കവിതകൾ – അജയഘോഷ് മാന്താനം
ജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക് വഴുതിവീഴുകയായിരുന്നു.
അക്ഷരത്തെറ്റുകൾ മാത്രമാണ് എഴുതി ശീലിച്ചത്.
ഞാൻ എഴുതിയതാണോ എന്ന് എനിക്കറിയില്ല. കവിതയ്ക്ക് ഒരിടം കണ്ടെത്തി എഴുതിയിട്ടുമില്ല.
ജീവിതമെന്ന പടയിലും പന്തയിലും കവിത എന്നിൽവന്ന് ഭവിക്കുകയായിരുന്നു.
വാക്കുകൾ ചോർന്നുപോകാതെ ചേർത്ത് എഴുതുക മാത്രമേ ചെയ്തിട്ടുള്ളൂ.
കവിത കിനിഞ്ഞ നാളുകളിൽ വരിതിരുത്തി എന്റെ ഒപ്പം നിന്ന എന്റെ നല്ല പാതിയും പൊലിഞ്ഞു പോയി.
ജീവിതം എന്തിന് എന്ന് ചിന്തിച്ചിടത്തുനിന്ന് കവിതയാണ് എന്നെ സ്നേഹവിരലുകൾ കൊണ്ട് ചേർത്തുപിടിച്ചത്.
കവിതയുടെ തടവറയിൽ ആജീവനാന്തകാലം കഴിയാൻ വിധിക്കപ്പെടുകയായിരുന്നു. കവിതകൾക്കും അക്ഷരങ്ങൾക്കും മരണമില്ലാത്തിടത്തോളം കാലം ഈ തടവറയിൽ ഞാൻ കഴിഞ്ഞു കൊള്ളാം…
അക്ഷരങ്ങൾ പകർന്നു തന്ന എന്റെ ഭഗവൽ പാദത്തിൽ ശിരസു നമിച്ചു ഋതുഭേദങ്ങൾക്കപ്പുറം എന്ന കവിതാസമാഹാരം
ഏറെ പ്രിയപ്പെട്ടവരുടെ കൈകളിലേക്ക് സമർപ്പിക്കുന്നു.
സ്വീകരിച്ചനുഗ്രഹിക്കണം…
മെലോണിയുടെ ഉറക്കം; ചെരവാന്റെയും, അലോഷിയുടെ രഹസ്യങ്ങള്‍, നിയോഗിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ, നോവല്‍ കോട്ട, അനന്തരം അമല്‍, ചെകുത്താന്‍ കുന്ന്, സര്‍വ്വാധിപന്റെ അഭിലാഷങ്ങള്‍, അന്താരാഷ്ട്ര പ്രണയമീമാംസ, ഖജുരാഹോയ്ക്ക് ടൂര്‍ പോയ യഹൂദ ദൈവം, ഒറ്റ നക്ഷത്രത്തിന്റെ ഉപരിതലം, പെരുന്നാളുച്ച, ആനന്ദ് പീറ്ററിന്റെ മരണം – ചില നോവല്‍ സാധ്യതകള്‍… എന്നിങ്ങനെ 12 കഥകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കു

കവിതകൾക്കപ്പുറം
– എം.ആര്‍. രേണുകുമാര്‍ –
ഇതര സാഹിത്യരൂപങ്ങളില്‍നിന്ന് വിഭിന്നമായി എഴുതുമ്പോള്‍ എഴുതുന്നവരുമായും വായിക്കുമ്പോള്‍ വായിക്കുന്നവരുമായും ആത്മബന്ധം പുലര്‍ത്തുന്ന സാഹിത്യരൂപമാണ് കവിത. കവിത പലര്‍ക്കും വാതിലാണ്, വീടാണ്, മുറിയാണ്, അഭയമാണ്, കൂട്ടാണ്, കൂടെപ്പിറപ്പാണ്, പ്രണയമാണ്. ജീവിതത്തിന്റെ/പ്രണയത്തിന്റെ/പ്രതിസന്ധിയുടെ/സങ്കീര്‍ണതകളുടെ ഏത് ഉത്തുംഗതയിലും അഗാധതയിലും അത് തോളിൽ കൈയിട്ട് കൂടെവരുന്നു. അരയില്‍ കൈചുറ്റി ചേര്‍ത്തുപിടിക്കുന്നു. സന്തോഷങ്ങളില്‍ അപ്പൂപ്പന്‍താടികള്‍ പറത്തുന്നു. സങ്കടങ്ങളില്‍ വയലിനാകുന്നു. വെയിലത്തും മഴയത്തും അത് മരച്ചില്ലയാകുന്നു. മഞ്ഞുകാലത്ത് നെരിപ്പോടായും, മരുഭൂമിയില്‍ നീരുറവയായും, കൂരിരുട്ടില്‍ മിന്നാമിന്നിയായും അത് കൂടുവിട്ട് കൂടുമാറുന്നു. ജീവിതം തീപെട്ടാലും ചിത കെട്ടടങ്ങിയാലും പിന്നെയും കുറേനേരം അതവിടെ ചുറ്റിപ്പറ്റി നില്‍ക്കും. എന്തുകൊണ്ടോ കവിത അങ്ങനെയാണ്.
ആരുമില്ലാത്തവര്‍ക്ക്
ദൈവമുണ്ടെന്ന്
പറയാറുണ്ട്.
