തിരുവനന്തപുരം> ഗൾഫ് നാടുകളിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ അഞ്ച് ഇരട്ടിവരെ വർധനവ്. വേനൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നവരെ ലക്ഷ്യം വെച്ചാണ് ചൂഷണം. യാത്രക്കാർ വർധിക്കുന്ന സീസണിൽ വിമാനക്കമ്പനികൾ നടത്തുന്ന തുടർച്ചയായുള്ള ചൂഷണം പാർലമെന്റിൽ വരെ ഉന്നയിക്കപ്പെട്ടു എങ്കിലും ഇടപെടാൻ കഴിയില്ലെന്ന നിപലാടിലാണ് കേന്ദ്ര സർക്കാർ. നിരക്ക് നിശ്ചയിക്കുന്നത് വിമാനക്കമ്പനികൾക്ക് സ്വതന്ത്രാധികാരങ്ങൾ ഉണ്ടെന്ന നിലപാടിലാണ് ഒഴിഞ്ഞു മാറൽ.
മധ്യവേനൽ അവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിനാണ് ഗൾഫ് നാടുകളിൽ സ്കൂളുകൾ തുറക്കുക. ഓണം സീസൺ കണക്കിലെടുത്ത് സെപ്‌റ്റംബറിൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും വർധിപ്പിക്കുന്നത് പതിവാണ്. ക്രിസ്മസ്, പുതുവർഷ സീസണുകളിലും ഈദ് ബക്രീദ് ഉത്സവ വേളകളിലും ചൂഷണം തുടർക്കഥയാണ്. ആവശ്യം കൂടുന്നതിനനുസരിച്ച് ടിക്കറ്റിന്റെ വില കൂടുന്ന രീതി (ഡൈനാമിക് പ്രൈസിങ്) ആണ് നിലവിലുള്ളതെന്നും യാത്രയ്ക്ക് നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നുമാണ് കേന്ദ്രമന്ത്രിമാർ വിശദീകരിക്കുന്നത്. എന്നാൽ, മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്താലും ഇരട്ടിയിലേറെ തുക നൽകേണ്ടിവരുന്നതാണ് യാത്രക്കാരുടെ അനുഭവം.
നിലവിൽ കരിപ്പൂരിൽ നിന്നാണ് ഗൾഫ് നാടുകളിലേക്ക് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത്. താരതമ്യേന കുറഞ്ഞ നിരക്ക് കണ്ണൂരിൽ നിന്നുള്ള വിമാനങ്ങൾക്കാണ്.
കരിപ്പൂർ – ഖത്തർ 40,200, നെടുമ്പാശേരി – ഖത്തർ 39,000, തിരുവനന്തപുരം – ഖത്തർ 38,100, കണ്ണൂർ – ഖത്തർ 37,000, കരിപ്പൂർ – സൗദി 44,000, നെടുമ്പാശേരി – സൗദി 41,200 തിരുവനന്തപുരം – സൗദി 41,420, കണ്ണൂർ – സൗദി 41,240, കരിപ്പൂർ – കുവൈറ്റ് 38,430, നെടുമ്പാശേരി – കുവൈറ്റ് 36,230, തിരുവനന്തപുരം – കുവൈറ്റ് 36,000 എന്നിങ്ങനെയാണ് നിരക്ക്. ഇത് ഓരോ മണിക്കൂറിലും വർധിക്കുന്ന സാഹചര്യവുമാണ്. ഓഗസ്റ്റ് അവസാനം മുതൽ ബുക്കു ചെയ്യുന്ന ടിക്കറ്റുകൾക്കാണ് കൂടുതൽ നിരക്ക്. പരമാവധി 15000 രൂപവരെയായിരുന്ന ടിക്കറ്റിനാണ് അഞ്ച് ഇരട്ടിവരെ നൽകേണ്ടി വരുന്നത്.