പൂര്‍ണ വൃത്താകൃതിയിൽ തെളിയുന്ന സൂര്യൻ്റെ അള്‍ട്രാവയലറ്റ് ഡിസ്ക് ചിത്രങ്ങള്‍ പകര്‍ത്തി ഇന്ത്യയുടെ ആദിത്യ എല്‍-1. സൂര്യൻ്റെ 200 മുതല്‍ 400 nm വരെ തരംഗദൈര്‍ഘ്യമുള്ള ആദ്യത്തെ പൂര്‍ണ വൃത്ത ചിത്രമാണ് സാധ്യമാക്കിയത്. സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (സ്യൂട്ട്) പേലോഡ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ ഒരുക്കിയത്.
സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും വിശദാംശങ്ങള്‍ വ്യക്തമാക്കുന്നതാണ് ചിത്രമെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
സ്യൂട്ട് അടക്കം ഏഴ് പേലോഡുകളാണ് ആദിത്യ എല്‍-1 ലുള്ളത്. സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റേയും അള്‍ട്രാ വയലറ്റ് ചിത്രം പകര്‍ത്തുന്നതിന് വേണ്ടിയാണ് സ്യൂട്ട് ഉപയോഗിക്കുന്നത്. പുറത്തുവിടുന്ന പ്രകാശോര്‍ജ്ജത്തിലെ മാറ്റങ്ങള്‍ പഠിക്കുന്നതിന് വേണ്ടിയാണിത്.
ഇതിന് മുമ്പ് സോളാര്‍ വിന്‍ഡ് അയണ്‍ സ്‌പെക്ട്രോമീറ്റര്‍ (സ്വിസ്), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പിരിമെന്റ് (അസ്‌പെക്‌സ്) എന്നിവ ഡിസംബര്‍ ആറിന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കഴിഞ്ഞമാസം, ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ സൗരജ്വാലകളുടെ ഹൈ എനര്‍ജി എക്‌സ് റേ ചിത്രം പകര്‍ത്തിയിരുന്നു.
സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ-എല്‍1 വിക്ഷേപിച്ചത്. വിശദ വിവരങ്ങൾ ഈ ലിങ്കിൽ https://isro.gov.in/Aditya_L1_SUIT.html…