പക്ഷേ
അവിശ്വാസികള്‍
എന്തുചെയ്യും.
അവര്‍ക്ക്
കവിതയുണ്ടെന്ന്
പറയേണ്ടിവരും,
ദൈവം ചതിച്ചാലും
കവിത ചതിക്കില്ലെന്നും.
ഞാനൊരു കവിതയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. തന്നെക്കൊണ്ട് ആവുന്നവിധം കവിതകൊണ്ടും പ്രണയം കൊണ്ടും ജീവിതത്തെ അണച്ചുപിടിക്കുന്ന അജയഘോഷ് മാന്താനത്തിന്റെ ‘ഋതുഭേദങ്ങള്‍ക്കപ്പുറം’ എന്ന സമാഹാരത്തിലെ കവിതകളിലൂടെ കടന്നുപോയപ്പോള്‍ എന്റെ മനസ്സില്‍ കൊളുത്തിയ വിചാരങ്ങളില്‍ അല്‍പ്പമാണ് മുകളില്‍ ചേര്‍ത്തത്. ഇതിനോട് ചേര്‍ന്നുനില്‍ക്കുന്ന കുറച്ചുകാര്യ
ങ്ങള്‍ കൂടി സൂചിപ്പിക്കാം.
തന്റെ കവിസ്വത്വത്തെക്കുറിച്ചുള്ള സന്ദിഗ്‌ദ്ധതകള്‍ മറികടന്നും
നിലനിര്‍ത്തിയും തുടരുന്ന, അഥവാ തുഴഞ്ഞും തുഴയാതിരുന്നും കരുണയില്ലാത്ത ജീവിതത്തിരകളെ മറികടക്കാന്‍ ശ്രമിക്കുന്ന, ഒരാളെ ഈ സമാഹാരത്തിലെ പല കവിതകളിലും കാണാം; പ്രത്യേകിച്ചും പ്രണയകവിതകളില്‍. ചില ഉദാഹരണങ്ങള്‍ കാണുക.
‘വറുതിയുടെ
കാലത്ത് കരളില്‍
അനുരാഗത്തിന്റെ
മഴ പൊഴിച്ചവളെ’(നിന്റെ ഓര്‍മ്മകള്‍ക്ക്)
‘ഞാനെന്ന
വറുതിയില്‍ പെയ്ത
പ്രണയമഴയാണ് നീ’(നമ്മള്‍)
‘കടലിനേക്കാള്‍
ആഴമുണ്ട്
ജിവിതത്തിന്’(അരികിനേക്കാള്‍ അരികില്‍)
സമാനങ്ങളില്ലാത്ത വറുതിയുടെ കാലത്തെ അഭിമുഖീകരിക്കാന്‍ കവി പ്രണയമാണ് ഉപയുക്തമാക്കുന്നത്. പ്രണയത്തിന്റെ ഹൃദയമാണ് ചുണ്ടുകള്‍. അതില്‍ വിരിയും പൂക്കളാണ് ഉമ്മകള്‍. ‘കരുതല്‍’ എന്ന കവിതയില്‍ കവി ഇങ്ങനെ എഴുതുന്നു.
‘നമുക്ക്
ഉമ്മകളുടെ
ഒരു ചെടി നടണം
എന്നിട്ട് അതില്‍
വിരിയുന്ന
പിണക്കങ്ങളും
പരാതികളുമാകണം.
‘ചുംബന’മെന്ന കവിതയില്‍ കവിയുടെ കവിളുകള്‍ ഇണയുടെ ചുംബനത്താല്‍ ചുട്ടുപൊള്ളുന്നു. ‘തണലെ’ന്ന കവിതയില്‍ അത് ചാരമായ് കെട്ടടങ്ങുകയും ചെയ്യുന്നു.
‘ചുണ്ടുകളില്‍ പൂത്ത
എത്രയെത്ര ഉന്മാദങ്ങള്‍
ഉടലില്‍ എരിഞ്ഞ്
വെണ്ണീറാകുന്നു.
കണ്ണില്‍ പൂത്ത
എത്രയെത്ര സ്വപ്നങ്ങള്‍
കരിഞ്ഞില്ലാതെയാകുന്നു’
‘കരുതലെ’ന്ന കവിതയിലെ ‘വീടില്ലാത്തവന്‍ വീടിന് പേരിട്ടതുപോലെ നമുക്കും’ എന്നവരികള്‍ വായനയെ ആര്‍ദ്രമാക്കും.
‘പ്രിയപ്പെട്ടവളോട്’ എന്ന കവിതയിലെ
‘സഖീ നമുക്ക്
ഈ തെളിനീറ്റില്‍
ഇണകളായി നീന്തുന്ന
മത്സ്യങ്ങളെ കാണാം’
എന്ന വരികളും മനസ്സില്‍ മഴമേഘം വിതുമ്പി നില്‍ക്കും. കവിതയിലൂടെ ജീവിതത്തെ/പ്രണയത്തെ/പോയകാലത്തെ ഓര്‍ത്തടുക്കാന്‍ ശ്രമിക്കുന്ന, തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന, അടയാളപ്പെടുത്താന്‍ശ്രമിക്കുന്ന അജയഘോഷിനും അദ്ദേഹത്തിന്റെ സമാഹാരത്തിനും എല്ലാവിധ ആശംസകളും നേരുന്നു.



