തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന ക്രിസ്റ്റിൽ രാജാണ് പിടിയിലായത്.
ജനല്‍ വഴി കൈയിട്ട് താക്കോല്‍ കൈക്കലാക്കിയാണ് പ്രതി വാതില്‍തുറന്നത്. എട്ടു വയസ്സുകാരിയും രണ്ട് സഹോദരങ്ങളും ഹാളില്‍ കിടക്കുകയായിരുന്നു. ഇളയകുട്ടിയും അമ്മയും മുറിയിലാണ് കിടന്നിരുന്നത്. അമ്മയുടെ മുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷമാണ് കുട്ടിയെ പുറത്ത് നിന്ന് വാതിൽ പൂട്ടിയ ശേഷം എടുത്ത് കൊണ്ടു പോയത്.
സംഭവദിവസം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ പാറശ്ശാല ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റിലാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു.
ഇയാള്‍ 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയതാണെന്നും രാത്രി മാത്രമാണ് ഇയാള്‍ വീടിന് പുറത്തിറങ്ങാറുള്ളതെന്നും ഇയാളുടെ സമീപവാസികള്‍ പറഞ്ഞു. മകന്‍ ഒന്നര വര്‍ഷം മുന്‍പ് ആലുവയിലേക്ക് പോയതാണെന്ന് ക്രിസ്റ്റിലിന്റെ അമ്മ പറഞ്ഞത്.
ജനങ്ങളുടെ ജാഗ്രത തുണയായി
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആലുവ ചാത്തന്‍പുറത്തെ വീട്ടില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവസമയത്ത് അമ്മയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന്‍ കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. പുലര്‍ച്ചെ 2.15-ഓടെ വീട്ടില്‍ക്കയറി ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെയും എടുത്ത് പ്രതി കടന്നുകളയുകയായിരുന്നു. കുട്ടിയുമായി പോകുന്നതിനിടെ കരച്ചിലും ശബ്ദവും കേട്ട സമീപവാസിയാണ് സംഭവം ആദ്യം അറിഞ്ഞത്. ഇദ്ദേഹം വീടിന് പുറത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കുട്ടിയുമായി നടന്നുപോകുന്നതും കുട്ടിയെ മര്‍ദിക്കുന്നതും കണ്ടു. ഇതോടെ മറ്റുഅയല്‍ക്കാരെ വിവരമറിയിക്കുകയും തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. ഇതാണ് കുട്ടിയെ രക്ഷപെടുത്താൻ സാധ്യമാക്കിയത്.
പുഴക്കരയിൽ ഒളിച്ചിരുന്നു, നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി

പോലീസിനെ കണ്ടതോടെ പുഴയില്‍ ചാടിയ പ്രതിയെ പിന്നാലെ ചാടിയ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.
കുട്ടിയെ പീഡിപ്പിച്ചശേഷം രക്ഷപ്പെട്ട ക്രിസ്റ്റില്‍രാജ് ആലുവ പാലത്തിന് താഴെയുള്ള കുറ്റിക്കാട്ടിലാണ് ഒളിച്ചിരുന്നത്. പാലത്തിന് തൂണിനോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇയാളെ സമീപത്തെ ഹോട്ടലിലെ ജീവനക്കാരാണ് ശ്രദ്ധിച്ചത്. ഇതോടെ ഇവര്‍ പോലീസിനെ വിവരം അറിയിച്ചു. ഒളിച്ചിരിക്കുന്നത് നടുക്കമുണ്ടാക്കിയ കേസിലെ പ്രതിയാണോ എന്ന് സംശയിച്ച പോലീസ് സംഘം ഉടന്‍തന്നെ സ്ഥലത്തെത്തുകയും പ്രദേശം വളയുകയും ചെയ്തു. ഇതോടെയാണ് ക്രിസ്റ്റില്‍ രാജ് കാട്ടില്‍നിന്ന് പുഴയിലേക്ക് ചാടിയത്.
എന്നാല്‍, നീന്തല്‍ അറിയാത്തതിനാല്‍ പുഴയില്‍ചാടി രക്ഷപ്പെടാനുള്ള നീക്കം പാളി. ഏതാനുംദൂരം പുഴയിലൂടെ നടന്നുപോയ ഇയാളെ പിന്നാലെയെത്തിയ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. കരയ്‌ക്കെത്തിച്ചതിന് പിന്നാലെ പ്രതിക്ക് നേരേ നാട്ടുകാരുടെ കൈയേറ്റശ്രമവും ഉണ്ടായി.
പ്രദേശത്തുനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്ത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിയെക്കുറിച്ച് ചില സൂചനകള്‍ പോലീസിന് ലഭിച്ചു. ഇതിനിടെയാണ് ആലുവയിലെ പാലത്തിന് സമീപം പ്രതിയെ കണ്ടതായി വിവരം കിട്ടിയത്.
ഒട്ടേറെ മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. പകല്‍മുഴുവന്‍ വീട്ടില്‍ തങ്ങുന്ന ഇയാള്‍ രാത്രിസമയത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളതെന്ന് ഇയാളുടെ സമീപവാസികളും പറയുന്നു.