ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആലം (28) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി നവംബര്‍ ഒന്‍പതിന് വീണ്ടും വാദം കേള്‍ക്കും.
അന്നുതന്നെ ഉത്തരേന്ത്യയിൽ നിന്നുള്ള ഈ കൊടും ക്രിമിനലിനുള്ള ശിക്ഷയും വിധിച്ചേക്കും. കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങി പ്രതിക്കെതിരേ പോലീസ് ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി പറഞ്ഞു.
മനസാക്ഷി മരവിച്ച കുറ്റ കൃത്യം,
ജൂലായ് 28 വെള്ളി വൈകീട്ട് 3.00-അവധി ദിവസമായതിനാല്‍ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരി ബിഹാറി ബാലികയെ പ്രതി അസ്ഫാക് ആലം ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുന്നു.
3.05-ചൂര്‍ണിക്കരയില്‍ സമീപത്തെ കടയില്‍നിന്ന് പത്ത് രൂപയുടെ ജ്യൂസ് വാങ്ങി നല്‍കിയ ശേഷം കുട്ടിയുമായി പ്രതി കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി ആലുവയിലേക്ക്
3.30-ആലുവ സീമാസിന് മുന്‍പില്‍ ബസിറങ്ങിയ പ്രതി കുട്ടിയുമായി മാര്‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് നടക്കുന്നു
3.40-കുട്ടിയുമായി ഒഴിഞ്ഞ ഭാഗത്തേക്ക് പോകുന്നത് കണ്ട ചുമട്ടുതൊഴിലാളി പ്രതിയെ ചോദ്യം ചെയ്യുന്നു
3.45-കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് ബന്ധുക്കള്‍ അന്വേഷണം തുടങ്ങി. പോലീസില്‍ പരാതി നല്‍കി.
5.00- പോലീസ് കുട്ടിയുടെ വീട്ടിലെത്തി, സമീപത്തെ സി.സി.ടി.വി. ക്യാമറകളില്‍ പരിശോധന ആരംഭിച്ചു.
5.30-കൃത്യം നടത്തിയ ശേഷം മൃതദേഹം പെരിയാറിന് തീരത്ത് ഒളിപ്പിച്ച പ്രതി തിരികെ ആലുവ നഗരത്തിലേക്ക്
രാത്രി 9.00- പ്രതിയെ പോലീസ് തിരിച്ചറിയുന്നു. മദ്യലഹരിയിലായിരുന്ന അസ്ഫാക്ക് ആലത്തിനെ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് പിടികൂടുന്നു
* ജൂലായ് 29 ശനി
രാവിലെ 11.00- പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മൃതദേഹം ഒളിപ്പിച്ച സ്ഥലം കണ്ടെത്തുന്നു. ആലുവ മാര്‍ക്കറ്റിനു പുറകില്‍ പുഴയോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നു
2.00- പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി എറണാകുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടവും പൂര്‍ത്തിയാക്കി ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നു.
* ജൂലായ് 30
ഞായര്‍ ഉച്ചയ്ക്ക് 12.00- പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കീഴ്മാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു
* ജൂലായ് 31 തിങ്കള്‍
രാത്രി 9.00- അസ്ഫാക് ആലം ഡല്‍ഹിയിലും പോക്സോ കേസില്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി
* ഓഗസ്റ്റ് ഒന്ന് ചൊവ്വ
രാവിലെ 11.00- തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞു
3.00 -അസ്ഫാക് ആലം പത്തുദിവസം പോലീസ് കസ്റ്റഡിയില്‍
* ഓഗസ്റ്റ് മൂന്ന് വ്യാഴം
രാവിലെ 10.00-കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിന്റെ ഉത്തരവ് കൈമാറി
3.40 -പ്രതിയുമായി ആലുവ മാര്‍ക്കറ്റ് പരിസരത്ത് പോലീസ് തെളിവെടുത്തു
* ഓഗസ്റ്റ് നാല് വെള്ളി
രാവിലെ 11.00- ആലുവ മാര്‍ക്കറ്റില്‍ പോലീസ് ശാസ്ത്രീയ പരിശോധന.
* ഓഗസ്റ്റ് അഞ്ച് ശനി
വൈകീട്ട് 5.00-അന്വേഷണ സംഘം അസ്ഫാക്കിന്റെ വിവരങ്ങള്‍ തേടി ഡല്‍ഹിയിലേക്കും ബിഹാറിലേക്കും തിരിച്ചു
* ഓഗസ്റ്റ് ആറ് ഞായര്‍
ഉച്ചയ്ക്ക് 12.00-പ്രതിയുമായി കുട്ടിയുടെ വീട്ടിലും ആലുവ മാര്‍ക്കറ്റിലുമെത്തിച്ച് തെളിവെടുപ്പ്. വൈകാരികമായി പ്രതികരിച്ച് കുടുംബവും നാട്ടുകാരും
* ഓഗസ്റ്റ് 10 വ്യാഴം
ഉച്ചയ്ക്ക് 12.00-കസ്റ്റഡി കാലാവധി പൂര്‍ത്തിയായി പ്രതിയെ കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു.
* സെപ്റ്റംബര്‍ ഒന്ന് വെള്ളി
രാവിലെ 11.00-കൊലപാതകം നടന്ന് 35-ാം ദിവസം പോലീസ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ 645 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു.
*ഒക്ടോബര്‍ നാല് ബുധന്‍
രാവിലെ 11.00-കോടതിയില്‍ വിചാരണ ആരംഭിച്ചു. പ്രതിക്കെതിരേ 16 കുറ്റങ്ങള്‍ ചുമത്തി
*നവംബര്‍ നാല് ശനി
രാവിലെ 11.00-അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ നവംബര്‍ ഒന്‍പതിന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.


