ആലുവയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ

ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിന് വധശിക്ഷ. ശിശുദിനത്തില്‍ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്.

കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് തൂക്കുകയര്‍ വിധിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ച് ജീവപര്യന്തവും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവപര്യന്തം ജീവിതാവസാനം വരെ തടവാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികദിനത്തിലാണ് ആലുവ കേസിന്റെ ശിക്ഷാവിധി

അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ കോടതി അസ്ഫാക് ആലത്തിനോട് ചോദിച്ചിരുന്നു. നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു അസ്ഫാക് ആലം മറുപടി നല്‍കിയത്.

 വധശിക്ഷ നല്‍കരുത്, പ്രായം പരിഗണിക്കണം. മനഃപരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്നും പ്രതി ആവശ്യപ്പെട്ടു. അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇയാളെ വീണ്ടും സമൂഹത്തിലേക്ക് വിട്ടാല്‍ അത് ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കും ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കഴിഞ്ഞ വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞത്.

കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങി പ്രതിക്കെതിരേ പോലീസ് ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്ന് നവംബര്‍ നാലിന് കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ശിക്ഷാവിധിക്ക് മുന്‍പായി പ്രതിയുടെ മാനസികനില കൂടി പരിശോധിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയുടെ മാനസികാവസ്ഥ, ജയിലിലെ പെരുമാറ്റം, സാമൂഹിക പശ്ചാത്തലം, പെണ്‍കുട്ടിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് പ്രതിയുടെ ഭാഗവും കേട്ട ശേഷമാണ് ശിക്ഷ വിധിച്ചത്.

ജൂലായ് 28-ന് മൂന്നിനാണ് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍നിന്ന് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടു പോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തി. കല്ലുകൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് താഴ്ത്തിയത്. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ അന്നു രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...