.


